നിപ: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു
സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടി (14) മരിച്ചു. ഇന്ന് രാവിലെ 11.30 തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. നിപ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സംസ്കാരച്ചടങ്ങളുകൾ നടത്തുക.ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് നിപയെന്ന സംശയം ആരോഗ്യപ്രവർത്തകർക്ക് ഉണ്ടാകുന്നതും ശ്രവം പരിശോധനയ്ക്ക് അയച്ചതും. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേർക്ക് ഇപ്പോൾ രോഗ ലക്ഷണമുണ്ടെന്നും ഇവരുടെ സ്രവം പരിശോധനക്ക് അയച്ചുവെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കേരളത്തിൽ അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. ഇതുവരെ 22 പേരാണ് സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ചത്.
നിപ ബാധിച്ച കുട്ടി 3 ആശുപത്രികളിൽ ചികിത്സ തേടി, 214 പേര് നിരീക്ഷണത്തിൽ, 2 പഞ്ചായത്തുകളിൽ നിയന്ത്രണം.
ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി. മലപ്പുറം ജില്ലയിലുള്ളവർ എല്ലാവരും മാസ്ക്ക് ധരിക്കണം. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാൻ പാടുളളു. മദ്രസ, ട്യൂഷൻ സെൻ്റർ നാളെ പ്രവർത്തിക്കരുത്. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്ക് ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു. നിലവിൽ 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരിൽ 60 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവര്‍ ക്വാറൻ്റീനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റീനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ കുട്ടിക്ക് പനിബാധയുളളതിനാൽ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
ജൂലൈ 10 നാണ് പാണ്ടിക്കാട് സ്വദേശിയായ 14 കാരന് പനി ബാധിച്ചത്. 12 ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. ഭേദമാകാതിരുന്നതോടെ 13 ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15 ന് ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്.