Rabies Vaccine Available

ജില്ലയിൽ റാബീസ് വാക്‌സിന്‍ സ്റ്റോക്കുണ്ട്

പേവിഷബാധക്കെതിരെയുള്ള റാബീസ് വാക്‌സിന്‍ ജില്ലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍,താലൂക്ക് ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ആവശ്യമായ സ്റ്റോക്കുണ്ട്. ഇവിടങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും.

ആന്റി റാബീസ് സിറമായ ഇമ്മ്യൂണോ ഗ്ലോബുലിന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ , ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്ന് സൗജന്യമായി ലഭിക്കും. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ മരണം ഉറപ്പായ അതിഭീകരമായ പകര്‍ച്ച വ്യാധിയാണ് പേവിഷബാധ അഥവാ റാബീസ്.

അതുകൊണ്ട് പേ വിഷബാധക്കെതിരെ എല്ലാവരും അതീവ കരുതലും ജാഗ്രതയും പുലര്‍ത്തുകയും അടിയന്തര ചികിത്സ ഉപ്പാക്കുകയും വേണം . വളര്‍ത്തു മൃഗങ്ങള്‍ ഉള്‍പ്പടെ വൈറസ് ബാധിച്ച നായ, പൂച്ച, കുറുക്കന്‍, ചെന്നായ, കീരി, മറ്റു വന്യമൃഗങ്ങള്‍ തുടങ്ങിയവയുടെ കടിയോ മാന്തലോ ഏൽക്കുമ്പോഴോ അവയുടെ ഉമിനീര്‍ ശരീരത്തിലെ മുറിവുകളില്‍ പുരളുകയോ ചെയ്യുമ്പോഴോ ആണ് റാബീസ് മനുഷ്യ ശരീരത്തില്‍ കയറിക്കൂടുന്നത്. നാഡീ വ്യൂഹത്തെയും മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിക്കാന്‍ ഇടയുള്ള റാബീസ് വൈറസുകളെ അടിയന്തര ചികിത്സയും കൃത്യമായ ഇടവേളകളിലുള്ള പ്രതിരോധ കുത്തി വെപ്പുകളും വഴി പ്രതിരോധിക്കാനും മരണം സംഭവിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കാനും സാധിക്കും.

പേവിഷബാധയുള്ള മൃഗങ്ങളുടെ ഉമിനീര്‍ഗ്രന്ഥികളിലും ഉമിനീരിലുമാണ് വൈറസ് ഉണ്ടാകുക. കടിക്കുകയോ അവയുടെ ഉമിനീര്‍ പുരണ്ട നഖം കൊണ്ട് മാന്തുകയോ മുറിവിലോ ശരീരത്തിലേറ്റ ചെറുപോറലുകളിലോ വായിലെയോ കണ്ണിലേയോ ശ്ലേഷ്മസ്തരങ്ങളിലോ ഉമിനീര്‍ പുരളുകയോ ചെയ്യുമ്പോള്‍ വൈറസ് നമ്മുടെ ശരീരത്തിലെത്തുന്നു. വൈറസ് ശരീരത്തില്‍ എത്തി രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത് വരെയുള്ള ഇടവേള ഒരാഴ്ച മുതല്‍ മൂന്ന് മാസം വരെ നീണ്ടേക്കാം. ഒരു പക്ഷേ ഒരു വര്‍ഷം വരെയും അതിലധികവും നീളാം. അതിനാല്‍ കടിയേറ്റ ഉടനെയുള്ള പ്രഥമശുശ്രൂഷയും രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നതിന് മുമ്പ് കൃത്യമായ ഇടവേളയില്‍ എടുക്കുന്ന പ്രതിരോധ കുത്തിവെപ്പുകളും നമ്മെ മരണത്തില്‍ നിന്നും രക്ഷിക്കുന്നു.

ആദ്യം മുറിവേറ്റ ഭാഗം ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ നന്നായി കഴുകി വൃത്തിയാക്കുക. മുറിവില്‍ നിന്നും ഉമിനീരിന്റെ അംശം പൂര്‍ണമായും നീക്കിയ ശേഷം മുറിവില്‍ സോപ്പ് പതപ്പിച്ച് വീണ്ടും പതിനഞ്ചു മിനിറ്റ് സമയമെടുത്ത് കഴുകി വൃത്തിയാക്കണം. റാബീസ് വൈറസിനെ നിര്‍വീര്യമാക്കാന്‍ സോപ്പിന് കഴിയും. മുറിവ് വൃത്തിയാക്കുമ്പോള്‍ കൈകളില്‍ ഗ്ലൗസ് ഉപയോഗിക്കണം.ശേഷം മുറിവില്‍ നിന്ന് നനവ് ഒപ്പിയെടുത്ത ശേഷം പോവിഡോണ്‍ അയഡിന്‍ ലേപനം പുരട്ടുകയും ഉടനടി വൈദ്യസഹായം തേടുകയും വേണം. വീട്ടില്‍ വളര്‍ത്തുന്ന വിശ്വാസമുള്ള മൃഗങ്ങളാണെങ്കില്‍ പോലും ഒട്ടും കാത്തിരിക്കാതെ കുത്തിവെപ്പെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തം ജീവന്‍ വച്ച് പരീക്ഷണങ്ങള്‍ക്ക് കാത്തിരിക്കരുത്.

റാബീസ് വാക്‌സിന്‍, ഇമ്മ്യൂണോഗ്‌ളോബുലിന്‍ എന്നീ രണ്ട് പ്രതിരോധ മരുന്നുകളാണ് പ്രധാനമായി പേവിഷബാധക്കെതിരെ ഉപയോഗിക്കുന്നത്. മുറിവിന്റെ സ്വഭാവമനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. വാക്‌സിന്‍ കയ്യില്‍ തൊലിക്കടിയിലായാണ് വയ്ക്കുക. കടിയേറ്റ ദിവസം , മൂന്നാം ദിവസം, ഏഴാം ദിവസം, ഇരുപത്തെട്ടാം ദിവസം എന്ന ക്രമത്തിലാണ് നല്‍കുന്നത്. ഒരിക്കല്‍ കടിയേറ്റതിന് ശേഷമുള്ള മുഴുവന്‍ കുത്തിവയ്പുകളോ പൂര്‍ണ്ണമായ മുന്‍കൂര്‍ പ്രതിരോധകുത്തിവയ്പുകളോ എടുത്ത ഒരാള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും കടിയോ മാന്തോ ഏറ്റാല്‍ മുറിവുകളുടെ പരിചരണം മാത്രമേ ആവശ്യമുള്ളൂ. പ്രതിരോധ കുത്തിവയ്പ്പുകള്‍ മുഴുവന്‍ ഡോസുകളും ഒരിക്കല്‍ എടുത്താല്‍ വ്യക്തിയുടെ ശരീരത്തില്‍ വര്‍ഷങ്ങളോളം പ്രതിരോധശേഷി നിലനില്‍ക്കുമെങ്കിലും മൂന്ന് മാസത്തിന് ശേഷമാണ് കടിയേല്‍ക്കുന്നതെങ്കില്‍ പ്രതിരോധ ശേഷിയെ ഉണര്‍ത്തുന്നതിനായി രണ്ട് തവണകളായി കടിയേറ്റ ദിവസവും മൂന്നാം ദിവസവും വാക്സിന്‍ എടുക്കണം. കുത്തിവയ്പ്പ് വിവരങ്ങള്‍ കൃത്യമായി ഓര്‍ത്ത് വയ്ക്കാത്തവരും മുന്‍പ് മുഴുവന്‍ കുത്തിവയ്പ്പും എടുക്കാത്തവരും വീണ്ടും ക്രമപ്രകാരമുള്ള മുഴുവന്‍ കോഴ്‌സ് വാക്‌സിന്‍ എടുക്കണം.

നായ, പൂച്ച ഇവയെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവര്‍, പെറ്റ് ഷോപ്പുകളിലെ ജീവനക്കാര്‍, മൃഗശാല ജീവനക്കാര്‍, വനം വകുപ്പ് ജീവനക്കാര്‍ ഉള്‍പ്പെടെ വന്യമൃഗങ്ങളുമായി ഇടപഴുകുന്നവര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവര്‍ മുന്‍കൂറായി 0, 7 ,28 ദിവസക്രമത്തില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും വര്‍ഷം തോറും ബൂസ്റ്റര്‍ ഡോസ് കൂടി എടുക്കുകയും ചെയ്യണം .

മുന്‍കൂറായി 0, 7 ,28 ദിവസങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരെ വീണ്ടും മൃഗങ്ങള്‍ കടിച്ചാല്‍ കടിയേറ്റ ദിവസം, മൂന്നാം ദിവസം എന്ന ക്രമത്തില്‍ പ്രതിരോധശേഷിയെ ഉണര്‍ത്തുന്നതിനായി രണ്ട് കുത്തിവെപ്പുകള്‍ മാത്രം എടുത്താല്‍ മതി എന്ന് ജില്ലാ കളക്ടർ അറിയിക്കുന്നു.

Loading

Please Post Your Comments & Reviews

Your email address will not be published. Required fields are marked *