NAAC സന്ദർശനത്തിനൊരുങ്ങി കോടഞ്ചേരി ഗവൺമെന്റ് കോളേജ്
കോടഞ്ചേരി : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക നിലവാരം പരിശോധിക്കുന്നതിൻ്റെ ഭാഗമായി നാഷണൽ അസ്സസ്മെൻ്റ് ആൻറ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) പ്രതിനിധി സംഘം മാർച്ച് 23, 24 തിയ്യതികളിൽ കോടഞ്ചേരി ഗവ. കോളേജിൽ സന്ദർശനം നടത്തുമെന്ന് പ്രിൻസിപ്പൽ ഡോ. വൈ.സി ഇബ്രാഹിം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
1980 ൽ പ്രവർത്തനം ആരംഭിച്ച ഈ സർക്കാർ കോളേജിൽ 17 വർഷത്തിനുള്ളിൽ മൂന്നാം തവണയാണ് നാക് സംഘം വിലയിരുത്തലിനായി എത്തുന്നത്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ കോടഞ്ചേരി ഗവ. കോളേജിൽ ഇക്കണോമിക്സ്, കൊമേഴ്സ് എന്നീ വകുപ്പുകൾ കാലിക്കറ്റ് സർവകലാശാലയുടെ കീഴിലെ ഗവേഷണ കേന്ദ്രമാണ്. നാല് ബിരുദ കോഴ്സുകളും മൂന്ന് ബിരുദാന്തര കോഴ്സുകളും ഉള്ള കോളേജിൽ എഴുനൂറോളം വിദ്യാർത്ഥികളും അമ്പതിൽപരം ജീവനക്കാരുമുണ്ട്.
മൂന്നേക്കർ ബയോ ഡൈവേഴ്സിറ്റി റിസേർവ് ( ജൈവ വൈവിധ്യ കലവറ) ഈ കോളേജിനു മാത്രം അവകാശപ്പെട്ടതാണ്. 2014ൽ നാക് പരിശോധന നടന്ന ശേഷം കോളേജിൽ ഭൗതീക സാഹചര്യത്തിൽ വലിയ മുന്നേറ്റം ജനപ്രതിനിധികളുടേയും മറ്റും സഹകരണത്തോടെ ഉണ്ടായിട്ടുണ്ട്. ലേഡീസ് ഹോസ്റ്റൽ, ഹെൽത്ത് ക്ലബ്ബ്, ഷിഹബ്, വുമൺ അമിനിറ്റി സെൻ്റർ, ഓപ്പൺ എയർ ഓഡിറ്റോറിയം, ജീവനി മാനസീകാരോഗ്യ പദ്ധതി, സഞ്ജീവനി ക്യാംപസ് ക്ലിനിക് തുടങ്ങിയവ ഇത്തരം നേട്ടങ്ങളാണ്. കോളേജിൻ്റെ വികസന കാര്യത്തിൽ പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും മികച്ച പിന്തുണ നൽകുന്നതായി അധികൃതർ. വിദ്യാർത്ഥി സമൂഹത്തിന് കൂടുതൽ ഉപകാരപ്രദമാകാൻ കൂടുതൽ കോഴ്സുകളും അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനവും ഇനിയും കോടഞ്ചേരി ഗവ. കോളേജിന് ആവശ്യമാണ്.
കോളേജിന് സ്വന്തമായി ഒരു വലിയ ഗ്രൗണ്ടും പ്രദേശത്തക്കുള്ള , മികച്ച യാത്രാ സൗകര്യങ്ങളും അത്യാവശ്യമാണ്. നാക് സന്ദർശത്തിന് ശേഷം ലഭിക്കുന്ന ഗ്രേഡ് കോളേജിൻ്റെ ഭാവി വികസനത്തിന് നിർണ്ണായകമാണ്. മികച്ച ഗ്രേഡ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ.വൈ.സി ഇബ്രാഹിം അറിയിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ
https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k