കോടഞ്ചേരി ഗവ:കോളേജിന് NAAC B++ ഗ്രേഡ് അംഗീകാരം
കോടഞ്ചേരി: രാജ്യത്തെ സർവ്വകലാശാലകളിലെയും കോളേജുകളിലെയും അക്കാദമിക, അക്കാദമികേതര, ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തി ഗ്രേഡ് നൽകുന്ന ദേശീയ ഏജൻസിയായ നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ (NAAC ) മാർച്ച് 23, 24 തീയതികളിൽ കോടഞ്ചേരി കോളേജിൽ സന്ദർശനം നടത്തുകയും വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കോളേജിനെ വിലയിരുത്തുകയും ചെയ്തതിനു ശേഷമാണ് ഇത്തവണ B++ ഗ്രേഡ് നൽകിയത്. കഴിഞ്ഞ രണ്ട് തവണയും കോളേജിന് B ഗ്രേഡ് മാത്രമാണുണ്ടായിരുന്നത്.
ജാർഖണ്ടിലെ കോൽഹാൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ശുക്ല മെഹെന്തി ചെയർ പേഴ്സനും, ബംഗാളിലെ ഹിന്ദി യൂണിവേഴ്സിറ്റി രജിസ്ട്രാർ സുകൃതി ഗോഷാൽ കോ- ഓർഡിനേറ്ററും, മഹാരാഷ്ട്രയിൽനിന്നുള്ള റിട്ടയേർഡ് പ്രിൻസിപ്പൽ സുഭാഷ് ബങ്കഡെ മെമ്പറുമായ പിയർ ടീം ആയിരുന്നു കോളേജിൽ സന്ദർശനം നടത്തിയത്. ഉൾഗ്രാമമായ കോടഞ്ചേരി പോലുള്ള മലയോര പ്രദേശത്ത് പ്രവർത്തിക്കുന്ന ഈ ഗവൺമെന്റ് കോളേജിൽ 2014 – ലെ നാക് സന്ദർശനത്തിന് ശേഷമാണ് ഇക്കണോമിക്സ്, കൊമേഴ്സ് എന്നീ വകുപ്പുകൾ കാലിക്കറ്റ് സർവകലാശാലയുടെ കീഴിലെ ഗവേഷണ കേന്ദ്രമായി ഉയർത്തപ്പെട്ടത്. അതേ പോലെ തന്നെ ബിരുദ കോഴ്സ് മാത്രമുണ്ടായിരുന്ന ജന്തു ശാസ്ത്ര വകുപ്പിൽ എം എസ് സി കോഴ്സും അനുവദിക്കപ്പെട്ടു. കൂടാതെ ലേഡീസ് ഹോസ്റ്റൽ, ഹെൽത്ത് ക്ലബ്ബ്, ഷീ-ഹബ്, വുമൺ അമിനിറ്റി സെൻ്റർ, ഓപ്പൺ എയർ ഓഡിറ്റോറിയം, ജീവനി മാനസീകാരോഗ്യ പദ്ധതി, സഞ്ജീവനി ക്യാംപസ് ക്ലിനിക് തുടങ്ങിയ പുതിയ സൗകര്യങ്ങളും കൂടുതലായി ഒരുക്കപ്പെട്ടിരുന്നു.
സന്ദർശന വേളയിൽ,സ്ഥലം MLA ലിന്റോ ജോസഫ്, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവി ഡോക്ടർ എം ജ്യോതിരാജ് , പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, വൈസ് പ്രസിഡന്റ് ലിസ്സി ചാക്കോ അടക്കമുള്ള ജന പ്രതിനിധികൾ, യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റ് മെമ്പർമാരായ പ്രൊഫസർ എൻ.വി അബ്ദുറഹിമാൻ, ഡോക്ടർ വിനോദ്, കോളേജ് സ്ഥാപക കമ്മിറ്റിയംഗങ്ങൾ, അദ്ധ്യാപകർ, അനധ്യാപക ജീവനക്കാർ, NSS, NCC ഓഫീസർമാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, , മുൻ പ്രിൻസിപ്പൽമാർ, മുൻ സീനിയർ സുപ്രണ്ട്മാർ, തുടങ്ങിയവരുമായെല്ലാം പിയർ ടീം അംഗങ്ങൾ ആശയവിനിമയം നടത്തിയിരുന്നു.
ലോക്ക് ഡൗൺ, ട്രിപ്പിൾ ലോക്ക് ഡൗൺ എന്നിവയുടെ കാലത്തും, കഴിഞ്ഞ രണ്ട് വർഷമായി ഈ സന്ദർശനത്തിന്റെ ഒരുക്കത്തിനായി കോളേജിലെ എല്ലാ ജീവനക്കാരും IQAC യുടെ നേതൃത്വത്തിൽ ആത്മാർത്ഥമായി കഠിനാദ്ധ്വാനം ചെയ്യുകയായിരുന്നു. ആവശ്യമായ എല്ലാ പിന്തുണയും നൽകിയ എം എൽ എയ്ക്കും മറ്റ് ജനപ്രതിനിധികൾക്കും വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, ഗുണകാംക്ഷികൾ എന്നിവർക്കുമെല്ലാം ഈ നേട്ടത്തിൽ പ്രിൻസിപ്പൽ നന്ദി അറിയിച്ചു. വരും കാല പ്രവർത്തനങ്ങൾക്ക് ഈ അംഗീകാരം ഒരു ഊർജ്ജമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k