കോടഞ്ചേരി : കോടഞ്ചേരി ചാലിപ്പുഴ ചൂരമുണ്ട പുഴയിൽ വിനോദ സഞ്ചാരികൾ ഒഴുക്കിൽപ്പെട്ട് മരണമടയുന്നത് തുടർക്കഥയാകുന്നു. വിനോദ സഞ്ചാരികൾ നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് പുഴയിൽ ഇറങ്ങുന്നത് കൊണ്ടാണ് അപകടങ്ങൾ സംഭവിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഇന്നലെ രണ്ട് പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ രക്ഷാപ്രവര്ത്തനം നടത്തുന്നതിനിടെ ഒരു നാട്ടുകാരനും മരണപ്പെട്ടു.മുൻ വർഷങ്ങളിലും ഇത് പോലെ മഴക്കാലത്ത് വിനോദ സഞ്ചാരികളായി ഇവിടെയെത്തിയവരിൽ അപകടത്തിൽപ്പെട്ടവരുണ്ട്. പ്രകൃതി രമണീയമായ ഈ സ്ഥലങ്ങളിൽ വിനോദ സഞ്ചാരികൾ ധാരാളമായി എത്താറുണ്ട്. എന്നാൽ വിനോദ സഞ്ചാര കേന്ദ്രമായി സർക്കാർ പരിഗണിച്ചിട്ടില്ലാത്തിടമായത് കൊണ്ട് തന്നെ അപകടസാധ്യതയുള്ള ഈ സ്ഥലങ്ങളിൽ ആവശ്യമായ മുൻകരുതലിന് യാതൊരു സംവിധാനങ്ങളുമില്ല. സെക്യൂരിറ്റി ജീവനക്കാരോ, മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തതിനാൽ പുറമെ നിന്ന് വരുന്നവർ പുഴയുടെ അപകടം പതിയിരിക്കുന്ന ഭാഗത്താണ് കൂടുതൽ സമയം ചിലവഴിക്കാറുള്ളത്. തൊട്ടടുത്തുള്ള കുന്നിൻ മുകളിൽ നിന്നും പുഴയിലേക്ക് കുത്തിയൊലിക്കുന്ന ശക്തമായ മലവെള്ളപ്പാച്ചിലിൽ അകപ്പെടാനുള്ള സാധ്യത ഇവിടെ വളരെ കൂടുതലാണ് . രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് മൽസരം നടക്കാറുള്ളത് ദുരന്തമുണ്ടായ സ്ഥലത്തിന് തൊട്ടടുത്തുള്ള പ്രദേശത്താണ് .ഇതിന് തൊട്ടടുത്തുള്ള പുഴകളിൽ ഭീമമായ പാറകളും വലിയ ഗർത്തങ്ങളുമുണ്ട്. വിനോദ സഞ്ചാരികൾക്ക് സഹായകരമാവും വിധം സർക്കാറിൻെറ യാതൊരു സംവിധാനവും ഈ പ്രദേശങ്ങളില്ലാത്തത് വലിയ ആശങ്കയുളവാക്കുന്നതാണ്.സംസ്ഥാന സർക്കാറോ ടൂറിസം വകുപ്പോ ഈ പ്രദേശത്ത് വേണ്ട മുൻകരുതലുകൾ എടുത്തില്ലെങ്കിൽ കഴിഞ്ഞ കാലങ്ങളിലൊക്കെയുണ്ടായതുപോലെ ദുരന്തങ്ങൾ ആവർത്തിക്കാനിടയുണ്ട്. പ്രദേശ വാസികളുടെ മുന്നറിയിപ്പ് വിനോദത്തിനായി എത്തുന്നവർ അവഗണിക്കുന്നതാണ് പലരുടേയും ജീവൻ പൊലിഞ്ഞ് പോവാൻ കാരണമെന്നും ആവശ്യമായ മുൻകരുതലില്ലാതെ മഴക്കാലത്തെ ഈ ഭാഗത്തേക്ക് പുറം നാട്ടുകളിൽ നിന്ന് കുടുംബസമേതം എത്തുന്നത് നിരോധിക്കണമെന്നും നാട്ടുകാർ പറയുന്നു.ഇന്നലെ ഒഴുക്കിൽപ്പെട്ട കോഴിക്കോട് പെരുമണ്ണ പുതിയോട്ടിൽ ആയിഷ നിഷില (21), കിണാശ്ശേരി അൻസാർ മുഹമ്മദ് എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്.ഇതിനിടെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത കോടഞ്ചേരി പള്ളിത്താഴത്ത് ജയപ്രകാശ് കുഴഞ്ഞ് വീണ് മരിച്ചതും പ്രദേശത്തെയാകെ കണ്ണീരിലാഴ്ത്തി.

*** **** *** ***** *** *****

കോടഞ്ചേരി ന്യൂസ് വാട്സാപ്പിൽ അംഗമാകാൻ : https://chat.whatsapp.com/B7Xsh4je1G176hyEgHls5J

ഫേസ്‌ബുക് പേജ് : https://www.facebook.com/KodancherryNews/

Sorry!! It's our own content. Kodancherry News©