കോഴിക്കോട് ജില്ലയിൽ ഒരാഴ്ച കൂടി വിദ്യാലയങ്ങൾക്ക് അവധി

 

കോഴിക്കോട് ജില്ലയിലെ വ്യദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി ‌അടുത്ത ഞായറാഴ്ച വരെ തുടരും.

അടുത്ത ഞായറാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസ് തുടരും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി, മദ്രസകൾ, ടൂഷൻ സെൻററുകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കും. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും, കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാം.

*********************

നിപ: ചികിത്സയിലുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരം: മന്ത്രി വീണ ജോർജ്

ഇന്ന് നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റേതടക്കം നിപ പോസിറ്റീവ് ആയവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. കലക്ടറേറ്റ്  ഹാളിൽ നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കോഴിക്കോട് കോർപ്പറേഷനിൽ ഉൾപ്പെട്ട ചെറുവണ്ണൂർ സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റൊരു രോഗിക്കൊപ്പം കൂട്ടിരിപ്പുകാരനായി എത്തിയ ആളാണ് ഇദ്ദേഹം. ആഗസ്റ്റ് 30 ന് മരണപ്പെട്ട വ്യക്തിയുമായി ഇയാൾക്ക് സമ്പർക്കമുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

മരണപ്പെട്ടവരുടെയും നിപ പോസിറ്റീവ് ആയവരുടെയും സമ്പർക്കത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങൾ ഊർജിതമായി നടത്തുന്നുണ്ട്. ഇവരുടെ ഫോൺ ലോക്കേഷൻ കൂടി പരിശോധിച്ച് വിട്ടുപോയ സ്ഥലങ്ങളുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അതേസമയം ഹെെ റിസ്ക് പട്ടികയിൽ ഉൾപ്പെട്ടവരെ ലക്ഷണമുണ്ടെങ്കിലും ഇല്ലെങ്കിലും നിപ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. 24 മണിക്കൂറും സാമ്പിളുകൾ പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാണ്. രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി മൊബെെൽ ലാബിൽ ഒരേ സമയം 192 സാമ്പിളുകൾ പരിശോധിക്കാനുള്ള സംവിധാനമുണ്ട്. എൻ.ഐ.വി പൂനയിൽനിന്നുള്ള ബി.എസ്.എൽ 3 സൗകര്യമുള്ള മൊബെെൽ ലാബ് ഉള്ളതിനാൽ നിപ സ്ഥിരീകരണം ജില്ലയിൽ സാധ്യമാണ്. നിപ പരിശോധനയിൽ നെഗറ്റീവ് ആയാലും 21 ദിവസം നിരീക്ഷണത്തിൽ തുടരണമെന്നും മന്ത്രി നിർദേശിച്ചു.

ജില്ലയിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടന്നു വരികയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പത്ര സമ്മേളനത്തിൽ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ, തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.എൽ.എമാരായ ഇ.കെ വിജയൻ, കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി ഗവാസ്, ജില്ലാ കലക്ടർ എ.ഗീത, എ. ഡി. എം സി മുഹമ്മദ് റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.

*****************************

നിപ പ്രതിരോധ പ്രവർത്തനം: കേന്ദ്ര സംഘം കുറ്റ്യാടിയിൽ സന്ദർശനം നടത്തി

 

നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി. നിപ ബാധിച്ച് മരണപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീട്ടിലാണ് സംഘം സന്ദർശിച്ചത്. മരണപ്പെട്ട വ്യക്തിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും ബന്ധുവീടും മരണപ്പെട്ട വ്യക്തി പോയിരിക്കാൻ സാധ്യതയുള്ള വീടിനു സമീപത്തെ പറമ്പുകളും സന്ദർശിച്ചു.

വവ്വാൽ സർവ്വേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. ഹനുൽ തുക്രൽ, എം. സന്തോഷ്‌ കുമാർ, ഗജേന്ദ്രസിംഗ് എന്നിവരാണ് സംഘത്തിലുള്ളത് .

മരണപ്പെട്ട വ്യക്തിയുടെ വീടും പരിസരവും പരിശോധിച്ച ശേഷം സമീപത്തെ തോട്ടത്തിലെ ഫല വ്യക്ഷങ്ങൾ ഉൾപ്പെടെ സംഘം നോക്കിക്കണ്ടു. സമീപത്തുള്ള തറവാട് വീട് സന്ദർശിച്ച സംഘം മരണപ്പെട്ട വ്യക്തിക്ക് രോഗ ബാധയേൽക്കുന്നതിന് മുമ്പ് അദ്ദേഹം ഏർപ്പെട്ടിരുന്ന ജോലിയും മറ്റു വിവരങ്ങളും വീട്ടുകാരോട് ചോദിച്ചറിഞ്ഞു.

ജില്ലാ മെഡിക്കൽ ടെക്നിക്കൽ അസിസ്റ്റന്റ്, കുറ്റ്യാടി താലൂക്ക് ആശുപത്രി സുപ്രണ്ട്, കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാവർക്കർമാർ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.

*****************************

കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി.

നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപിഡി ആരംഭിച്ചു. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും നിപയുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം തേടാനും ഇതിലൂടെ സാധിക്കുന്നു. രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെയാണ് ഇ സഞ്ജീവനി നിപ ഒപിഡി സേവനം ലഭ്യമാകുക.

ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്ന സംവിധാനമാണ് ഇ സഞ്ജീവനി പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിരിക്കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 47 ഓളം വിവിധ ഒ.പി. സേവനങ്ങളാണ് നല്‍കുന്നത്. ഇതുകൂടാതെ ഇ സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമിലൂടെ ത്രിതല ഹബ്ബ് ആന്റ് സ്‌പോക്ക് സംവിധാനം വഴി ഡോക്ടര്‍ ടു ടോക്ടര്‍ സേവനവും ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് ഇതിലൂടെ മെഡിക്കല്‍ കോളേജുകളില്‍ പോകാതെ തന്നെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും എല്ലാ സൂപ്പര്‍ സ്പെഷ്യലിറ്റി സേവനങ്ങളും ലഭ്യമാക്കാന്‍ കഴിയുന്നു. ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്, ആശവര്‍ക്കര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍. എന്നിവര്‍ക്കും ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാവുന്നതാണ്. ഇതിലൂടെയെല്ലാം സമയവും യാത്രാചെലവുമെല്ലാം ലാഭിക്കാവുന്നതാണ്.

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in/kerala എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details?id=hied.esanjeevaniabopd.com മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലാ, ലാപ്ടോപോ അല്ലെങ്കില്‍ ടാബോ ഉണ്ടെങ്കില്‍ https://esanjeevani.mohfw.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കാം.

Patient എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത ശേഷം പ്രസ്തുത വ്യക്തികള്‍ ഉപയോഗിക്കുന്ന ആക്ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ചു ലോഗിന്‍ ചെയ്യുക. അതിനു ശേഷം consult now എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്ത ശേഷം chief complaints എന്ന ഓപ്ഷനില്‍ നിങ്ങളുടെ പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങള്‍ രേഖപ്പെടുത്തുക.

അതിനു ശേഷം സേവ് & നെക്സ്റ്റ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുകയും നിങ്ങള്‍ രേഖപ്പെടുത്തിയ രോഗ ലക്ഷണവുമായി ബന്ധപ്പെട്ട തുടര്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കുകയും ചെയ്യുക. തുടര്‍ന്ന് വലതു വശത്തെ arrow mark ല്‍ ക്ലിക്ക് ചെയ്ത ശേഷം query option നിര്‍ബന്ധമായും ഫില്‍ ചെയ്യുക.

അടുത്തതായി വരുന്ന Within state only എന്ന ഓപ്ഷന്‍ കൊടുക്കുകയും OPD സെലക്ട് ചെയ്യുകയും ചെയ്യുക. തുടര്‍ന്ന് ഡോക്ടറിനെ സെലക്ട് ചെയ്ത് കാള്‍ ചെയ്ത ശേഷം രോഗ വിവരങ്ങള്‍ പറഞ്ഞ് കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തിയാക്കാം.

ഒപി കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ഡോക്ടറുടെ കുറിപ്പടി ഡൗണ്‍ലോഡ് ചെയ്ത് തൊട്ടടുത്ത ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും നിര്‍ദേശിച്ചിട്ടുള്ള മരുന്നുകള്‍ വാങ്ങാവുന്നതാണ്.

********************

നാളെ അവധി

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ, ടൂഷൻ സെൻററുകൾ ഉൾപ്പെടെ) സെപ്റ്റംബർ 16നും അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും, കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാം.

നിപ്പ : നിയന്ത്രണങ്ങൾ https://kodancherry.com/web/2023/09/15/nipah-updates/

*** ***** *** ***** *** 

കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/BtbYJeJrp3dJEOV4S59ndM

ഫേസ്‌ബുക് പേജ് :

https://www.facebook.com/KodancherryNews/

വെബ് സൈറ്റ്:

www.kodancherry.com

യൂട്യൂബ് ചാനൽ :

https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ

Sorry!! It's our own content. Kodancherry News©