പുരപ്പുറത്ത് സൗരവൈദ്യുതി; പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് യോജന പദ്ധതിയിൽ കേരളത്തിലും അപേക്ഷിക്കാം

തിരുവനന്തപുരം: സാധാരണക്കാർക്ക് പുരപ്പുറത്ത് സൗരവൈദ്യുതി ഉത്പാദിപ്പിക്കാൻ കൂടുതൽ ആകർഷകമായ പദ്ധതിയുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് യോജന എന്ന പദ്ധതിയിൽ കേരളത്തിലും അപേക്ഷിക്കാം. ഈ മാസം പദ്ധതിക്ക്‌ ഔദ്യോഗിക തുടക്കമാവും. ഇടത്തരം വൈദ്യുതി ആവശ്യമുള്ള കുടുംബങ്ങൾക്ക് കൂടുതൽ സബ്‌സിഡി ലഭിക്കും എന്നതാണ് പുതിയ പദ്ധതിയുടെ സവിശേഷത.

വീടുകളിലാണ് ഇവ സ്ഥാപിക്കാവുന്നത്. ഇടത്തരം വൈദ്യുതി ആവശ്യമുള്ള കുടുംബങ്ങൾക്ക് കൂടുതൽ സബ്‌സിഡി ലഭിക്കും എന്നതാണ് പുതിയ പദ്ധതിയുടെ സവിശേഷത. ഒരു കിലോവാട്ട് ശേഷിയുള്ള നിലയത്തിന് 30,000 രൂപയാണ് സബ്‌സിഡി. രണ്ടു കിലോവാട്ടിന് 60,000 രൂപയും മൂന്ന് കിലോവാട്ടിന് 78,000 രൂപയും ലഭിക്കും. മൂന്ന് കിലോവാട്ടിൽ കൂടിയാലും പരമാവധി സബ്‌സിഡി 78,000 രൂപയാണ്.

നിലവിൽ കേന്ദ്രസർക്കാർ സബ്‌സിഡിയോടെ കേരളത്തിൽ നടപ്പാക്കുന്ന സൗര പുരപ്പുറ സൗരോർജ പദ്ധതിയിൽ കിലോവാട്ടിന് 18,000 രൂപയാണ് സബ്‌സിഡി. രണ്ടു കിലോവാട്ടിന് 29,000 രൂപയും മൂന്ന് കിലോവാട്ടിന് 43,000 രൂപയുമാണ് കിട്ടുന്നത്. നിലവിലെ പദ്ധതി മാർച്ച് 15വരെ തുടരും.

മാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്ക് ഒന്നുമുതൽ രണ്ടുവരെ കിലോവാട്ട് ശേഷിയുള്ള സൗരനിലയം വേണം. കിലോവാട്ടിന് 65,000 -70,000 രൂപയാണ് ചെലവ്. രണ്ട് കിലോവാട്ടിന് 1.4 ലക്ഷം രൂപ ചെലവായാൽ അതിൽ 60,000 രൂപ സബ്‌സിഡി ലഭിക്കും. 150 മുതൽ 300 യൂണിറ്റുവരെ വരെ മാസം ഉപയോഗിക്കുന്നവർക്ക് മൂന്ന് കിലോവാട്ട് നിലയം വേണം.

സബ്‌സിഡി ബാങ്ക് അക്കൗണ്ടിൽ

നിലവിൽ കേരളത്തിൽ നടപ്പാക്കുന്ന സൗരപദ്ധതിയിൽ സബ്‌സിഡി കഴിച്ചുള്ള തുക നൽകിയാൽ മതിയായിരുന്നു. എന്നാൽ പുതിയ പദ്ധതിയിൽ നിലയം പൂർത്തിയാക്കുന്നതിനുള്ള മുഴുവൻ ചെലവും ആദ്യം ഉപഭോക്താവ് വഹിക്കണം. പൂർത്തിയായതിന്റെ രേഖകൾ സമർപ്പിച്ചാൽ സബ്‌സിഡി ഉപഭോക്താവിന്റെ അക്കൗണ്ടിൽ നേരിട്ട് നൽകും.

പി.എം.സൂര്യഘർ പോർട്ടിലിലാണ് (pmsuryghar.gov.in) രജിസ്റ്റർ ചെയ്ത് അപേക്ഷ നൽകേണ്ടത്. ഈ മാസം 13 മുതൽ രജിസ്‌ട്രേഷൻ തുടങ്ങിയെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം പോർട്ടലിൽ പലപ്പോഴും രജിസ്റ്റർ ചെയ്യാൻ തടസ്സമുണ്ട്. ഇത് ഉടൻ പരിഹരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സ്വന്തം പേരിൽ നിലവിൽ വൈദ്യുതി കണക്‌ഷനുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3

Sorry!! It's our own content. Kodancherry News©