ഞാൻ വീണാൽ, അവരും വീണുപോകും, ജെൻസൺ ആഗ്രഹിച്ചതുപോലെ ജീവിക്കാനാണ് ശ്രമം’; ശ്രുതി

കൽപ്പറ്റയിലെ വാടകവീട്ടിൽ നിന്ന് ഇങ്ങനെ പറയുമ്പോൾ ശ്രുതി ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. വേദനിപ്പിക്കുന്ന ഓർമകളെ വകഞ്ഞുമാറ്റാൻ ശ്രമിക്കുകയായിരുന്നു അവർ.കാലമേൽപ്പിച്ച മുറിവുകളുടെ വേദനകൾ മറന്ന് അതിജീവനവഴിയിൽ കരുത്തോടെ മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ്. ഞാൻ വീണുകഴിഞ്ഞാൽ പിന്നെ അവരുംവീണുപോകും- ബന്ധുക്കളായ കുട്ടികളെനെഞ്ചോടുചേർത്ത് ശ്രുതി പറയുന്നു.ഇച്ചായന്റെ ബിസിനസുണ്ട്. അത് മുന്നോട്ടുകൊണ്ടുപോകണം. ഒരു ജോലി അത്യാവശ്യമാണെന്ന് ശ്രുതി പറയുന്നു. ഇച്ചായന്റെ വീട്ടുകാർ എല്ലാത്തിനും പിന്തുണയ്ക്കുന്നുണ്ട്. എല്ലാരും കൂടെയുണ്ട്. ആ ഒരു വിശ്വാസത്തിൽ മുന്നോട്ടുപോകുകയാണ്. ഇവരുടെ കൂടെയിരിക്കുമ്പോൾ ഞാൻ ഓക്കെയാണ്. ഞാനുള്ള ധൈര്യത്തിലാണ് അവർ നോർമലായിട്ടിരിക്കുന്നത്. ഞാൻ വീണുകഴിഞ്ഞാൽ പിന്നെ അവരും വീണുപോകും. ബോൾഡായിട്ട് നിൽക്കണം. എന്നാൽ മാത്രമേ വീട്ടുകാരും അതേപോലെ നിൽക്കുകയുള്ളൂ.- ശ്രുതി പറഞ്ഞു

എല്ലാവരും വിളിക്കുന്നുണ്ട്. കൂടെത്തന്നെയുണ്ട്. കൽപ്പറ്റ എം എൽ എ സിദ്ദിഖ് സാർ ഭയങ്കരമായിട്ട് സപ്പോർട്ട് തന്നിട്ടാണ് നിൽക്കുന്നത്. കിടക്കാനുള്ള ബെഡും വാക്കറും വർക്ക് ചെയ്യാൻ ലാപ്ടോപ്പും കൊണ്ടുതന്നിട്ടുണ്ട്. പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദിയാണ് സാറിനോടുള്ളത്.- ശ്രുതി പറഞ്ഞുഎണീറ്റ് നടക്കാൻ ആറ് മാസത്തോളമെടുക്കും. ഒരു ശാസ്ത്രക്രിയ കൂടിയുണ്ട്. സ്ഥിരവരുമാനത്തിന് ഒരു ജോലി അത്യാവശ്യമാണ്. പഠിക്കണമെന്നുമുണ്ട്. ഒന്നും ഉറപ്പിച്ച് തീരുമാനിച്ചിട്ടില്ല. ആലോചിച്ച് തീരുമാനങ്ങളെടുക്കുന്നതേയുളളൂവെന്നും ശ്രുതി കൂട്ടിച്ചേർത്തു.മൂന്നാഴ്ചകൂടി വിശ്രമം വേണമെന്നാണ് ഡോക്ട‌ർമാർ പറഞ്ഞിട്ടുള്ളത്. അതുകഴിഞ്ഞാൽ നടന്നുതുടങ്ങാം. തിങ്കളാഴ്ച ആശുപത്രിയിലെത്തണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരിയെയുമടക്കം കുടുംബത്തിലെ ഒമ്പതുപേരെയാണ് ശ്രുതിക്ക് നഷ്ടമായത്. ദുരന്തത്തിലും താങ്ങായിനിന്ന പ്രതിശ്രുതവരൻ ജെൻസണും വാഹനാപകടത്തിൽ മരിച്ചു.അപകടത്തിൽ പരിക്കേറ്റ ശ്രുതി വെള്ളിയാഴ്ചയാണ് ആശുപത്രിവിട്ട് വാടകവീട്ടിലേക്ക് മാറിയത്.

Sorry!! It's our own content. Kodancherry News©