ഞെട്ടിച്ച് ഥാര്‍ റോക്‌സ്‌ ; 60 മിനിറ്റില്‍ 1,76,218 ബുക്കിങ്

ഇന്ത്യന്‍ നിരത്തുകളില്‍ ഏറ്റവുമധികം ഫാന്‍ ബേസുള്ള വാഹനം മഹീന്ദ്ര ഥാര്‍ തന്നെയാണെന്ന് വീണ്ടും ഉറപ്പിക്കുകയാണ്. വാഹനത്തിന്റെ ബുക്കിങ്ങുകളില്‍ പലപ്പോഴായി നിരവധി റെക്കോഡുകള്‍ സൃഷ്ടിച്ചിട്ടുള്ള മഹീന്ദ്ര ഥാര്‍ റോക്‌സിന്റെ ബുക്കിങ്ങിലും ഇത് ആവര്‍ത്തിച്ചിരിക്കുകയാണ്. ഒക്ടോബർ 3 ന് രാവിലെ 11 മണിക്കാണ് വാഹനത്തിന്റെ പ്രീ ബുക്കിങ് ആരംഭിച്ചത്. ബുക്കിങ് വിന്‍ഡോ തുറന്ന് 60 മിനിറ്റിനുള്ളില്‍ 1.76,218 ലക്ഷം ആളുകളാണ് ഥാറിന്‍ റോക്‌സ് ബുക്കുചെയ്തത്.

ഇതോടെ ഇന്ത്യയുടെ വാഹനചരിത്രത്തില്‍ ആദ്യ ദിവസം തന്നെ ഏറ്റവുമധികം ബുക്കിങ് നേടുന്ന വാഹനമായി മഹീന്ദ്ര ഥാര്‍ റോക്‌സ് മാറിയിരിക്കുകയാണ്. ആദ്യ ഒരു മണിക്കൂറില്‍ ലഭിച്ച ബുക്കിങ് മാത്രമാണ് മഹീന്ദ്ര ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. ഇപ്പോഴും ബുക്കിങ് തുടരുന്ന ഈ വാഹനം ദസറയുടെ ഭാഗമായി ഒക്ടോബര്‍ 12 മുതല്‍ വിതരണം ആരംഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പെട്രോള്‍-ഡീസല്‍ വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനം ഓഗസ്റ്റ് 15-നാണ് അവതരിപ്പിച്ചത്.ലൈഫ് സ്റ്റൈല്‍ എസ്.യു.വി. ശ്രേണിയില്‍ ഥാര്‍ റോക്‌സിന് മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന നാല് ഫീച്ചറുകളാണ് ഓഫ് റോഡ് പ്രേമികള്‍ക്കിടയില്‍ ഈ വാഹനത്തെ പ്രിയപ്പെട്ടതാക്കുന്നത്. ഇലക്ട്രിക് ലോക്കിങ് ഡിഫറന്‍ഷ്യല്‍, ഇന്റലിടേണ്‍ ഫങ്ഷന്‍, ക്രൗള്‍ സ്മാര്‍ട്ട് ഫങ്ഷന്‍, നാല് ടെറൈന്‍ മോഡുകള്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം എന്നിവയാണ് ഥാര്‍ റോക്‌സിനെ റെഗുലര്‍ ഥാറില്‍ നിന്ന് പോലും വേറിട്ടതാക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.

ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് എന്നീ രണ്ട് ഡ്രൈവിങ് മോഡലുകളില്‍ ലഭിക്കുന്ന വാഹനമാണ് ഥാര്‍ റോക്‌സ്. ഈ വാഹനത്തിന്റെ 4×2 മോഡലുകള്‍ക്ക് 12.99 ലക്ഷം രൂപ മുതല്‍ 20.49 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. അതേസമയം, ഈ വാഹനത്തിന്റെ 4×4 മോഡലുകളുടെ മാനുവല്‍ പതിപ്പുകള്‍ക്ക് 18.79 ലക്ഷം രൂപ മുതല്‍ 20.99 ലക്ഷം രൂപ വരെയും ഒേൈട്ടാമാറ്റിക് മോഡലുകള്‍ക്ക് 20.99 ലക്ഷം രൂപ മുതല്‍ 22.49 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.ഥാര്‍ ലൈനപ്പില്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ ഉണ്ടെങ്കിലും ഡീസല്‍ എന്‍ജിന്റെ കരുത്തില്‍ മാത്രമാണ് 4×4 പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഡി22 എന്നാണ് ഥാറിലെ ഡീസല്‍ എന്‍ജിനെ വിശേഷിപ്പിക്കുന്നത്. 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിന്‍ 175 പി.എസ്. പവറും 370 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കിയിരിക്കുന്നത്. 2.0 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ 177 പി.എസ്. പവറും 375 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Sorry!! It's our own content. Kodancherry News©