മഴക്കെടുതിയിൽ ബെംഗളൂരു

ബെംഗളുരുവിലെ കനത്ത മഴയിൽ നാഗവരയിലെ ഔട്ടർ റിംഗ് റോഡിലുള്ള മാന്യത ടെക് പാർക്കിൽ വൻ മണ്ണിടിച്ചിൽ. മാന്യത എംബസി ബിസിനസ് പാർക്കിന്‍റെ രണ്ടാം നമ്പർ ഗേറ്റിന് സമീപത്താണ് വലിയ മതിലിടിഞ്ഞ് നിലം പതിച്ചത്. എംബസി ബിസിനസ് പാർക്കിന്‍റെ എക്സ്റ്റൻഷൻ ജോലികൾ നടക്കുന്നതിനടുത്താണ് മണ്ണിടിച്ചിലുണ്ടായത്. നിർമാണ സ്ഥലത്ത് മഴയായതിനാൽ തൊഴിലാളികളുണ്ടായിരുന്നില്ല.

ഇവിടെയുണ്ടായിരുന്ന ചെറു കണ്ടെയ്‍നർ ഷെഡും മരങ്ങളും മണ്ണിടിച്ചിലിൽ നിലം പൊത്തി. 300 ഏക്കറിൽ പരന്ന് കിടക്കുന്ന മാന്യത ടെക് പാർക്കിൽ വിവിധ കമ്പനികളിലായി ഒരു ലക്ഷത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. കനത്ത മഴയിൽ വെള്ളം കയറിയതോടെ ടെക് പാർക്കിലെ മിക്ക കമ്പനികളും ജീവനക്കാർക്ക് വർക് ഫ്രം ഹോം നൽകിയിരിക്കുകയാണ്.

നാളെ വരെ ബെംഗളൂരുവിൽ മഴ തുടരുമെന്നാണ് അറിയിപ്പ്. അര്‍ബൻ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ഹെബ്ബാൾ, ഇലക്ട്രോണിക് സിറ്റി, ഔട്ടർ റിങ് റോഡ്, ശേഷാദ്രിപുരം, മാരത്തഹള്ളി, സഞ്ജയ്‌ നഗര, മഹാദേവപുര എന്നിവിടങ്ങളിൽ റോഡുകൾ ഇന്നലെ വെള്ളത്തിൽ മുങ്ങി. ഈ പ്രദേശങ്ങളിൽ കനത്ത ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഇന്നലെ വൈകിട്ടോടെയാണ് മഴ ശക്തമായത്. കനത്ത മഴയെ തുടര്‍ന്ന് പാണത്തൂരിലെ റെയിൽവേ പാലം ഇന്നലെ വെള്ളത്തിൽ മുങ്ങി.

ബെംഗളൂരുവിൽ അടുത്ത ദിവസവും കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. തിങ്കളാഴ്ച മുതൽ നഗരത്തിൽ ഇടതടവില്ലാതെ മഴ പെയ്ത സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ഐഎംഡി നിർദേശിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളിൽ നഗരത്തിൽ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ട്. പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണം. ട്രാഫിക് പോലീസ് നിർദേശം അനുസരിച്ച് വാഹനയാത്രക്കാർ സഞ്ചരിക്കണമെന്നും ഐഎംഡി ശാസ്ത്രജ്ഞനും ഡയറക്ടറുമായ സി.എസ്. പാട്ടീൽ പറഞ്ഞു. ബെംഗളൂരു കൂടാതെ കോലാർ, ചിക്കബല്ലാപുർ, തുമകുരു, രാമനഗര, മാണ്ഡ്യ, ചാമരാജനഗർ, ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ശിവമോഗ, ചിക്കമഗളൂരു, ഹാസൻ, കുടക്, ധാർവാർഡ്, ബെലഗാവി, ഹാവേരി ജില്ലകളിലും അതിശക്തമായ മഴയ്ക്കാണ് സാധ്യത. ബുധനാഴ്ച ബംഗളൂരുവിലെ കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 22 ഡിഗ്രി സെൽഷ്യസും 20 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് ഐഎംഡി അറിയിച്ചു. ചൊവ്വാഴ്ച രാത്രി നഗരത്തിൽ പെയ്ത മഴയിൽ നിരവധി റോഡുകളിൽ വെള്ളം കയറുകയും, ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു.

Sorry!! It's our own content. Kodancherry News©