ഫ്രാന്‍സിസ് തടത്തിലിന്റെ സംസ്കാരം ഇന്ന്:

കോടഞ്ചേരി : പ്രശസ്ത മാധ്യമപ്രവര്‍ത്തകനും കോടഞ്ചേരി സ്വദേശിയുമായ ഫ്രാന്‍സിസ് തടത്തില്‍ (52) നിര്യാതനായി.

കഴിഞ്ഞദിവസം ജോലി കഴിഞ്ഞു മടങ്ങി വരവേ ഫ്രാൻസിസിന്റെ കാറിൽ മറ്റൊരു കാർ ഇടിച്ച് ചെറിയ പരിക്കുകൾ പറ്റുകയും, തുടർന്ന് ആശുപത്രിയിൽ ചെക്കപ്പുകൾക്ക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്നു. രാത്രിയിൽ ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.

ഈ ഫെബ്രുവരിയിലും കോടഞ്ചേരിയിൽ വരികയും പ്രായാധിക്യം മൂലം അവശതയിലായ മാതാവിനെ സന്ദർശിക്കുകയും ചെയ്തിരുന്നു. ഭാര്യ നെസ്സി അമ്മയെ സന്ദർശിക്കാൻ നാട്ടിലെത്തി സമയത്തായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.

സംസ്കാര ചടങ്ങുകൾ 

Saturday 8.30 Am to 10.30 am

St George Syro Malabar Church, 408 Getty Ave, Paterson, NJ

After church service Final resting at :

Gate of Heaven Cemetery

225 Ridgedale Ave

East Hanover

NJ, 07936.

പരേതനോടുള്ള ആദര സൂചകമായി ഇന്ന് വൈകിട്ട് 4 മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന മരിയൻ തീർഥാടന കേന്ദ്രത്തിൽ വി. കുർബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.

സംസ്കാര ശുശ്രൂഷകൾ ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 6:30 മുതൽ രാത്രി 8:30 വരെ താഴെ കാണുന്ന ലിങ്കിൽ പ്രവേശിച്ചാൽ തൽസമയം കാണാവുന്നതാണ്.

https://www.youtube.com/c/shijopoulose/live

കോഴിക്കോട് ദേവഗിരി കോളജിലെ അധ്യാപകനായിരുന്ന പരേതനായ പ്രഫ. ടി.കെ. മാണിയുടേയും എലിസബത്ത് കരിംതുരുത്തേലിന്റേയും മകനാണ്.

ഭാര്യ: നെസി തോമസ് കോടഞ്ചേരി കണ്ണോത്ത് കിഴക്കനാത്ത് (കുരുമ്പേൽ) കുടുംബാംഗം.(അക്യൂട്ട് കെയര്‍ നഴ്‌സ് പ്രാക്ടീഷണര്‍, ന്യൂജേഴ്‌സി).

മക്കള്‍: ഐറിന്‍ എലിസബത്ത്, ഐസക് ഇമ്മാനുവേല്‍.

സഹോദരങ്ങള്‍: വിക്ടോറിയ തടത്തില്‍ (എറണാകുളം), ലീന തടത്തില്‍ (കോഴിക്കോട്), വില്യം തടത്തില്‍ (യുകെ), ഹാരിസ് തടത്തില്‍ (ബെംഗളുരു), മരിയ തടത്തില്‍ (തൊടുപുഴ), സിസ്റ്റര്‍ കൊച്ചുറാണി (ടെസി- ജാര്‍ക്കണ്ഡ്), അഡ്വ. ജോബി തടത്തില്‍ (കോഴിക്കോട്), റോമി തടത്തില്‍ (കോടഞ്ചേരി), റെമ്മി തടത്തില്‍ (ഏറ്റുമാന്നൂര്‍), മഞ്ജു ആഗ്നസ് തടത്തില്‍ (യുഎസ്).

അപകടങ്ങളിൽ തളരാതെ രോഗങ്ങളിൽ തളരാതെ ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു കർമ്മനിരതനായിരുന്നു ഫ്രാൻസിസിന്റെ നാൾവഴികൾ:

നോർത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും കേരളാ ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാൻസിസ് തടത്തിൽ ഇ-മലയാളിയിലും പിന്നീട് കേരളാ ടൈംസിലുമായി ഫ്രാൻസിസ് നടത്തിയ വിജയകരമായ പരീക്ഷണങ്ങൾ മലയാളം ഓൺലൈൻ മേഖലയ്ക്കുതന്നെ വലിയ ഉണർവ്വാണ് പകർന്നത്. കേരളാ ടൈംസിന്റെ മുഖച്ഛായതന്നെ മാറ്റിയെടുക്കുന്നത് ഫ്രാൻസിസന്റെ നിരന്തരമായ ഇടപെടലിലൂടെയാണ്. തന്റെ തിരക്കേറിയ ജോലികൾ കഴിഞ്ഞുള്ള സമയമാണ് അദ്ദേഹം മാധ്യമ പ്രവർത്തനത്തിനായി നീക്കിവെക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആരോഗ്യപരമായ പ്രതിസസന്ധികളിലൂടെ കടന്നുപോവുമ്പോഴും ഉത്തരവാദപ്പെട്ട പത്രപ്രവർത്തകനെന്ന നിലയിൽ എല്ലാ വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുകൾ അവരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ഇതൊക്കെ ഫ്രാൻസിസ് തടത്തിലിനെ ഏറെ വ്യത്യസ്തനാക്കിയത് .

കേരളത്തിലും അമേരിക്കയിലുമായി രണ്ടര ദശാബ്ദത്തിലേറെ പത്രപ്രവർത്തന രംഗത്തു തിളങ്ങിയ ഫ്രാൻസിസ് തടത്തിൽ മാധ്യമ ജീവിതത്തിലെ മറക്കാത്ത ഓർമ്മകളാണ് ‘നാലാം തുണിനപ്പുറം’ എന്ന പുസ്തകത്തിൽ പങ്കു വയ്ക്കുന്നത്. വിധിയുടെ നിഷ്ഠൂരത ജീവിതത്തെ ഗതി മാറ്റി വിട്ടപ്പോഴും പ്രത്യാശയുടെ ചിറകിൽ, ഉറ്റവരുടെ സ്നേഹത്തിന്റെ തണലിൽ പുതു ജീവിതം കെട്ടിപ്പടുത്ത വീറുറ്റ പോരാളിയുടെ അനുഭവ കഥനങ്ങളാണിത്. ഇത് ആർക്കും ഒരു പാഠപുസ്തകം കൂടിയാണ്. അനുഭവങ്ങളുടെ –നല്ലതും ചീത്തയുമടക്കം– ഉലയിൽ ഊതിക്കാച്ചിയപ്പോൾ പ്രകാശം പരത്തുന്ന മുത്തുകളായി മാറിയ ഓർമ്മക്കുറിപ്പുകൾ വായനക്കാരുടെ കാഴ്ചപ്പാടുകളുടെ ചക്രവാളങ്ങളെ വികസിപ്പിക്കുമെന്നുറപ്പ്.

രോഗം ശരീരത്തെ തകർത്തു താറുമാറാക്കിയപ്പോഴും മനസുപതറാതെ ധീരമായ പോരാട്ടത്തിലൂടെ രക്താർബുദത്തെയും കീഴടക്കിയാണ് ഫ്രാൻസിസ് എഴുത്തിന്റെ ലോകത്ത് മുന്നേറിയത്. മരണത്തെ മുഖാമുഖം കണ്ടതു ഒമ്പത് തവണയായിരുന്നു. ദൈവാനുഗ്രഹവും മനോധൈര്യവുമാണ് ഒരു തിരിച്ചുവരവിന് കാരണമായതെന്ന് അദ്ദേഹം തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

പല ഘട്ടത്തിലും മരണത്തിൽ നീന്നും രക്ഷപ്പെട്ടത് മനകരുത്തുകൊണ്ടാണെന്നു സുഹൃത്തുക്കൾ പറയുന്നു. അത്തരം മനകരുത്തുള്ളവർക്കു മാത്രം കഴിയുന്ന പത്രപ്രവർത്തനമാണ് അദ്ദേഹം ജീവിതത്തിലുടനീളം നടത്തിയിട്ടുള്ളതെന്നു അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ വ്യക്തമാക്കുന്നു.

 

1994-97 കാലയളവിൽ ദീപികയിൽ ജേർണലിസം ട്രെയ്‌നിയായി തുടക്കം കുറിച്ച ഫ്രാൻസിസിന്റെ ആരംഭവും പരിശീലനക്കളരിയും തൃശൂർ തന്നെയായിരുന്നു. ഇക്കാലയളവിൽ പ്രഥമ പുഴങ്കര ബാലനാരായണൻ എൻഡോവ്‌മെന്റ്, പ്ലാറ്റൂൺ പുരസ്‌കാരം (1997) ആ വര്ഷത്തേ മികച്ച ലേഖകനുള്ള മാനേജിoഗ് എഡിറ്റർ പുരസ്‌കാരം എന്നിവ നേടി. കേരള കലാമണ്ഡലത്തെകുറിച്ച് എഴുതിയ ‘ മഹാകവീ മാപ്പ് ‘, പരിസ്ഥിതി പ്രശ്‌നങ്ങളെകുറിച്ചു തയാറാക്കിയ ‘രക്തരക്ഷസുകളുടെ മഹാനഗരം’ എന്നീ ലേഖന പരമ്പരകൾക്കായിരുന്നു അവാർഡുകൾ. പുസ്തകത്തിൽ തൃശൂർ ജീവിതത്തിൽ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് പൂർണമായും ഉൾക്കൊള്ളിച്ചിട്ടുള്ളത്.

 

കോടഞ്ചേരി തടത്തിൽ മാണി സാറിന്റെ മകൻ ഫ്രാൻസിസ് കോടഞ്ചേരി ഹൈസ്കൂളിൽ 1986ഇൽ എസ് എസ് എൽ സി പാസ്സായ അദ്ദേഹം തുടർന്ന് റാഞ്ചി സെന്റ് സേവിയേഴ്സ് കോളേജിൽ നിന്നും ഡിഗ്രിയും പി ജിയും കഴിഞ്ഞു കോട്ടയം ഡി ജിമിൽ നിന്നു ജേർണലിസം പാസ്സായി.

1997-98 കാലത്ത് ദീപിക കൊച്ചി ബ്യൂറോ ചീഫ് ആയി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം 1998 ൽ ദീപിക തിരുവനന്തപുരം നിയമസഭാ റിപ്പോർട്ടിങ്, 1999ൽ ദീപിക പാലക്കാട് ബ്യൂറോ ചീഫ്, 2000 ൽ കോഴിക്കോടു രാഷ്ട്ര ദീപികയുടെ എഡിറ്റർ ഇൻ ചാർജ്, അതേവർഷം കോഴിക്കോട് ബ്യൂറോ ചീഫ് എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചു. ഇക്കാലയളവിൽ മാറാട് കലാപത്തെക്കുറിച്ചും മുത്തങ്ങ വെടിവയ്പിനെക്കുറിച്ചും ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചും നടത്തിയ റിപ്പോർട്ടിങ്ങു ഏറെ ശ്രദ്ധേയമായിരുന്നു.

 

മുത്തങ്ങയിൽ വെടിവയ്പ്പ് നടക്കുക്കുമ്പോൾ സാക്ഷിയായിരുന്ന ഫ്രാൻസിസ് നടത്തിയ റിപ്പോർട്ടുകൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മാറാട് കലാപത്തെ കുറിച്ച് തയാറാക്കിയ റിപ്പോർട്ടുകൾ പിന്നീട് മാറാട് കമ്മീഷന്റെ ഫൈനൽ റിപ്പോർട്ടിലെ ശ്രദ്ധേയമായ കണ്ടെത്തലുകളായി പരിഗണിക്കപ്പെട്ടു. 2003 മുതൽ മംഗളം കോഴിക്കോട് യൂണിറ്റിലെ ന്യൂസ് എഡിറ്റർ ആയ ഫ്രാൻസിസ് മലയാള പത്ര പ്രവർത്തന രംഗത്ത് ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞവരിൽ ഒരാളായിരുന്നു. കോഴിക്കോട് ന്യൂസ് എഡിറ്റർ എന്ന നിലയിൽ വടക്കൻ കേരളത്തിലെ 6 ജില്ലകളിലെ റിപോർട്ടർമാരെയും സബ് എഡിറ്റർമാരെയും ഏകോപിച്ചുകൊണ്ടു നടത്തിയ പ്രവർത്തങ്ങളുടെ ഫലമായി മംഗളം മലബാർ മേഖലയിൽ ശ്രദ്ധേയമായ ഒരു പത്രമായി മാറി.

ദേശീയ അന്തർ ദേശീയസംസ്ഥാന തല കായിക മൽസരങ്ങൾ, സംസ്ഥാന സ്‌കൂൾ യുവജനോൽസവം റിപ്പോർട്ടിംഗ് കോ ഓർഡിനേറ്റർ, ദേശീയ സാഹിത്യോൽസവം, നിരവധി രാഷ്ട്രീയ റിപ്പോർട്ടുകൾ, അന്വേഷണാത്മക റിപ്പോർട്ടുകൾ അന്തർദേശീയ ഫിലിംഫെസ്റ്റിവൽ തുടങ്ങിയവ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി ബ്രേക്കിംഗ് ന്യൂസുകൾ പതിനൊന്നര വര്ഷം നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ തിളക്കമായി. 1999 ലെ പാര്‌ലമെന്റ് തെരഞ്ഞെടുപ്പിന് ബിഹാർ, യൂ.പി, ജാർഖണ്ഡ്, എം.പി, ഛത്തീസ്ഗഢ് , ഒറീസ്സ എന്നിവിടങ്ങളിൽ പോയി റിപ്പോർട്ട് ചെയ്‌തു.

 

2017 ജനുവരി 21 മുതൽ ഇ-മലയാളിയിലൂടെയാണ് സജീവ പത്രപ്രവർത്തനത്തേക്കു മടങ്ങിയെത്തിയത്. തന്റെ സ്വന്തം അനുഭവങ്ങൾ വിവരിക്കുന്ന ലേഖന പരമ്പരയിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കി. നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓർമ്മകൾ എന്ന 30 അധ്യായമുള്ള ലേഖനപരമ്പരയിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 15 അധ്യായങ്ങളാണ് പുസ്തകത ഉൾപ്പെടുത്തിയിട്ടുള്ളത്

അമേരിക്കയിലെ പ്രമുഖ മലയാളി ചാനലായിരുന്ന എംസിഎൻ ചാനലിന്റെ ഡയറക്റ്റർ ആയിരുന്നു . എം സി എൻ ചാനലിനു വേണ്ടി ‘കർമവേദിയിലൂടെ’ എന്ന 35 എപ്പിസോഡ് നീണ്ടു നിന്ന അഭിമുഖ പരിപാടിയിലൂടെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക -ആത്മീയ-സാമ്പത്തിക മേഖലയിലുള്ളവരെ പ്രവാസി മലയാളികൾക്ക് പരിചയപ്പെടുത്തി. കൂടാതെ അമേരിക്കൻ യുവജനങ്ങൾക്കായി ‘ഇന്ത്യ ദിസ് വീക്ക്’ എന്ന ഇംഗ്ലീഷ് ന്യൂസ് റൗണ്ട്അപ് പ്രോഗ്രാമിന്റെ സ്‌ക്രിപ്റ്റ് തയാറാക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തിരുന്നു.

ഒട്ടനവധി ജീവ കാരുണ്യപ്രവർത്തങ്ങൾക്കും നേതൃത്വം നൽകുന്ന ഫ്രാൻസിസ് ന്യൂ ജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാ. മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൗണ്ടേഷന്റെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു.

 

*** **** *** **** ***

കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക.:

  1. https://chat.whatsapp.com/GlRICKsCo3G7G6aCH9R77w

 

ഫേസ്‌ബുക് പേജ് :

https://www.facebook.com/KodancherryNews/

 

വെബ് സൈറ്റ് :

www.kodancherry.com

 

യൂട്യൂബ് ചാനൽ :

https://youtube.com/channel/UCzkGD95hHb9NwsnmwtFPgMw

Sorry!! It's our own content. Kodancherry News©