കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്ന ക്യാമ്പയിൻ ക്ലീൻ കോടഞ്ചേരി ഗ്രീൻ കോടഞ്ചേരിയുടെ ഭാഗമായി നാളെയുടെ പൗരന്മാരിൽ പുതിയ ശീലങ്ങൾ രൂപപ്പെടുത്തി എടുക്കുന്നതിന്റെ ഭാഗമായും പഞ്ചായത്ത് പരിധിയിലെ 13 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ പഞ്ചായത്തുതല ഹരിത സഭ സംഘടിപ്പിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ സ്കൂളുകളിലും ഹരിത സഭ ക്ലബ്ബുകൾ രൂപീകരിക്കുകയും മാലിന്യ സംസ്കരണത്തിന് നേതൃത്വം നൽകുകയും കുട്ടികളുടെ മേൽനോട്ടത്തിനായി ഗ്രീൻ അംബാസിഡർമാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂൾതലത്തിൽ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും ഗ്രാമപഞ്ചായത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്കാവശ്യമായ നിർദ്ദേശങ്ങളും വിവിധ സ്കൂൾ പ്രതിനിധികളായ വിദ്യാർത്ഥികൾ ഹരിത സഭ യോഗത്തിൽ അവതരിപ്പിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് തല കുട്ടികളുടെ ഹരിത സഭ യോഗം പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ചിന്ന അശോകന്റെ അധ്യക്ഷതയിൽ ചേർന്ന ഹരിത സഭ യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി റിയാനസ് സുബൈർ, സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ, ബിന്ദു ജോർജ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻസ് സെക്രട്ടറി എസ് ശ്രീനിവാസൻ, സെന്റ് ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വിജോയി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
നമ്മുടെ നാടിനെ മാലിന്യമുക്തമാക്കി മാറ്റുന്നതിൽ നൂതന പദ്ധതികൾ ആവിഷ്കരിക്കുവാനും അഭിപ്രായത്തിൽ നടപ്പിലാക്കുവാനും സ്കൂളുകളുടെ നേതൃത്വത്തിൽ എൻഎസ്എസ്, എൻ സി സി, സ്കൗട്ട് & ഗൈഡ് അടക്കമുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള വിദ്യാർത്ഥി സംഘടനകളുടെ സഹായത്തോടെ സമയബന്ധിതമായി നടപ്പിലാക്കുവാൻ ഹരിതസഭാ യോഗം തീരുമാനിച്ചു. കോടഞ്ചേരി ഹൈസ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ബോധവൽക്കരണ കലാസന്ധ്യയോട് കൂടി ഹരിത സഭ യോഗം അവസാനിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY