കൈതപ്പൊയിൽ -അഗസ്‌ത്യൻമൂഴി റോഡ്: കോടഞ്ചേരി ഭാഗത്ത് ടാറിങ് നടത്തി
കോടഞ്ചേരി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കൈതപ്പൊയിൽ-അഗസ്ത്യൻ മൂഴി റോഡിൽ കോടഞ്ചേരി ഭാഗത്ത് ടാറിങ് പൂർത്തിയാവുന്നു. കോടഞ്ചേരി പഞ്ചായത്ത് പരിധിയിൽ മുറംമ്പാത്തി മുതൽ കോടഞ്ചേരി ടൗൺ വരെയുള്ള ഭാഗങ്ങളിലാണ് ആദ്യഘട്ട ഡിബിഎം ടാറിങ് നടന്നത്.
കോടഞ്ചേരി-തമ്പലമണ്ണ -തിരുവമ്പാടി റോഡിൽ കോടഞ്ചേരി പഞ്ചായത്ത് ഓഫിസിനു മുൻ ഭാഗത്തും കുരുവൻപ്ലാക്കൽ പടിയിലും മുറമ്പാത്തി കയറ്റത്തിലും ചെറിയ ഭാഗം ടാറിങ് ഇനി ചെയ്യാനുള്ളത്.
കഴിഞ്ഞ ആറ് വർഷമായി ഈ റോഡ് നിർമാണം മൂലം ജനം യാത്രാദുരിതം അനുഭവിക്കുകയാണ്. ബസ് സർവീസ് ഉണ്ടായിരുന്ന ഈ റോഡ് കഴിഞ്ഞ ആറ് വർഷമായി റോഡ് നിർമാണത്തിൻ്റെ ഭാഗമായി കുത്തിപ്പൊളിച്ചിട്ടിരിക്കുകയായിരുന്നു. റോഡ് പണി മുടങ്ങി കിടന്നത് മൂലം മുറമ്പാത്തി അങ്ങാടിയിലെ കച്ചവടസ്ഥാപനങ്ങൾക്കും നാട്ടുകാർക്കും ഏറെ പ്രയാസങ്ങൾ നേരിടേണ്ടി വന്നു.
റോഡ് നിർമാണത്തിന് ആദ്യം കരാർ ഏറ്റെടുത്ത നാഥ് കൺസ്ട്രക്‌ഷൻ കമ്പനി നിർമാണ പണി കാലാവധിക്കുള്ളിൽ പൂർത്തിയാക്കാത്തതിനാൽ നാഥ് കൺസ്ട്രക്ഷൻ കമ്പനിയെ പൊതുമരാമത്ത് വകുപ്പ് നീക്കം ചെയ്യുകയും വീണ്ടും റീടെൻഡർ വിളിച്ച് പുതിയ കരാറുകാരനെ ഏൽപിച്ചാണ് ഇപ്പോൾ റോഡ് പണി നട ക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് പുതിയ കരാർ നൽകിയിട്ടുള്ളത്.
ആദ്യ എസ്റ്റിമേറ്റ് പ്രകാരം 84 കോടി രൂപ വകയിരുത്തിയ ഈ 20 കിലോമീറ്റർ ഭാഗത്തെ റോഡിന് 8 മീറ്റർ വീതി ഉണ്ടായിരുന്നത്, ഓരോ മീറ്റർ ഇരുഭാഗങ്ങളിലുള്ള ആളുകൾ സൗജന്യമായി സ്ഥലം വിട്ടുകൊടുക്കുമ്പോൾ 10 മീറ്റർ വീതി ആക്കുകയും, ഏഴു മീറ്റർ വീതിയിലുള്ള ടാറിംഗ് റോഡ്, യൂട്ടിലിറ്റി ഡെക്റ്റ്, അഴുക്കുചാൽ,നടപ്പാത, പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ കൈവരി, സിഗ്നലിംഗ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളുള്ള റോഡ് ആയിരുന്നു വിഭാവനം ചെയ്തിരുന്നത്.എന്നാൽ ആദ്യം തന്നെ യൂട്ടിലിറ്റി ടെക്റ്റ് ഒഴിവാക്കുകയും, പിന്നീട് നാഥ് കൺസഷൻ കമ്പനി പണികൾ പുരോഗമിക്കാതിരുന്നപ്പോൾ അവരെ ഒഴിവാക്കി പുതിയ കരാറുകാർ ഏറ്റെടുക്കുകയും മുൻപ് 7 മീറ്റർ ടാറിങ് ഉണ്ടായിരുന്ന റോഡിനെ 5.5 മീറ്റർ ടാറിങ് മാത്രമാക്കി കുറയ്ക്കുകയും ചെയ്തു,
സൗജന്യമായി സ്ഥലം വിട്ടു കിട്ടിയിട്ടും റോഡിന് ആവശ്യമായ എഗ്രിമെന്റ് പ്രകാരമുള്ള 7 മീറ്റർ വീതിയിൽ ടാറിങ് ചെയ്യാതെ അഞ്ചര മീറ്റർ ആക്കി. കിലോമീറ്ററിനു 4 കോടിയോളം രൂപ ചെലവാക്കിയിട്ടും ആറുവർഷത്തോളം പൊളിച്ചിട്ട റോഡിൽ കൂടെ കഷ്ടപ്പെട്ട് നഷ്ടം സഹിച്ചു യാത്രചെയ്ത് കാത്തിരുന്നിട്ടും വീതി കുറഞ്ഞ റോഡ് ആണ് ലഭിച്ചത്. കണ്ണോം ഈങ്ങാപ്പുഴ റോഡ് ആറര കിലോമീറ്റർ 7 കോടി രൂപയ്ക്ക് 5.5 മീറ്റർ വീതിയിൽ ആണ് ടാറിങ് പൂർത്തിയാക്കിയത്. കൂടാതെ മലയോര ഹൈവേക്കും ഏകദേശം ഇതേ 4.3 കോടി രൂപയാണ് കിലോമീറ്ററിനു ചെലവാക്കിയിരിക്കുന്നത് . 12 മീറ്റർ വീതിയിൽ 7 മീറ്റർ ടാറിങ്, ഇന്റർലോക്ക്, അഴുക്കുചാല് നടപ്പാത തുടങ്ങി ആ റോഡിനുള്ള സൗകര്യമോ ഗുണമേന്മയുടേയോ പകുതി പോലും ഈ റോഡിന് ഇല്ല എന്നാണ് ജനങ്ങൾ പറയുന്നത്.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY