കലുങ്ക് നിർമ്മാണം പൂർത്തിയായിട്ട് ഒരു വർഷം.. അപ്പ്രോച്ച് ഇതുവരെയും നിർമ്മിച്ചില്ല
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ 15-ാം വാർഡിൽ പൂക്കോട്ടിപ്പടി- പനച്ചിക്കൽതാഴെ റോഡിൽ പുതിയ കലുങ്ക് പണിതിട്ട് ഒരു വർഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിർമിക്കാതെ കിടക്കുന്നു.2019-20 സാമ്പത്തിക വർഷം എം.എൽ.എ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചത് കലുങ്കും അനുബന്ധ റോഡും പണിയുന്നതിനാണ്. പണി തുടങ്ങിയെങ്കിലും അന്ന് അനുവദിച്ച തുക കൊണ്ട് കലുങ്കുപണി പൂർത്തിയായില്ല.വീണ്ടും എം.എൽ.എ ഫണ്ടിൽ 30 ലക്ഷം കൂടി അനുവദിച്ചു. ഒരു വർഷം മുൻപ് കലുങ്ക് പണി പൂർത്തിയായെങ്കിലും അനുബന്ധ റോഡ് ഇതുവരെയും നിർമിച്ചില്ല.
അനുവദിച്ച ഫണ്ട് തികഞ്ഞില്ലെന്ന കാരണത്താൽ അനുബന്ധ റോഡ് പണി മുടങ്ങി. പിന്നീട് ജില്ല പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ച് അപ്രോച്ച് റോഡ് പണിയുന്നതിന് കഴിഞ്ഞ മാർച്ചിൽ പുതിയ ടെൻഡർ ചെയ്തെങ്കിലും സാങ്കേതിക തടസ്സങ്ങളുടെ പേരിൽ തുടർ നടപടി ഉണ്ടായില്ല. ഗ്രാമവികസന വകുപ്പിന്റെ എൽ.എസ്.ജി.ഡി എൻജിനീയർ വിഭാഗ മാണ് കലുങ്കിന്റെയും അപ്രോച്ച് റോഡിൻ്റെയും നിർമാണ മേൽ നോട്ടം വഹിക്കുന്നത്.
കലുങ്കും അനുബന്ധഡും പണിയുന്നതിന് 60 ലക്ഷം രൂപ അനുവദിച്ചിട്ടും ഫണ്ട് തികഞ്ഞില്ലെന്നു പറയുന്നത് ക്രമക്കേടിന് ഒത്താശ ചെയ്യുന്നതാ ണെന്നു നാട്ടുകാർ ആരോപിക്കുന്നു. എട്ടോ, പത്തോ ലോഡ് മണ്ണ് കൊണ്ടുവന്നിട്ട് കലുങ്കിൻ്റെ രണ്ടറ്റത്തുമുള്ള റോഡു മായി ബന്ധിപ്പിച്ച് ഗതാഗതം ആരംഭിക്കുന്നതിനു സൗകര്യം ഒരുക്കുന്നതിനും നടപടിയില്ല.
60 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ഈ പണി പൂർത്തിയാകാത്ത കലുങ്ക് കൊണ്ട് ഒരുപാട് പൊതു ജനങ്ങൾക്ക് പ്രത്യേകിച്ചൊരു ഉപകാരപ്രദമാണെന്ന് തോന്നുന്നില്ല. നിലവിൽ ഒരു ബദൽ റോഡ് സംവിധാനമായിട്ടും ഇതിനെ കാണാൻ കഴിയില്ല.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/D9psbaB4vbsIee9h6WvuEN