പുല്‍പ്പള്ളിയില്‍ വനംവകുപ്പിനെതിരെ നാട്ടുകാര്‍; ജീപ്പിനുനേരെ ആക്രമണം, കാറ്റഴിച്ചുവിട്ടു

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ എത്തിച്ചു. പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുകയാണ്. രണ്ട് സംഘമായിട്ടായിരുന്നു ആദ്യം പ്രതിഷേധം നടന്നത്. ട്രാഫിക് ജംക്ഷനിലും ബസ് സ്റ്റാൻഡിലുമായിരുന്നു പ്രതിഷേധം നടന്നത്. നിലവിൽ ബസ് സ്റ്റാൻഡിൽ മൃതദേഹം വച്ച് നാട്ടുകാ‍ർ പ്രതിഷേധിക്കുകയാണ്. ആയിരക്കണക്കിനു പേരാണ് ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്. വനംവകുപ്പിന് എതിരെ കനത്ത പ്രതിഷേധമാണു നടക്കുന്നത്. ജീപ്പ് തടഞ്ഞ പ്രതിഷേധക്കാര്‍ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറി. വനംവകുപ്പ് എന്നെഴുതിയ റീത്ത് ജീപ്പിൽ വച്ചു. വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെയും നാട്ടുകാര്‍ പ്രതിഷേധിച്ചു. കേണിച്ചിറയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡം വനംവകുപ്പിന്റെ വാഹനത്തിൽ നാട്ടുകാർ കെട്ടി.

ഉന്നയിച്ച ആവശ്യങ്ങളിൽ ഉറപ്പുലഭിച്ചെങ്കിൽ മാത്രമേ മൃതദേഹം നഗരത്തിൽനിന്നു വീട്ടിലേക്കു മാറ്റു എന്ന നിലപാടിലാണു പ്രതിഷേധക്കാർ. പോളിന്റെ കുടുംബത്തിന് 50 ലക്ഷം, ജോലി, കടം എഴുതിത്തള്ളണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചിരിക്കുന്നത്. പ്രതിഷേധങ്ങൾക്കും തുടർ നടപടികൾക്കുമായി 10 അംഗ കമ്മിറ്റി രൂപീകരിച്ചു. പുൽപ്പള്ളി പഞ്ചായത്തിനു മുന്നിലും പ്രതിഷേധമുണ്ടായി. ചർച്ചയല്ല ആവശ്യം പരിഹാരമാണ് ഇനി വേണ്ടതെന്നാണ് നാട്ടുകാർ പറഞ്ഞത്.

മൃതദേഹം വിലാപയാത്രയായി പാക്കത്തെ വീട്ടിൽ എത്തിക്കും. പോളിന്റെ വീടിന് മുൻപിൽ വൻ ജനാവലിയാണു തടിച്ചുകൂടിയിരിക്കുന്നത്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടക്കുന്നുണ്ട്. പോളിന്റെ മൃതദേഹം ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ രാവിലെ 9.40ന് ആണ് പുൽപ്പള്ളിയിൽ എത്തിച്ചത്. സംസ്കാരം ഉച്ചകഴിഞ്ഞ് 3ന്. പ്രതിഷേധ സാധ്യത കണക്കിലെടുത്തു വയനാട് കലക്ടറേറ്റിന് മുന്നിൽ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെ തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു.

ഇന്നലെ രാവിലെ 9.15നും 9.30നും ഇടയിലാണു കുറുവദ്വീപിലേക്കുള്ള വഴിയിൽ വനത്തിനുള്ളിലെ ചെറിയമല ജംക്‌ഷനിൽ ഡ്യൂട്ടിക്കിടെ പോളിനെ കാട്ടാന ആക്രമിച്ചത്. വാരിയെല്ലുകൾക്കു ഗുരുതര പരുക്കേറ്റിരുന്നു. പോളിനെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ചു ചികിത്സ നൽകി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പടമല ചാലിഗദ്ദയിൽ കർഷകൻ അജീഷിനെ, കർണാടക തുരത്തിയ മോഴയാന ചവിട്ടിക്കൊന്ന സ്ഥലത്തുനിന്ന് 7 കിലോമീറ്റർ മാത്രമകലെയാണ് പോൾ ആക്രമണത്തിനിരയായത്. ആനക്കൂട്ടത്തിൽ 5 ആനകളുണ്ടായിരുന്നു. ഇവയിലൊന്നാണ് പോളിനെ ആക്രമിച്ചത്.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©