ആര്‍.സി, ലൈസന്‍സ് അച്ചടി പുനരാരംഭിക്കും: 8.66 കോടി രൂപ അനുവദിച്ചു; വിതരണം ഓഫീസുകള്‍ വഴി

തിരുവനന്തപുരം: ആര്‍.സി, ഡ്രൈവിങ് ലൈസന്‍സ് അച്ചടി ഉടന്‍ പുനരാരംഭിക്കും. നവംബര്‍വരെയുള്ള അച്ചടിക്കൂലി കുടിശ്ശികയായ 8.66 കോടി രൂപ ഐ.ടി.ഐ. ലിമിറ്റഡിന് അനുവദിച്ചു. ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിലാണ് തീരുമാനം. രേഖകളുടെ വിതരണം മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകള്‍ വഴിയായിരിക്കും. തപാല്‍കൂലിയില്‍ ആറുകോടി രൂപ കുടിശ്ശികയുള്ള സാഹചര്യത്തിലാണ് ഈ ക്രമീകരണമെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വാഹന ഉടമകള്‍ മൂന്നുമാസമായി അനുഭവിക്കുന്ന പ്രശ്നത്തിനാണ് താത്കാലിക പരിഹാരമായത്. നവംബര്‍ മുതലാണ് അച്ചടി നിര്‍ത്തിവച്ചത്. ഫെബ്രുവരി വരെ ഇരുവിഭാഗങ്ങളിലുമായി പത്തുലക്ഷത്തോളം കാര്‍ഡുകള്‍ അച്ചടിക്കേണ്ടതുണ്ട്. നേരത്തെയുള്ള കുടിശ്ശിക മാത്രമാണ് തീര്‍ത്തിട്ടുള്ളത്. ഇനി അച്ചടിക്കുന്ന കാര്‍ഡുകള്‍ക്കുള്ള പ്രതിഫലവും വൈകാനിടയുള്ളതിനാല്‍ കരാര്‍ സ്ഥാപനം വേഗത്തില്‍ അച്ചടി പൂര്‍ത്തിയാക്കാനിടയില്ല.

കാര്‍ഡുകള്‍ ഓഫീസുകളിലേക്ക് എത്തിച്ച് വിതരണം ചെയ്യുക ഏറെ ശ്രമകരമാണ്. രേഖകള്‍ കൈപ്പറ്റാനെത്തുന്നവരുടെ തിരക്ക് ഓഫീസുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. തപാല്‍ക്കൂലി മുന്‍കൂര്‍ അടച്ചവരാണ് ഇനി ഓഫീസുകള്‍ കയറി ഇറങ്ങേണ്ടിവരുക. ഓഫീസുകള്‍ വഴിയുള്ള രേഖകളുടെ വിതരണം ക്രമക്കേടിന് ഇടയാക്കുന്നുവെന്ന വിജലന്‍സ് കണ്ടെത്തലിനെ തുടര്‍ന്നാണ് കേന്ദ്രീകൃത അച്ചടിയിലേക്ക് മാറിയത്. കൊച്ചി തേവരയിലാണ് അച്ചടികേന്ദ്രം സ്ഥാപിച്ചത്.

ആര്‍.സി, ഡ്രൈവിങ് ലൈസന്‍സ് അച്ചടിക്ക് അപേക്ഷകരില്‍നിന്ന് കാര്‍ഡൊന്നിന് 200 രൂപ വീതം ഈടാക്കുന്നുണ്ടെങ്കിലും തുക നേരിട്ട് ട്രഷറിയിലേക്കാണ് സ്വീകരിക്കുന്നത്. ഇതിന്റെ ചെലവ് പിന്നീട് സര്‍ക്കാര്‍ അനുവദിക്കുകയാണ് പതിവ്. സാമ്പത്തിക പ്രതിസന്ധി കാരണം തുക അനുവദിക്കാന്‍ വൈകിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളിലെ കടലാസ്, പ്രിന്റിങ് സാമഗ്രികള്‍ വിതരണം ചെയ്തതിന് സി-ഡിറ്റിന് നല്‍കാനുള്ള 6.34 കോടി രൂപയും ഉള്‍പ്പെടെ 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ അറ്റകുറ്റപ്പണിക്കും സി-ഡിറ്റിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. നവംബര്‍ ആദ്യവാരമാണ് തുക ആവശ്യപ്പെട്ട് മോട്ടോര്‍വാഹനവകുപ്പ് ധനവകുപ്പിന് കത്ത് നല്‍കിയത്.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3

Sorry!! It's our own content. Kodancherry News©