കനത്ത ചൂടിന്റെ പിടിയിൽ ബെംഗലുരു, കടന്ന് പോയത് 50 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ രണ്ടാം ദിനം
ബെംഗലുരു കനത്ത ചൂടിന്റെ പിടിയിൽ. ഇന്ന് ബെംഗലുരു നഗരത്തിൽ രേഖപ്പെടുത്തിയത് 38.5 ഡിഗ്രി സെൽഷ്യസ് ചൂടാണ്. അരനൂറ്റാണ്ടിനിടെ ബെംഗലുരു നഗരത്തിൽ അനുഭവപ്പെടുന്ന ഏറ്റവും കൂടിയ അന്തരീക്ഷ താപമാണ് ഇത്. ചൂട് അതി രൂക്ഷമാവുകയും ജല ക്ഷാമം രൂക്ഷമായി തുടരുകയും ചെയ്തതോടെ മഴയെത്തുമെന്ന് കാലാവസ്ഥാ പ്രവചനത്തിൽ കാത്തിരിക്കുകയാണ് നഗരവാസികൾ.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിശദമാക്കുന്നത് അനുസരിച്ച് 2016ലാണ് സമാനമായ രീതിയിൽ താപനില എത്തിയത്. ഒരു ദിവസത്തിനുള്ളിൽ 3.3 ഡിഗ്രി സെൽഷ്യസാണ് അന്തരീക്ഷ താപ നില കൂടിയത്. മാർച്ച് മാസത്തിലും ഏപ്രിലിലും രൂക്ഷമായ ചൂടാണ് ബെംഗലുരുവിലുണ്ടായത്. ഏപ്രിൽ 30 വരെ മഴ പെയ്യാനുള്ള സാധ്യതകൾ കാലാവസ്ഥാ വിഭാഗം തള്ളിയിട്ടുണ്ട്.മെയ് 1, 2 തിയതികളിൽ ചൂടിന് ആശ്വാസമായി മഴയെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഏറ്റവുമൊടുവിലായി നഗരത്തിൽ മഴ പെയ്തത് കഴിഞ്ഞ വർഷം നവംബർ 21നായിരുന്നു. ഇതിന് പിന്നാലെ ജനുവരി 11ഓടെ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നുവെങ്കിലും മഴ നഗരവാസികളുടെ മേലെ കനിഞ്ഞില്ല. ഭൂർഗഭ ജലനിരപ്പിനേയും കനത്ത ചൂട് സാരമായി ബാധിച്ചിട്ടുണ്ട്.