കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമഗ്നനായി പ്രധാനമന്ത്രി
കന്യാകുമാരി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമഗ്നനായി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച രാത്രി ഏഴരയോടെ ആരംഭിച്ച, 45 മണിക്കൂർനീളുന്ന ഏകാന്തധ്യാനത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. വെള്ളിയാഴ്‌ച പൂർണമായും ധ്യാനനിരതനാകുന്ന മോദി ശനിയാഴ്ച ഉച്ചയ്ക്കുശേഷം മടങ്ങും. കന്യാകുമാരിയും പരിസരവും വൻസുരക്ഷയിലാണ്.
ഹെലികോപ്ടറിൽ തമിഴ്‌നാട് ഗസ്റ്റ് ഹൗസിലെ ഹെലിപ്പാഡിൽ വ്യാഴാഴ്ച വൈകീട്ട് 5.10-നാണ് തിരുവനന്തപുരത്തുനിന്ന് പ്രധാനമന്ത്രിയെത്തിയത്. ഗസ്റ്റ് ഹൗസിലെത്തിയശേഷം ദർശനത്തിന് ഭഗവതിക്ഷേത്രത്തിലേക്കുപോയി. കസവുനേര്യതണിഞ്ഞ് ഭഗവതിയെ വണങ്ങി പ്രസാദവും ഭഗവതിയുടെ വർണചിത്രവും സ്വീകരിച്ചു. ദീപാരാധന തൊഴുതു. ഒറ്റയ്ക്ക് പ്രദക്ഷിണംനടത്തിയ മോദി ക്ഷേത്രത്തിലെ കാലഭൈരവൻ, ഹനുമാൻ വിഗ്രഹങ്ങളെയും വണങ്ങി.തുടർന്ന് തമിഴ്നാട് പൂംപുഹാർ ഷിപ്പിങ് കോർപ്പറേഷൻ്റെ വിവേകാനന്ദൻ എന്ന ബോട്ടിൽ വിവേകാനന്ദപ്പാറയിലേക്ക് തിരിച്ചു.
ദേവി കന്യാകുമാരി തപസ്സുചെയ്തെന്ന് വിശ്വസിക്കുന്ന ശ്രീപാദപ്പാറയിലും തൊഴുതു. തുടർന്ന് പടികയറി സഭാഗൃഹത്തിലേക്ക് പ്രവേശിച്ചു. പ്രതിമയ്ക്കുമുന്നിൽ വണങ്ങി. വിവേകാനന്ദമണ്ഡപത്തിൽനിന്ന് പുറത്തിറങ്ങി പ്രദക്ഷിണംവെച്ചു.ധ്യാനം പൂർത്തിയാക്കി ശനിയാഴ്ച മൂന്നരയ്ക്ക് ഹെലികോപ്‌ടറിൽ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഡൽഹിയ്ക്കുമടങ്ങും. മോദിയുടെ വരവിനുമുന്നോടിയായി സന്ധ്യയോടെ വിവേകാനന്ദപ്പാറയും തിരുവള്ളുവർ പ്രതിമയും ദീപങ്ങളാൽ അലങ്കരിച്ചിരുന്നു.