മലബാർ റിവർ ഫെസ്റ്റിവൽ: മഴ നനഞ്ഞ് മലയോരത്തിലലിഞ്ഞ് തുഷാരഗിരിയിലെ മഴ നടത്തം
പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തുഷാരഗിരിയിൽ മഴ നടത്തം സംഘടിപ്പിച്ചു. ഇരവഞ്ഞിപ്പുഴയുടെ പോഷക നദിയായ ചാലിപ്പുഴയിലെ അതിമനോഹര വെള്ളച്ചാട്ടമായ തുഷാരഗിരിയൂടെ സമീപത്ത് നിന്നാരംഭിച്ച് , പ്രാക്തന ഗോത്ര സംസ്കാരത്തിന്റെ പ്രൗഡ സ്മരണകൾ പേറുന്ന വട്ടച്ചിറ ഉന്നതിയുടെ പ്രാന്തങ്ങളിലൂടെ പശ്ചിമഘട്ട വനപർവ്വങ്ങളുടെ ഗാംഭീര്യം തുളുമ്പുന്ന മഴവിൽച്ചാട്ടം വരെ മലയോരത്തിന്റെ കുളിർമയും മനോഹാരിതയും അനുഭവിച്ചറിഞ്ഞ് ജീവിതകാലത്തെങ്ങും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു സുന്ദര യാത്രയായി മഴനടത്തം സംഘടിപ്പിച്ചു. മുന്നൂറോളം ആളുകളാണ് ഈ യാത്രയുടെ ഭാഗമായത്. ഫോറസ്റ്റ്, പോലീസ്, ടൂറിസ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംഘം യാത്രക്ക് അകമ്പടിയും സംരക്ഷണവും നൽകി.
വയനാട്ടിലേക്കെത്തുന്ന സ്ത്രീകളടക്കമുള്ള സന്ദർശകർക്കായി, കൽപ്പറ്റക്കടുത്ത് ചെന്നലോടിൽ ‘ലോസ്റ്റ് മോങ്ക്സ്’ എന്ന ബാക്ക്പാക്കേഴ്സ് ഹോസ്റ്റൽ നടത്തുന്ന നീതു സജിയുടെ ഇരൂന്നൂറംഗ സംഘം, കോഴിക്കോട് മുക്കം ഡോൺ ബോസ്കോ കോളേജ് മാമ്പറ്റയിലെയും, ഈങ്ങാപ്പുഴ ലിസ കോളേജിലെയും അദ്ധ്യാപകരുടെ നേതൃത്വത്തിലെത്തിയ വിദ്യാർത്ഥിനികൾ എന്നിവരായിരുന്നു യാത്രയിലെ പ്രധാന പങ്കാളികൾ. രാവിലെ ഒമ്പത് മണിയോടെ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അദ്ധ്യക്ഷതയിൽ തുഷാരഗിരി ഡി.ടി.പി.സി സെന്ററില്‍ വച്ച് നടന്ന ചടങ്ങിൽ കേരള ടൂറിസം ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ ശ്രീ. എസ്.കെ.സജീഷ് മഴനടത്തം ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ, മെമ്പർമാരായ ലിസി ചാക്കോ, റോസമ്മ കയത്തിങ്കൽ, റോസിലി മാത്യു, സൂസൻ കേഴപ്ലാക്കൽ, ലീലാമ്മ കണ്ടത്തിൽ, റിയാനസ് സുബൈർ, ഡിറ്റിപിസി ഡെസ്റ്റിനേഷൻ മാനേജർ ഷെല്ലി കുന്നേൽ, മലബാർ റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റ്സ് കൺവീനർ അജു എമ്മാനുവൽ, കമ്മിറ്റി ഭാരവാഹികളായ ശരത് സി.എസ്., ഷെജിൻ തുടങ്ങിയവർ സംസാരിച്ചു.