വയനാട് ഉരുള്‍പൊട്ടല്‍: താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു
ഉരുൾപൊട്ടല്‍ ദുരന്തം : ചൂരല്‍മല ടൗണ്‍ വരെ വൈദ്യുതി എത്തിച്ചു, പുന:സ്ഥാപന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം ഉത്തരകേരളത്തിലും മധ്യകേരളത്തിന്റെ ചില ഭാഗങ്ങളിലും കനത്ത മഴയും കാറ്റും തീവ്രമായ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിനെത്തുടർന്ന് ദുരന്തഭൂമിയായി മാറിയ മേപ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മേഖലയിൽ മൂന്ന് കിലോമീറ്ററിലേറെ ഹൈ ടെൻഷൻ ലൈനുകളും എട്ടു കിലോമീറ്ററിലേറെ ലോ ടെൻഷൻ ലൈനുകളും പൂർണമായി തകർന്നിട്ടുണ്ട്.
ഉരുൾപൊട്ടലിൽ രണ്ട് ട്രാൻസ്‌ഫോർമറുകൾ ഒഴുകി കാണാതാവുകയും ആറ് ട്രാൻസ്‌ഫോർമറുകൾ തകർന്ന് നിലംപൊത്തുകയും ചെയ്തു. ഈ പ്രദേശത്തെ 1000 ഓളം ഉപഭോക്താക്കൾക്കുള്ള വൈദ്യുതി വിതരണ സംവിധാനം പൂർണമായും തകർന്നിട്ടുണ്ട്. കുറഞ്ഞത് 3 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഈ മേഖലയിൽ മാത്രം ഉണ്ടായിട്ടുള്ളതായാണ് പ്രാഥമിക വിലയിരുത്തൽ.ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത് പ്രധാനപ്പെട്ട ഒരു പാലവും റോഡുകളും ഒലിച്ചുപോയതിനാലും രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനാലും അവിടേയ്ക്കു കടന്ന് നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനോ വൈദ്യുതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോ സാധിച്ചിട്ടില്ല. എന്നാൽ ദുരന്തഭൂമിയുടെ സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്.
ദുരന്തം നടന്നതിനു മറുഭാഗത്തുള്ള രണ്ടായിരത്തോളം വരുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിയ്ക്കണമെങ്കിൽ തകർന്ന ലൈനുകൾ പുനഃസ്ഥാപിച്ചാൽ മാത്രമേ സാധിക്കുകയുള്ളു . രക്ഷാപ്രവർത്തനം പൂർത്തീകരിച്ചാൽ മാത്രമേ ഈ പ്രവർത്തനം ആരംഭിക്കാനാകൂ. വൈദ്യുതി പുനഃസ്ഥാപനത്തിന് ആവശ്യമായ എ ബി സി കേബിളുകളും ട്രാൻസ്ഫോർമറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. അവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചിട്ടുമുണ്ട്.മുണ്ടക്കൈ, ചൂരൽമല പ്രദേശം മേപ്പാടി സെക്ഷനിൽ നിന്നും ഏകദേശം 16 കി മി അകലെയാണ് .
കനത്ത മഴയിൽ ഇന്നലെ മുതൽക്കുതന്നെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം തകരാറിലായിരുന്നു . ഉരുൾപൊട്ടൽ ഉണ്ടായ പുലർച്ചെ 2 മണി മുതൽ സെക്ഷനിലെ ജീവനക്കാർ ഫീൽഡിൽ ഉണ്ടായിരുന്നു. ഏകദേശം പുലർച്ചയോടു കൂടി ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കി മി വരെയുള്ള പ്രദേശത്തു വൈദ്യുതിബന്ധം പുനഃ സ്ഥാപിച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടി ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെ വൈദ്യുതിയെത്തിച്ചു. 2 മണിയോടെ ഉരുൾപൊട്ടലിൽ പാലം ഒലിച്ചുപോയ ചൂരൽമല ടൌൺ വരെ 11 kV ലൈൻ പുനഃ സ്ഥാപിച്ചു വൈദ്യുതിയെത്തിച്ചിട്ടുണ്ട്. നിലവിൽ മേപ്പാടി ടൗണിലും പ്രധാന ആശുപത്രികളായ വിംസ് മെഡിക്കൽ കോളേജ്, മേപ്പാടി ഗവണ്മെന്റ് ഹോസ്‌പിറ്റൽ എന്നിവിടങ്ങളിലും വൈദ്യുതി വിതരണം ഉറപ്പു വരുത്തിയിട്ടുണ്ട്. ഈ പ്രദേശത്തും ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽമല പ്രദേശത്തും സബ് എഞ്ചിനിയറുടെ നേതൃത്വത്തിൽ 2 ടീമുകളെ വാഹനസഹിതം 24 മണിക്കൂറും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. കൽപ്പറ്റ 33 കെ വി സബ്‌സ്റ്റേഷനിൽ വെള്ളം കയറിയിട്ടുള്ളതിനാൽ അവിടെ നിന്നുള്ള വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട് . എന്നാൽ കൽപ്പറ്റ ടൗണിലും പ്രധാനപ്പെട്ട ആശുപത്രികൾ എന്നിവിടങ്ങളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചിട്ടുണ്ട്വടകര സർക്കിളിനു കീഴിൽ ഉരുൾപൊട്ടലും വെള്ളക്കെട്ടും കാരണം പരപ്പുപാറ, പാറക്കടവ് എന്നീ സെഷനുകളിലെ മുഴുവൻ ഫീഡറും നിലവിൽ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പ്രാഥമികമായ വിലയിരുത്തലിൽ നാദാപുരം ഡിവിഷന്റെ കീഴിൽ 24 ട്രാൻസ് ഫോർമറുകൾ വെള്ളം കയറിയതിനാൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചാലും ചാർജ് ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. വടകര ഡിവിഷന്റെ കീഴിൽ 27 ട്രാൻസ്ഫോർമറുകൾ വെള്ളം കയറിയതിനാൽ ഓഫ് ചെയ്ത് വച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം നാദാപുരം ഡിവിഷന്റെ കീഴിൽ 85 ഉം വടകര ഡിവിഷന്റെ കീഴിൽ 46 ഉം വൈദ്യുതിത്തൂണുകൾ തകർന്നിട്ടുണ്ട്. നാദാപുരം ഡിവിഷനിൽ നിലവിൽ പരപ്പുപാറ, പാറക്കടവ്, നടുവണ്ണൂർ, തൊട്ടിൽപ്പാലം തുടങ്ങിയ സെക്ഷനുകളിലാണ് കൂടുതലായി പ്രകൃതി ക്ഷോഭം ബാധിച്ചിട്ടുള്ളത് .
വടകര ആയഞ്ചേരി സെക്ഷനും കൊയിലാണ്ടി സബ് ഡിവിഷനു കീഴിലെ മൂടാടി, തിക്കോടി, കൊയിലാണ്ടി നോർത്ത്, കൊയിലാണ്ടി സൗത്ത്, മേലടി സെക്ഷൻ തുടങ്ങിയവയാണ് തീവ്രമായി പ്രകൃതി ക്ഷോഭം ബാധിച്ച സെക്ഷനുകൾ.ശ്രീകണ്ഠാപുരം സർക്കിൾ പരിധിയിലും വലിയ നാശനഷ്ടങ്ങളുണ്ടായി. തിങ്കളാഴ്ചയിലെ പേമാരിയിൽ ഈമേഖലയിൽ, പ്രത്യേകിച്ച് ഇരിട്ടി ഡിവിഷൻ പരിധിയിൽ ശിവപുരം, മട്ടന്നൂർ, ഇരിക്കൂർ, പയ്യാവൂർ എന്നീ സെക്ഷനുകളുടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. മട്ടന്നൂർ സെക്ഷന്റെ പരിധിയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. കേളകം സെക്ഷൻ പരിധിയിൽ ചെറിയ തോതിൽ ഉരുൾ പൊട്ടൽ ഉണ്ടായതിനാൽ 49 ട്രാൻസ്‌ഫോർമറുകൾ ഓഫ് ചെയ്ത് വെച്ചിരിക്കുന്നു. സർക്കിൾ പരിധിയിൽ ഏകദേശം 27,970 ഉപഭോക്താക്കളെ വൈദ്യുതി തടസ്സം ബാധിച്ചിട്ടുണ്ട്. രാത്രിയിൽ ഉണ്ടാകുന്ന കാറ്റിൽ മരങ്ങൾ കടപുഴകി വീണ് 160 പോസ്റ്റുകൾ തകർന്നു.വൈദ്യുതി പുന:സ്ഥാപനം വേഗത്തിലാക്കുക ലക്ഷ്യമിട്ട് കേരളത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് നിരവധി കെ എസ് ഇ ബി ജീവനക്കാരെ മലബാർ മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്.
താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം. അത്യാവശ്യ യാത്രക്കാർ മാത്രമേ ചുരം വഴി പോകാവൂ.
ബംഗളൂരുവിലെ കോര്‍പറേറ്റ് കമ്പനികളോട് സഹായം അഭ്യര്‍ത്ഥിച്ച് കര്‍ണാടക സര്‍ക്കാര്‍
സര്‍ക്കാര്‍ നേരിട്ടും സംസ്ഥാനത്തെ ദുരന്തഭൂമിയിൽ സഹായം നൽകാൻ എത്തുന്നുണ്ട്. കർണാടക പിഡബ്ല്യുഡി വിഭാഗത്തിന്റെ പ്രത്യേക സംഘം മണ്ണ് നീക്കലിന് സഹായിക്കാൻ നാളെ വയനാട്ടിലേക്ക് എത്തും. ബാംഗ്ലൂർ – വയനാട് ദേശീയ പാത 766-ൽ ഗുണ്ടൽപേട്ട് വഴി കേരളത്തിലേക്കുള്ള യാത്ര തത്കാലം കര്‍ണാടക നിരോധിച്ചിട്ടുണ്ട്. മുൻകരുതലെന്ന നിലയിലാണ് തീരുമാനം. പകരം യാത്രക്കാർ ഗുണ്ടൽപേട്ട് – ബന്ദിപ്പൂർ – ഗൂഡലൂർ വഴി പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബംഗളുരുവിലെ കോർപ്പറേറ്റ് കമ്പനികളടക്കം കർണാടകയിലെ കമ്പനികളോട് കേരളത്തിന് വേണ്ടി കര്‍ണാടക സര്‍ക്കാർ സഹായം തേടി. കമ്പനികളുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് പരമാവധി സഹായം കേരളത്തിന് എത്തിച്ച് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ ദുരന്ത മേഖലയിലേക്ക് വേണ്ട അവശ്യ വസ്തുക്കളായോ പണമായോ വസ്ത്രങ്ങളായോ സന്നദ്ധ പ്രവർത്തനത്തിന്റെ രൂപത്തിലോ സഹായം എത്തിക്കാനാണ് അഭ്യർത്ഥിച്ചത്.
സംസ്ഥാനത്തേക്ക് രണ്ട് ഐഎഎസ് ഓഫീസർമാരെ നിയോഗിച്ചു. മലയാളികളായ പി .സി ജാഫർ, ദിലീഷ് ശശി എന്നിവരെയാണ് നിയോഗിച്ചത്. രക്ഷാപ്രവർത്തനത്തിന് വേണ്ട സഹായം കർണാടകയിൽ നിന്ന് എത്തിക്കും. ബന്ദിപ്പൂർ വഴി രാത്രി യാത്രാ നിരോധനം ഉണ്ടെങ്കിലും സഹായത്തിന് പോകുന്ന സർക്കാർ വാഹനങ്ങളെ കടത്തി വിടും, നിയന്ത്രണം ഉണ്ടാവില്ല. എല്ലാ സഹായത്തിനും കർണാടക തയ്യാറെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
കേരളത്തിന് സഹായവുമായി തമിൾ നാടും മുൻപന്തിയിൽ..
മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്നു
51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു
ആരോഗ്യ വകുപ്പിന്റെ സത്വര ഇടപെടലുകള്‍
വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്നു. ജില്ലകളുടെ പൊതു സാഹചര്യവും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായും ചര്‍ച്ച ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചു. ഓരോ ക്യാമ്പിലും ഒരു ആരോഗ്യ പ്രവര്‍ത്തകന് വീതം ചുമതല നല്‍കാന്‍ നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി നടപടികള്‍ സ്വീകരിച്ചു. ആവശ്യമായ സ്ഥലങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കാന്‍ നിര്‍ദേശം നല്‍കി. സ്റ്റേറ്റ് ആര്‍ആര്‍ടി യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
മേപ്പാടിയിലും നിലമ്പൂരിലുമായി 51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ വയനാടിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ജനിതക പരിശോധനകള്‍ നടത്താനുള്ള സംവിധാനമൊരുക്കി. അധിക മോര്‍ച്ചറി സൗകര്യങ്ങളുമൊരുക്കി. മൊബൈല്‍ മോര്‍ച്ചറി സൗകര്യങ്ങള്‍ ക്രമീകരിച്ചു.
പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധം ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം. ജലജന്യ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ.
വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ മരുന്നുകളുടേയും സുരക്ഷാ സാമഗ്രികളുടേയും ലഭ്യത ഉറപ്പാക്കണം. വയനാടിലേക്ക് കൂടുതല്‍ മരുന്നുകളെത്തിച്ചു. വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ ഗര്‍ഭിണികളുടേയും കുട്ടികളുടേയും കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു വരുന്നു.
വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള സാഹചര്യം നേരിടുന്നതിന് ആരോഗ്യ വകുപ്പ് സത്വര നടപടികള്‍ സ്വീകരിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സ്ഥലത്ത് വേണ്ടത്ര ക്രമീകരണങ്ങള്‍ നടത്താന്‍ വകുപ്പിന് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇതുകൂടാതെ മന്ത്രി നേരിട്ട് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പ് നടത്തി വരുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തുകയും തുടര്‍നടപടികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
വയനാട്ടില്‍ പ്രാദേശികമായി ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടറെ രാവിലെതന്നെ നിയോഗിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറും സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കി വരുന്നു. ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും സജ്ജമാക്കി. പോളിടെക്‌നിക്കിലെ താല്‍ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു.
ജില്ലയിലെ ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കി. വയനാട് അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചു. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ടീമിനെ വയനാടേയ്ക്ക് അയച്ചു. കോഴിക്കോട്ട് നിന്നുള്ള രണ്ട് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, കാര്‍ഡിയോളജി, സൈക്യാട്രി, ഫോറന്‍സിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരേയും അധികമായി നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടരുടെ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ദുരന്ത മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ള ഡോക്ടര്‍ സംഘവും സ്ഥലത്ത് എത്തുന്നതാണ്.
വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അവധിയിലുളള ആരോഗ്യ പ്രവര്‍ത്തകരോട് അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. ആവശ്യമായ മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിച്ചു വരുന്നു. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അധികമായി എത്തിച്ചു. മലയോര മേഖലയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കാന്‍ നിര്‍ദേശം നല്‍കി. ആശുപത്രികളുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു.
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.
ടെലിഫോണ്‍ വഴിയുള്ള കൗണ്‍സലിങ്ങിനും മറ്റു മാനസികാരോഗ്യ സേവനങ്ങള്‍ക്കുമായി ടെലി മനസ് ശക്തിപ്പെടുത്തി. ടെലി മനസ് ടോള്‍ഫ്രീ നമ്പരില്‍ (14416) 24 മണിക്കൂറും സേവനം ലഭ്യമാണ്.
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ശക്തിപ്പെടുത്തി 24 മണിക്കൂറാക്കി. 0471 2303476, 0471 2300208 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍, ആര്‍ആര്‍ടി അംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
മലപ്പുറം ജില്ലയിൽ കണ്ടെത്തിയ മൃത ദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മേപ്പാടി ആശുപത്രിയിലേക്ക് കൊണ്ട് വരും. നടപടികൾ വേഗത്തിലാക്കാൻ തൃശൂർ കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഡോക്റ്റർമാരെ നിയോഗിച്ചിട്ടുണ്ട്.
മൃഗസംരക്ഷണ മേഖലയിലെ നാശനഷ്ടങ്ങള്‍ അറിയിക്കണം
കാലവര്‍ഷത്തോടനുബന്ധിച്ച് ജില്ലയില്‍ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കര്‍ഷകര്‍ അതാത് പഞ്ചായത്ത് തല വെറ്ററിനറി സര്‍ജന്‍മാരെ അറിയിക്കണം. മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രം ക്യാമ്പസിലെ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രൊജക്ട് ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. നമ്പര്‍: 0495-2762050.
കോഴിക്കോട് ജില്ലയില്‍ ആകെ 41 ക്യാംപുകളിലായി 196 കുടുംബങ്ങളിലെ 854 ആളുകള്‍.
കോഴിക്കോട് താലൂക്ക്- 24 ക്യാംപുകള്‍ (298 പേര്‍)
വടകര താലൂക്ക്- 2 ക്യാംപ് (21 പേര്‍)
കൊയിലാണ്ടി താലൂക്ക് 7 ക്യാംപുകള്‍ (161 പേര്‍)
താമരശ്ശേരി താലൂക്ക് – 8 ക്യാംപുകള്‍ (374 പേര്‍)
ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കണം.
വയനാട് ഉരുള്‍പ്പൊട്ടലിന്റെ സാഹചര്യത്തില്‍ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കണം. വയനാട് അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ടീം പുറപ്പെട്ടിട്ടുണ്ട്. കണ്ണൂരില്‍ നിന്നുള്ള ടീമും പുറപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും അയയ്ക്കുന്നതാണ്. നഴ്‌സുമാരേയും അധികമായി നിയോഗിക്കണം. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കും. ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന വ്യാപകമായി ലീവിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിക്കാന്‍ കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അധികമായി എത്തിക്കും. മലയോര മേഖലയില്‍ ഓടാന്‍ കഴിയുന്ന 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കാന്‍ നിര്‍ദേശം നല്‍കി. ആശുപത്രികളുടെ സൗകര്യങ്ങളനുസരിച്ച് പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ആവശ്യമെങ്കില്‍ താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കും. അധിക മോര്‍ച്ചറി സൗകര്യങ്ങളുമൊരുക്കും. ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കണം.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.