കണ്ണോത്ത് പബ്ലിക്ക് ലൈബ്രറി വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്ത് സെൻ്റ് ആൻ്റണീസിലെ കുട്ടികൾ
കോടഞ്ചേരി: കണ്ണോത്ത് പബ്ലിക് ലൈബ്രറിയിലെ 5000ത്തിലധികം പുസ്തകങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്ത് കണ്ണോത്ത് സെൻറ് ആൻ്റണീസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റിലെ വിദ്യാർത്ഥികൾ മാതൃകയായി.
8,9,10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾഅഞ്ചു ദിവസങ്ങൾ കൊണ്ടാണ് തികച്ചും മാതൃകാപരവും വേറിട്ടതുമായ ഈ പ്രവർത്തനം പൂർത്തീകരിച്ചത്. പുസ്തകങ്ങളുടെ ലോകത്തിലൂടെ ഒരു യാത്ര കൂടിയായിരുന്നു കുട്ടികളുടെ ഈ പ്രവർത്തനം. ലൈബ്രറിയെയും പുസ്തകങ്ങളെയും അടുത്തറിയുന്നതിനോടൊപ്പം സമൂഹ നന്മയ്ക്കുതകുന്ന കൂടുതൽ കര്യങ്ങൾ വിദ്യാലയ കാലഘട്ടത്തിൽ തന്നെ കണ്ടെത്തി ചെയ്യാനുള്ള സന്നദ്ധത കുട്ടികളിൽ ഉളവാക്കുന്നതിനും ഈ പ്രവർത്തനം സഹായിച്ചു.
കുട്ടികളെ അഭിനന്ദിക്കാനായി ലൈബ്രറിയിൽ സംഘടിപ്പിച്ച യോഗം ബ്ലോക്ക് പഞ്ചായത്തംഗം റോയി കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡൻ്റ് യു റ്റി ഷാജു അധ്യക്ഷനായ ചടങ്ങിൽ ജോർജ് കെ.യു സ്വാഗതം ആശംസിച്ചു. സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ റോഷിൻ മാത്യു മുഖ്യ പ്രഭാഷണം നടത്തി.ജോണി താഴത്തു വീട്ടിൽ, ബെന്നി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. കൈറ്റ്മിസ്ട്രസ് ദീപ ആൻറണി, സി.അന്നമ്മ ,ബിന്ദു സെബാസ്റ്റ്യൻ, തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.