ഇ എസ്സ് എ നിർണ്ണയം, സർക്കാർ നിസ്സംഗതക്കെതിരെ കർഷക കോൺഗ്രസ് വഴിയോര പ്രതിഷേധം

കോഴിക്കോട്: കാലാവസ്ഥയും വന്യ മൃഗങ്ങളും, നയസമീപനമില്ലാത്ത സർക്കാരും ചേർന്ന് തകർത്ത കർഷകരുടെ മേൽ പതിച്ച ഇരുട്ടടിയാണ് ഇ എസ്സ് എ ആറാം കരട് വിജ്ഞാപനമെന്ന് കർഷക കോൺഗ്രസ് ജില്ല പ്രസിഡൻ്റ് അഡ്വ ബിജു കണ്ണന്തറ. പ്രാദേശിക ഭരണകൂടങ്ങൾ ബഹുജന പങ്കാളിത്തത്തോടെ നൽകിയ ശുപാർശകൾ കേരള സർക്കാർ പരിഗണിച്ചില്ല. റവന്യു വില്ലേജും ഫോറസ്റ്റ് വില്ലേജും വേർതിരിക്കാതെ രണ്ടും ഉൾപ്പെട്ട റവന്യു വില്ലേജുകളെ അടിസ്ഥാനമാക്കി ജിയോ കോർഡിനേറ്റ്സ് ഉപയോഗിച്ച് മാപ്പ് തയ്യാറാക്കി. റവന്യു വില്ലേജിനെ ഒഴിവാക്കി വനമേഖലയെ മാത്രം ഉൾപ്പെടുത്തി ഇ എസ്സ് എ പരിമിതപ്പെടുത്താൻ കഴിയും.

1986 ലെ പരിസ്ഥിതി സംരക്ഷണ നിയമമനുസരിച്ച് പുറത്തിറക്കിയിട്ടുള്ള കരട് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന ഏരിയയിൽ നിന്ന് ഒട്ടും വർദ്ധിപ്പിക്കാൻ നിയമമില്ല. പരാതികളുടെ അടിസ്ഥാനത്തിൽ ഏരിയ കുറയ്ക്കാൻ കഴിയും. വന, റവന്യു വില്ലേജുകളെ വേർതിരിക്കുന്നത് പ്രസക്തമാകുന്നത് ഇവിടെയാണ്.ഇ എസ്സ് എ വിഷയത്തിൽ സംസ്ഥാനസർക്കാരിൻ്റെ കുറ്റകരമായ ഉദാസീനതയും മലയോര മേഖലയോട് അവഗണനയും വ്യക്തമാണ്. എന്തുകൊണ്ട് ബയോഡൈവേഴ്സിറ്റ് ബോർഡ് സൈറ്റിൽ ജിയോ കോർഡിനേറ്റ്സ്, കെഡസ്ട്രൽ മാപ്പുകൾ പ്രസിദ്ധപ്പെടുത്തുന്നില്ല. ഔദ്യോഗിക സൈറ്റിൽ പരസ്യപ്പെടുത്തുന്ന വിവരങ്ങളുമായി ബന്ധപ്പെട്ട് മാത്രമേ ആ വിഷയത്തിൽ പരാതി നിലനിൽക്കൂ. പൊതു സമൂഹത്തിന് പരാതി നൽകാൻ അവസരം നൽകാതെ എല്ലാ വിഷയത്തിലും എന്ന പോലെ ഇ എസ്സ് എ പ്രശ്നത്തിലും കേന്ദ്രത്തിന് മുൻപിൽ വിനീത വിധേയരായി നിൽക്കാനുള്ള ശ്രമമാണ് ലക്ഷ്യമെങ്കിൽ ചെറുത്ത് തോൽപ്പിക്കാൻ മലയോര ജനത സജ്ജരാണ്.

ജീവിക്കാനുള്ള അവകാശ പോരാട്ടമാണിത്. മനുഷ്യാവകാശങ്ങൾ ക്കു മേലുള്ള കടന്ന് കയറ്റത്തിനെതിരായ സമരമാണ്. ഇ എസ്സ് എ എന്നത് കർഷകരുടെ മാത്രം പ്രശ്നമല്ല. ആരാധനാലയങ്ങൾ, വാണിജ്യ -വിദ്യാഭ്യാസ-സഹകരണ – ചെറുകിട – പൊതു സ്ഥാപനങ്ങൾ തുടങ്ങി 131 റവന്യു വില്ലേജുകളിലെ മനുഷ്യ ജീവിതത്തിൻ്റെ സമസ്ത മേഖലകളേയും വെല്ലുവിളിക്കുന്ന കരട് വിജ്ഞാപനവും അനുബന്ധ രേഖകളും കാണാമറയത്താകുന്നത് എന്തുകൊണ്ട്. അത്യധികം ജനസാന്ദ്രതമായ കേരളത്തിൽ മലയോര മേഖലയിൽ അന്തിയുറങ്ങുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ നിലനിൽപ്പിൻ്റെ പോരാട്ടത്തിന് കർഷക കോൺഗ്രസ് നേതൃത്വം നൽകും.ഗൗരവപൂർവ്വം ഇ എസ്സ് എ വിഷയത്തെ അഡ്രസ്സ് ചെയ്യാൻ ഗവൺമെൻ്റ് തയ്യാറാകണം. പരാതികൾ സ്വീകരിക്കാനും പുതിയ പ്രൊപ്പോസൽ സമയബന്ധിതമായി തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകാനും ഉദ്യോഗസ്ഥ സംഘത്തെ സജ്ജമാക്കണം. സമയബന്ധിതമായ നടപടികൾക്ക് ഗവൺമെൻ്റിനെ പ്രേരിപ്പിക്കാൻ മലയോരവില്ലേജ് ഓഫീസ് ധർണ്ണകൾക്കൊപ്പം സെപ്റ്റംബർ 27 വെള്ളിയാഴ്ച വൈകുന്നേരം 5 PM നു കോഴിക്കോട് ജില്ലയിലെ 13 നിയോജക മണ്ഡലകേന്ദ്രങ്ങളിൽ കർഷക കോൺഗ്രസ് വഴിയോര പ്രതിഷേധം നടത്തുകയാണന്നും അഡ്വ. ബിജു കണ്ണന്തറ പറഞ്ഞു

Sorry!! It's our own content. Kodancherry News©