വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്: ഫിനാൻഷ്യല്‍ ബിഡ് തുറന്നു; കോടതിയിലേക്കെന്ന് പ്രകൃതി സംരക്ഷണ സമിതി
കള്ളാടി മേപ്പാടി തുരങ്ക പാതയുമായി സർക്കാർ മുന്നോട്ട്. തുരങ്ക പാതയുടെ നിർമ്മാണം രണ്ട് പാക്കേജുകളിലായി ടെൻഡർ ചെയ്തതായി പൊതുമരാമത്ത് മന്ത്രി നിയമസഭയെ അറിയിച്ചു.
പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു. ആകെ ഏറ്റെടുക്കേണ്ടതിന്റെ 90% ഭൂമിയും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്തിട്ടുണ്ട്. പ്രാഥമിക പാരിസ്ഥിതിക അനുമതിക്കുള്ള അപേക്ഷ ഇപ്പോൾ സ്റ്റേറ്റ് ലെവൽ എക്സ്പേർട്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. ലിന്റോ ജോസഫ് എം.എല്‍.എ നല്കിയ സബ്മിഷന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് വേണ്ടി മന്ത്രി ആർ.ബിന്ദു നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
വയനാട് തുരങ്ക പാതയുമായി മുന്നോട്ടെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ പദ്ധതിക്ക് വേണ്ടിയുള്ള ഫിനാൻഷ്യല്‍ ബിഡ് തുറന്നു.തുരങ്കപാതയുടെ പ്രവർത്തി രണ്ട് പാക്കേജുകളിലായാണ് ടെൻഡർ ചെയ്തിരിക്കുന്നത്. മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷവും പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി രംഗത്ത് വന്നു.
വയനാട് തുരങ്കപാത പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നല്‍കിയിരുന്നു. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ 90 ശതമാനവും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്ത് കഴിഞ്ഞു. പദ്ധതിക്കായുള്ള പാരിസ്ഥിതിക അനുമതി ലഭ്യമാക്കാനുള്ള അപേക്ഷ സംസ്ഥാന തല വിദഗ്ദ്ധ സമിതിയുടെ പരിഗണനയിലാണ്.
അതേസമയം പദ്ധതിയില്‍ നിന്ന് സർക്കാർ പിന്മാറണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി. സർക്കാർ പിന്മാറിയില്ലെങ്കില് കോടതിയെ സമീപിക്കുമെന്ന് സമിതി ഭാരവാഹികള്‍ വ്യക്തമാക്കി. തുരങ്കപാതക്കായി തുരക്കുന്ന മലകള്‍ നിരവധി ഉരുള്‍പൊട്ടലുകള്‍ നടന്ന മേഖലയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. സമീപകാല ഉരുള്‍പൊട്ടലുകളില്‍ നിന്ന് സർക്കാർ പാഠം പഠിക്കുന്നില്ലെന്നും വെള്ളരിമല, ചെമ്ബ്ര മലകളിലും അതിൻറെ പടിഞ്ഞാറൻ ഭാഗങ്ങളിലും നിരവധിതവണ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു.