ഓമശ്ശേരി-വേളംകോട്- കോടഞ്ചേരി റോഡിൽ ദുരിത യാത്ര തുടരുന്നു

കോടഞ്ചേരി: നിർമാണം മുടങ്ങിക്കിടക്കുന്ന ഓമശ്ശേരി-വേളംകോട്- കോടഞ്ചേരി റോഡിലൂടെയുള്ള യാത്ര ജനത്തിനു ദുരിതമായി. 2023 ജൂലൈയിൽ കേന്ദ്ര സർക്കാരിൻ്റെ – സിആർഐഎഫ് ഫണ്ടിൽ 12 കോടി രൂപ അനുവദിച്ചാണ് 10 കിലോമീറ്റർ റോഡിന്റെ നിർമാണം ആരംഭിച്ചത്. ടാറിങ് തുടങ്ങിയെങ്കിലും മഴ ശക്തമായതോടെ മുടങ്ങി. ടാറിങ് ചെയ്ത ഭാഗങ്ങളും സോളിങ് മെറ്റൽ ചെയ്ത് രൂപപ്പെടുത്തിയ റോഡിൻ്റെ ഒട്ടു മിക്ക ഭാഗങ്ങളും മഴയിൽ കുത്തിയൊലിച്ചു പോയി കുണ്ടും കുഴികളുമായി.

രണ്ടിലധികം തവണ കരാറുകാരൻ റോഡിൽ കോറി വേസ്റ്റ് നിരത്തിയെങ്കിലും ഇപ്പോഴും കുണ്ടും കുഴിയും ആണ്.റോഡിൽ കുണ്ടും കുഴികളുമായതോടെ ഗതാഗതം ദുഷ്കരമായി. ചെളിവെള്ളം നിറഞ്ഞ കുഴികളിൽ ഇരുചക്ര വാഹനങ്ങളും മറ്റു ചെറു വാഹനങ്ങളും കുടുങ്ങി അപകടത്തിൽ പെടുന്നതും പതിവായി. കുഴികളിൽ ചെളിവെള്ളം നിറഞ്ഞതോടെ കാൽനടയാത്രയും പറ്റാതായി. വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിവെള്ളം തെറിക്കുന്നതും ബുദ്ധിമുട്ടായി.

ഇപ്പോൾ മഴ കുറഞ്ഞപ്പോൾ റോഡിൽ അതികഠിനമായ പൊടി നിറഞ്ഞ് യാത്ര അതീവ ദുഷ്കരം ആയിരിക്കുന്നു. റോഡിന് ഡ്രെയ്നേജ് പണിയാത്തതാണു മഴയിൽ റോഡ് കുത്തി ഒലിച്ചു പോകാൻ കാരണമെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. റോഡിന് ഡ്രെയ്നേജ് ഇല്ലാത്തതിനാൽ മഴപെയ്താൽ വെള്ളം ഒഴുകി റോഡ് തോടു പോലെയാണ് ഇപ്പോൾ. പൂളവള്ളി കയറ്റം മുതൽ കോടഞ്ചേരി ടൗൺ വരെയാണ് റോഡാകെ പൊട്ടി പൊളിഞ്ഞ് കുണ്ടും കുഴിയുമായത്. ബസുകൾ അടക്കം പോകുന്ന തിരക്കേറിയ കാപ്പാട്- തുഷാരഗിരി -അടിവാരം സംസ്ഥാന പാതയുടെ ഭാഗമാണ് നിർമാണം മുടങ്ങിക്കിടക്കുന്ന ഈ റോഡ്.

റോഡിലെ കുഴികൾ അടയ്ക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴ പെയ്യുമ്പോൾ റോഡ് തോട് ആകുന്നു മഴ തോരുമ്പോൾ പൊടി നിറഞ്ഞ തൊട്ടു മുൻപിലുള്ള വാഹനം പോലും കാണാൻ സാധിക്കാത്ത സ്ഥിതി വരുന്നു. ഈറോഡ് പുലിക്കയം വലിയകൊല്ലി വഴി പള്ളിപ്പടിയിൽ എത്തിച്ചേർന്ന് ഇലന്തുകടവിലാണ് അവസാനിക്കുന്നത്. കോടഞ്ചേരിയിൽ നിന്ന് പുലിക്കയം വരെ റോഡ് മലയോര ഹൈവേയുടെ ഭാഗമായി നല്ല നിലയിലാണ്. ബാക്കിയുള്ള ഭാഗം എന്ന് പൂർത്തീകരിക്കും എന്ന ആശങ്കയിലാണ് പ്രദേശവാസികളും യാത്രക്കാരും.

Sorry!! It's our own content. Kodancherry News©