subHistory-4

കുടിയേറ്റചരിത്രം:

1944-ല്‍ കുടിയേറ്റം ആരംഭിച്ച കാലത്തുതന്നെ ആധുനിക കോടഞ്ചേരിയുടെ രൂപവും ഭാവവും മുന്നില്‍ കണ്ടിരുന്ന നമ്മുടെ പൂർവികരാണ് ആധുനിക കോടഞ്ചേരിയുടെ ശില്പികൾ . കോടഞ്ചേരിയിലെ കുടിയേറ്റ ജനതക്ക് പോസ്റ്റോഫീസിന്റെ സേവനം ലഭ്യമായിരുന്നത് ഓമശ്ശേരിയിലായിരുന്നു. 1951 മാര്‍ച്ചില്‍ കോടഞ്ചേരിയില്‍ ബ്രാഞ്ച് പോസ്റ്റോഫീസ് പ്രവര്‍ത്തിച്ചു തുടങ്ങി. അന്ന് അഞ്ചലോട്ടക്കാരാനായിരുന്നു തപാലുരുപ്പിടികള്‍ എത്തിച്ചിരുന്നത്. അന്നത്തെ ബ്രാഞ്ച് പോസ്റ്റോഫീസ് 72-ല്‍ സബ് പോസ്റ്റോഫീസായി ഉയര്‍ന്നു. കുടിയേറ്റ കാലം മുതല്‍ തന്നെ കുടിയേറ്റ ജനത തങ്ങളുടെ സാംസ്ക്കാരിക പൈതൃകം നിലനിര്‍ത്തുന്നതിനായി സംസ്ക്കാരിക സംഘടനകള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. കഥാപ്രസംഗം, ബാന്റ് മേളം, നാടകങ്ങള്‍ എന്നിവ പ്രാദേശിക ഉത്സവങ്ങളോടനുബന്ധിച്ചും അല്ലാതെയും നടത്തിയിരുന്നു. നാടകങ്ങള്‍ നടത്തുന്നതിനുള്ള കര്‍ട്ടനും മറ്റുപകരണങ്ങളും സ്വന്തമായി ഉണ്ടായിരുന്ന പേടിക്കാട്ടു കുന്നല്‍ ജോസഫ്, കഥാപ്രാസംഗികനായ ജെ.അബ്രഹാം, നാടകകൃത്തും നടനും സംവിധായകനുമായ ജോസ് വര്‍ഗീസ് ഇവര്‍ക്കെല്ലാം നേതൃത്വം നല്‍കിയ വടക്കേല്‍ കൊച്ചേട്ടന്‍ നമ്പുടാകത്ത് വര്‍ക്കി തുടങ്ങിയവരും ഈ പഞ്ചായത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് യത്നിച്ചവരാണ്. കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ പ്രാഥമിക വിദ്യാഭ്യാസ സൌകര്യം മാത്രമേ ഏര്‍പ്പെടുത്തുന്നതിന് കഴിഞ്ഞുളളൂ. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് കുന്ദമംഗലത്തോ, കോഴിക്കോട്ടോ പോകേണ്ടിയിരുന്നു. ഇത് വളരെ ചെലവേറിയതുമായിരുന്നു. ഫാദര്‍ ദേസിത്തേവൂസിന്റെ നേതൃത്വത്തില്‍ ഒരു ഹൈസ്കൂള്‍ അനുവദിച്ചുകിട്ടുന്നതിനായി നടത്തിയ ക്ഷമങ്ങളുടെ ഫലമായി 1954-ല്‍ കോടഞ്ചേരിയില്‍ ഒരു ഹൈസ്കൂള്‍ അനുവദിച്ച് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിന് കോഴിക്കോട് പട്ടണത്തിലെ കോളേജുകളെയാണ് ഈ മലയോര മേഖലയിലെ കുട്ടികള്‍ ആശ്രയിച്ചിരുന്നത്. 1980 ആഗസ്റ്റ് 15-ന് കോടഞ്ചേരിക്കാര്‍ക്ക് ഓണക്കാല സമ്മാനമായി ഗവണ്‍മെന്റ് കോളേജ് അനുവദിക്കുകയും ചെയ്തു.

Sorry!! It's our own content. Kodancherry News©