കൂടരഞ്ഞി ഇടവകക്ക് സ്വപ്ന സാഫല്യമായി പുതിയ ദേവാലയം കൂദാശ കർമ്മം ചെയ്തു.
കൂടരഞ്ഞി: മലയോര കുടിയേറ്റ മേഖലയിലെ ആദ്യ ഇടവകകളിൽ ഒന്നായ കൂടരഞ്ഞി ഇടവകയുടെ പുതിയ ദേവാലയം താമരശ്ശേരി രൂപത മെത്രാൻ റെമിജിയൂസ് ഇഞ്ചനാനിയിൽ പ്രതിഷ്ഠ കർമ്മം നിർവഹിച്ചു.
വിശ്വാസി സമൂഹത്തിന് ദൈവരാധനക്കായി സമർപ്പിച്ചതോടെ മലബാറിലെ തന്നെ ഏറ്റവും വലിയ ദേവാലയമായി ഇനി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിച്ചു.
2018 മാർച്ച് 19 ന് ബിഷപ് റെമീജിയൂസ് ഇഞ്ചനാനിയിൽ തറക്കല്ലിടൽ കർമ്മം നിർവഹിച്ച കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഇടവക ദേവാലയം ഇടവക വികാരി റോയി തേക്കുംകാട്ടിലിന്റെ നിശ്ചയദാർഢ്യവും സമർപ്പണ മനോഭാവവും, ദീർഘവീക്ഷണവും, ഇടവക ജനങ്ങളുടെ ആത്മീയ അടിത്തറയും ത്യാഗപൂർണ്ണമായ പിന്തുണയും സഹകരണവും കൊണ്ടാണ് കൂടരഞ്ഞി ഇടവകയുടെ വിശ്വാസ സാക്ഷ്യമായി ഇന്ന് തലയുയർത്തി നിൽക്കുന്നത്.
ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത തിരുക്കർമ്മങ്ങളിൽ മോൺ. അബ്രഹാം വയലിൽ, ഫാ. ജയിംസ് വാമറ്റത്തിൽ എന്നിവർ സഹകാർമ്മികരായി.
പാരിഷ് സെക്രട്ടറി റാഫേൽ കാണിയാമറ്റം, ഇടവകയിലെ മുതിർന്ന അംഗങ്ങളുടെ പ്രതിനിധിയായി ചിന്നമ്മ മുണ്ടാട്ടിൽ, യുവജന പ്രതിനിധിയായി എഡ്വിൻ നെച്ചിക്കാട്ട് എന്നിവർ ദീപം തെളിച്ചു. കൂദാശ കർമ്മങ്ങൾക് ശേഷം സ്നേഹവിരുന്നോടെ സമാപിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/D9psbaB4vbsIee9h6WvuEN