ടൂറിസത്തിനു ഉണർവേകാൻ മാസ് ക്യാമ്പയിൻ

വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകാൻ  ബൃഹദ് പദ്ധതി ആവിഷ്കരിക്കുന്നതിനായി ടൂറിസവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ടൂറിസം മിനിസ്റ്റർ റിയാസിന്റെ അദ്ധ്യക്ഷതയിൽ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗം ചർച്ച ചെയ്തു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നായി ടൂറിസ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നവരും വിവിധ ടൂറിസ സംഘടനാ പ്രതിനിധികളുമായി അമ്പതോളം ആളുകളാണ് യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നത്. ഫാംടൂറിസ രംഗത്തെ പ്രതിനിധീകരിച്ച് ഇരവഞ്ഞിവാലി ഫാംടൂറിസ ടൂറിസ സൊസൈറ്റി പ്രസിഡന്റ് അജു എമ്മാനുവൽ യോഗത്തിൽ സംബന്ധിക്കുകയും നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. 

ചൂരൽമല ദുരന്തം വിനോദ സഞ്ചാര മേഖലയിൽ സൃഷ്ടിച്ച ആശങ്കയകറ്റുവാൻ കേരള ടൂറിസത്തിന് മുഴുവനായി പ്രയോജനപ്രദമായ വിധത്തിൽ സെപ്തംബർ മാസം മുതൽ മാസ് ക്യാമ്പയിനു ടൂറിസംവകുപ്പ് നേതൃത്വം നൽകുമെന്ന് മന്ത്രി അറിയിച്ചു. വയനാട്ടിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തിയിരുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക മാർക്കറ്റിംഗ് ക്യാമ്പയിൻ സംഘടിപ്പിക്കും എന്നും മന്ത്രി പ്രഖ്യാപിച്ചു.

സംസ്ഥാന ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ വിഷ്ണുരാജ് IAS, ജോയിന്റ് ഡയറക്ടർ ഡി. ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർമാരായ സത്യജിത് ശങ്കർ, മനോജ്, കോഴിക്കോട്, വയനാട്, കണ്ണൂർ ഡിറ്റിപിസി കളുടെ സെക്രട്ടറിമാരായ നിഖിൽ ദാസ്, ജിജേഷ്, അജേഷ്, ടൂറിസം മന്ത്രിയുടെ ഓഫീസ് ചുമതല വഹിക്കുന്ന പ്രധാന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിന്റെ ഭാഗമാവുകയും യോഗത്തിൽ വന്ന നിർദ്ദേശങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. 

Sorry!! It's our own content. Kodancherry News©