വിദ്യാഭ്യാസ ചരിത്രം:
വിവിധ പ്രായക്കാരായ 10 കുട്ടികളെ ചേര്‍ത്ത് 1946-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഏകാധ്യാപക വിദ്യാലയത്തില്‍ തുടങ്ങി കോഴിക്കോട് രൂപതയിലെ മിഷനറിമാരായ വൈദികരുടെ സ്വാധീനവും പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നേടിയ കുടിയേറ്റക്കാരുടെ താല്പര്യവും ഒപ്പം സഹകരണവും ഒത്തുചേര്‍ന്നപ്പോള്‍ കോടഞ്ചേരിയുടെ വിദ്യാഭ്യാസ രംഗത്തിന് ശക്തമായ വേരുകള്‍ ലഭ്യമായി എന്നുപറയാം. കുടിയേറ്റ ജനതയുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് അംഗീകാരം പ്രതീക്ഷിച്ചുകൊണ്ട് 1946 മുതല്‍ ക്ളാസ്സുകള്‍ തുടങ്ങിയത് തോപ്പില്‍ തൊമ്മിക്കുഞ്ഞ് ആദ്യത്തെ ഏകാദ്ധ്യാപകനായിരുന്നു. ഇതേ കാലത്ത് തന്നെ കണ്ണോം, വേളംകോട് എന്നിവിടങ്ങളില്‍ ഗവണ്‍മെന്റ് അംഗീകാരം പ്രതീക്ഷിച്ചുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയിരുന്നു. 1949-ല്‍ പഞ്ചായത്തിലെ ആദ്യത്തെ ഗവണ്‍മെന്റ് അംഗീകൃത സ്കൂളിനുള്ള ബഹുമതി വേളംകോട് സ്കൂളിന് ലഭിച്ചു. 1 മുതല്‍ 3 വരെയുളള ക്ളാസ്സുകള്‍ നടത്തുന്നതിനായിരുന്നു അനുമതി. 1950 ജൂണ്‍ 3-ന് കോടഞ്ചേരിയില്‍ എല്‍.പി സ്കൂളിന് അനുമതി ലഭിച്ചു. 1 മുതല്‍ 5 വരെ ക്ളാസ്സുകള്‍ നടത്തുന്നതിനായിരുന്നു അനുമതി. ഫാ.ദേസിത്തേവൂസിന്റെ സേവനകാലം കോടഞ്ചേരിയുടെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങള്‍ കോടഞ്ചേരിയുടെ ചരിതത്തിന്റെ ഭാഗമാണ്. അവ ഇവിടുത്തെ മനുഷ്യമനസ്സുകളില്‍ സ്വര്‍ണ്ണലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടതുമാണ്. കോടഞ്ചേരി-പുലിക്കയം, കോടഞ്ചേരി-വേളംകോട് റോഡുകള്‍, കോടഞ്ചേരിഎല്‍.പി സ്കൂളിന് കെട്ടിടം, കോടഞ്ചേരിഹൈസ്കൂള്‍ കെട്ടിടം എന്നിവയും കോടഞ്ചരിയുടെ പ്രതാപമായ കോടഞ്ചേരിഹൈസ്കൂള്‍ മൈതാനവും അദ്ദേഹത്തിന്റെ കാലത്ത് നിര്‍മ്മിച്ചതാണ്.
ഫാ. അലക്സ് മണക്കാട്ട്മറ്റത്തിന്റെ കാലത്താണ് കോളേജ് പണിയാൻ ശ്രമം തുടങ്ങിയത്. പൊതുജനങ്ങളിൽ നിന്ന് പിരിവെടുത്തു 18 ഏക്കർ സ്ഥലം വാങ്ങിയാണ് ഗവ. കോളേജ് പണി നടത്തിയത്. 5 ലക്ഷം രൂപ മുടക്കിയാണ് അന്ന് കെട്ടിടം പണിതത്. ഫാ. ഫ്രാൻസിസ് ആറുപറയുടെ നേതൃത്വത്തിൽ ഉള്ള പൊതുജന കമ്മിറ്റിയാണ് ഈ ലക്‌ഷ്യം വിജയത്തിലെത്തിച്ചത്.