ഗതാഗത ചരിത്രം:
1950-ല്‍ കണ്ണോത്ത് പള്ളി വികാരിയായിരുന്നു ഫാദര്‍ കുര്യാക്കോസ് കുടകച്ചിറയുടെ നേതൃത്വത്തില്‍ തദ്ദേശിയര്‍ ശ്രമദാനമായി വെട്ടിയ റോഡാണ് കണ്ണോത്ത്-കൈതപൊയില്‍. ജാതിമതഭേദമെന്യേ ദേസിത്തേവൂസച്ചന്റെ നേതൃത്വത്തില്‍ മേല്‍പ്പറഞ്ഞ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കോടഞ്ചേരിയിലേയും വേളംകോട് മൈക്കാവ് എന്നീ പള്ളികളിലെ വികാരിമാരുടെ നേതൃത്വത്തില്‍ കുടിയേറ്റ ജനത ഒറ്റ ദിവസം വെട്ടി ഗതാഗത യോഗ്യമാക്കിയ റോഡാണ് 5 കി.മീ ദൂരം വരുന്ന വോളംകോട്-കൂടത്തായി റോഡ്. കോടഞ്ചേരിയിലേക്കുള്ള ഗതാഗത യോഗ്യമായ ഏക പി.ഡബ്ള്യു.ഡി റോഡും ഇപ്പോള്‍ ഇതു തന്നെയാണ്. കൂടാതെ കോടഞ്ചേരിഎല്‍.പി സ്കൂള്‍ കെട്ടിടനിര്‍മ്മാണത്തിനാവശ്യമായ ഓട്, ചുടുകട്ട, കമ്പി എന്നിവ ലോറി ഗതാഗതം സാദ്ധ്യമായ ഈരുട് പുഴ വരെ ലോറിയില്‍ എത്തിക്കാന്‍ കഴിഞ്ഞുള്ളൂ. അവിടെ നിന്നും 4 കി.മീ ദുരം മുഴുന്‍ സാധന സാമഗ്രികളും ജനങ്ങള്‍ തലച്ചുമടായാണ് കോടഞ്ചേരിയില്‍ എത്തിച്ചത്. കുടിയേറ്റത്തിന്റെ ആദ്യ നാളുകളിലെ സാമ്പത്തിക ഞെരുക്കത്തിനും കഠിനമായ രോഗങ്ങള്‍ക്കും ഇടയില്‍ സേവനസന്നദ്ധരായ ജനതയുടെ സഹകരണമാണ് കോടഞ്ചേരിയുടെ ഉയര്‍ച്ചക്ക് കാരണം.
കുടിയേറ്റത്തിന്റെ ആരംഭഘട്ടത്തില്‍ കോടഞ്ചേരിയിലേയും സമീപപ്രദേശങ്ങളിലേയും ആളുകള്‍ക്കവരുടെ അടിയന്തരമായ ഭക്ഷണപദാര്‍ത്ഥങ്ങളുടെയും മരുന്നിന്റെയുമൊക്കെ ആവശ്യത്തിന് ആശ്രയിക്കാനുണ്ടായിരുന്നത് കോഴിക്കോട്, മുക്കം ഒരു പരിധി വരെ താമരശ്ശേരി അങ്ങാടികളേയായിരുന്നു, അതുപോലെ തന്നെ മാതൃജില്ലകളായ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെത്തിച്ചേരുവാന്‍ ഏക ആശ്രയവും കോഴിക്കോട് റെയില്‍വേ സ്റ്റേഷനായിരുന്നു. മരുന്നുകള്‍ക്കും മറ്റാവശ്യങ്ങള്‍ക്കുമായി പലപ്പോഴും കോഴിക്കോട് വരെ നടന്നായിരുന്നു ഈ പ്രദേശത്തെ ആദ്യകാല കുടിയേറ്റക്കാര്‍ പോയിരുന്നത്. കോഴിക്കോട് വയനാട് റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന സി.ഡബ്ള്യൂ.എം.എസ് കമ്പനിയുടെ ബസ്സുകള്‍ക്കായി മണിക്കൂറുകളോളം ഭാണ്ഡക്കെട്ടുകളും കൈകുഞ്ഞുങ്ങളുമായി കുടിയേറ്റക്കാര്‍ കോഴിക്കോട് ബസ് സ്റ്റാന്റില്‍ കാത്തിരിക്കുന്നത് അക്കാലത്ത് നിത്യകാഴ്ചയായിരുന്നു. കോഴിക്കോട് നിന്ന് ബസ്സു ലഭിച്ചാല്‍ തന്നെ താമരശ്ശേരിയിലോ കൈതപ്പൊയിലോ ബസ്സിറങ്ങി ആന തടിവലിക്കാന്‍ ഉപയോഗിച്ചിരുന്ന ഏലുകളിലൂടെ മണിക്കുറുകള്‍ സഞ്ചരിക്കേണ്ടിയിരുന്നു കോടഞ്ചേരിയിലെത്താന്‍. കോടഞ്ചേരിപഞ്ചായത്തിലെ മൈക്കാവ്, വേളംകോട് ഭാഗങ്ങളിലുള്ളവര്‍ മുക്കത്തുനിന്നും താമരശ്ശേരിയില്‍ നിന്നും കാല്‍നടയായി സഞ്ചരിച്ചാണ് എത്തിയിരുന്നത്. 1944 കാലത്തു തന്നെ ക്രിസ്ത്യന്‍ മിഷനറിമാരുടെ സജീവസാന്നിദ്ധ്യം ഈ മേഖലകളിലുണ്ടായി. വിദ്യാഭ്യാസത്തിലും വികസനത്തിലും ഊന്നിയ ഒരു മതപ്രേഷിതപ്രവര്‍ത്തനവുമായി രംഗത്തുവന്ന ഇവരുടെ നേതൃത്വത്തില്‍ കുടിയേറ്റ ജനത കര്‍മരംഗത്ത് വരികയും അതിന്റെ ഫലമായി ധാരാളം മണ്‍പാതകള്‍ ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ വരികയുണ്ടായി. അക്കാലത്തെ ഒരു പ്രധാന റോഡായി ഉപയോഗത്തിലുണ്ടായിരുന്ന കോടഞ്ചേരി-കൈനടി എസ്റ്റേറ്റ്-കോടഞ്ചേരിറോഡ്.