സാംസ്കാരിക ചരിത്രം:
അഭിമാനകരമായി തഴച്ചുവളര്‍ന്ന ഒരു പാരമ്പര്യത്തിന്റെ ചരിത്രമേഖലയാണ് കോടഞ്ചേരി. കോടഞ്ചേരിയുടെ സാംസ്കാരിക പൈതൃകം
തെക്കന്‍ തിരുവിതാംകൂറിലെ ഉള്‍നാടന്‍ ഗ്രാമങ്ങളുടെ തുടര്‍ച്ചയാണെന്ന് പറയാം. കുടിയേറ്റത്തിന്റെ ആദ്യകാലത്തെ യാതനാപൂര്‍ണ്ണമായ ജീവിത പ്രശ്നങ്ങള്‍ക്കിടയിലും ആത്മാവിലിലഞ്ഞ സംസ്കൃതി പ്രകടമാക്കിയത് ജനജീവിതത്തിന്റെ ഒത്തുചേരലായി മാറിയ പള്ളിപ്പെരുന്നാളിലായിരുന്നു. പ്രസ്തുത തിരുനാള്‍ വേളകള്‍ മോടി പിടിപ്പിക്കാന്‍ രൂപം കൊടുത്ത ബാന്റ് മേളക്കാരായിരുന്നു കോടഞ്ചേരിയിലെ ആദ്യ കലാസംഘം. തൊഴില്‍ സാധ്യതയോടൊപ്പം തന്നെ സംസ്കാരത്തെയും നയിച്ച പ്രശസ്തങ്ങളായ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളും നഴ്സറി മുതല്‍ ഡിഗ്രി തലം വരെയുള്ള നിരവധി അനൌപചാരിക വിദ്യാലയങ്ങളും കോടഞ്ചേരിഗ്രാമപഞ്ചായത്തിലുണ്ട്. വളരെ മുന്‍പ് തന്നെ കോടഞ്ചേരിയില്‍ പഞ്ചായത്തു ലൈബ്രറി ആരംഭിച്ചിരുന്നു.കേരളത്തിന്റെ കായികഭൂപടത്തില്‍ കോടഞ്ചേരിക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട്. അന്തരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിനെ നയിച്ച അര്‍ജുന അവാര്‍ഡ് ജേതാവ് സാലി ജോസഫ്, ഇന്ത്യന്‍ യൂത്ത് ഫുട്ബോള്‍ ക്യാപ്റ്റനും പിന്നീട് ദേശീയ ടീമിലെ പ്രശസ്ത കളിക്കാരനുമായിരുന്ന മാതൃു വര്‍ഗ്ഗീസ് തുടങ്ങി നിരവധി കായിക താരങ്ങള്‍ കോടഞ്ചരിയുടെ അഭിമാനഭാജനങ്ങളാണ്. സിനിമാരംഗത്ത് നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ച് അവാര്‍ഡ് നേടിയ സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ കോടഞ്ചേരിഹൈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. മലയാള സാഹിത്യത്തെ ഭാഷയെ സമ്പന്നമാക്കിയ ജ്ഞാനപീഠം പുരസ്കാര ജേതാവ് എം.ടി.വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത കടവ് എന്ന സിനിമയിലെ അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച ബാലനടന്‍ സന്തോഷ് ആന്ററണി നാടിന്റെ കണ്ണിലുണ്ണിയായി. കഥാപ്രസംഗത്തിന് ഏറെ പ്രസക്തിയും ആസ്വാദകരും ഉണ്ടായിരുന്ന കുടിയേറ്റത്തിന്റെ ആരംഭകാലത്ത് മലബാറിലെ പല ഭാഗങ്ങളിലും കഥാപ്രസംഗം നടത്തി ജനശ്രദ്ധ ആകര്‍ഷിച്ച കാഥികനായിരുന്നു ജെ.അബ്രഹാം മാസ്റ്റര്‍. കോടഞ്ചേരിസെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന ഫാ.ജേക്കബ് ആലുങ്കല്‍ ആണ് ആദ്യമായി കോടഞ്ചേരിിയില്‍ റേഡിയോ കൊണ്ടുവന്നത്. വൈകുന്നരങ്ങളില്‍ വാര്‍ത്ത കേള്‍ക്കുന്ന ഒരു ജനക്കൂട്ടം തന്നെ അന്ന് ഹൈസ്കൂള്‍ വരാന്തയില്‍ ഒത്തുകൂടിയിരുന്നു. ഒറ്റ ദിവസം കൊണ്ട് എല്ലാവരും ഒത്തുചേര്‍ന്ന് നിര്‍മ്മിച്ച കല്ലന്തറമേട് കൂടത്തായി റോഡ് ജനസംസ്ക്കാരത്തിന്റെ ഒത്തുചേരലായി മാറിയ ആദ്യകാല ചരിത്രമാണെങ്കില്‍ ആധുനിക കൂട്ടായ്മയുടെ ചിത്രം തെളിയിക്കുന്ന സംഭവമായിരുന്നു ജീരകപ്പാറ വനസംരക്ഷണ സമരചരിത്രം.
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കില്‍ കുന്ദമംഗലം ബ്ളോക്കില്‍ കോടഞ്ചേരി, നെല്ലിപ്പൊയില്‍ എന്നീ വില്ലേജുകള്‍ പൂര്‍ണ്ണമായും കൂടത്തായ് വില്ലേജ് ഭാഗികമായും ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കോടഞ്ചേരിഗ്രാമപഞ്ചായത്ത്. 102.58 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് തിരുവമ്പാടി പഞ്ചായത്തും, പടിഞ്ഞാറ് പുതുപ്പാടി, താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി പഞ്ചായത്തുകളും തെക്ക് ഓമശ്ശേരി, തിരുവമ്പാടി, മുക്കം പഞ്ചായത്തുകളും വടക്ക് പുതുപ്പാടി പഞ്ചായത്തും, വയനാട്ജില്ലയിലെ വൈത്തിരി, മേപ്പാടി പഞ്ചായത്തുകളുമാണ്. 1962 ജനുവരി ഒന്നിനാണ് കോടഞ്ചേരിഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. അതിനുശേഷം 1968-ല്‍ ഭരണപരമായ സൌകര്യം കണക്കിലെടുത്ത് ഈ പഞ്ചായത്തില്‍പ്പെട്ട അടിവാരം ഭാഗത്തെ ഒരു ചെറിയ ഭൂപ്രദേശം (സുമാര്‍ 36 ഏക്കര്‍ സ്ഥലം) സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുതുപ്പാടി പഞ്ചായത്തിന് വിട്ടുകൊടുത്തു. ഭരണപരമായ സൌകര്യവും ജനാഭിലാഷവും കണക്കിലെടുത്ത് ഓമശ്ശേരി പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്ന കൂടത്തായ് വില്ലേജില്‍പ്പെട്ട പാലോണദേശം പൂര്‍ണ്ണമായും 1976-ല്‍ കോടഞ്ചേരിപഞ്ചായത്തിനോട് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. 1.1.1962-ല്‍ തിരുവമ്പാടി പഞ്ചായത്തിന്റെ ഭാഗമായിരുന്ന കോടഞ്ചേരിവില്ലേജ് ഉള്‍പ്പെടുത്തി കോടഞ്ചേരിപഞ്ചായത്ത് രൂപം കൊണ്ടു.പഞ്ചായത്ത് രൂപീകരിച്ചതിനുശേഷം 1968-ല്‍ പോന്തുണ്ടി തോടിന് വടക്കുള്ള അടിവാരം ഭാഗം പുതുപ്പാടി പഞ്ചായത്തിനോട് കൂട്ടിച്ചേര്‍ക്കുകയും 1976-ല്‍ ഓമശ്ശേരി പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്ന കൂടത്തായ് വില്ലേജിലെ പാലോണ ദേശം പഞ്ചായത്തിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പഞ്ചായത്തിന്റെ ആദ്യകാല പ്രസിഡന്റ് പോള്‍ ചാലിയായിരുന്നു. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചെരുവുകളില്‍ സമുദ്രനിരപ്പില്‍ നിന്നും 900അടി മുതല്‍ 185അടി വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലയോര മേഖലയാണ് കോടഞ്ചേരിഗ്രാമപഞ്ചായത്ത്.ഈ പഞ്ചായത്തിന്റെ മധ്യഭാഗത്ത് കൂടി ചാലിയാര്‍പ്പുഴയും കിഴക്ക് ഭാഗത്ത് കൂടി ഇരുവഞ്ഞിപ്പുഴയും ഒഴുകുന്നു. ഇതു കൂടാതെ വയനാടന്‍ മലകളില്‍ നിന്നും പശ്ചിമഘട്ട സാനുക്കളില്‍ നിന്നും ഉല്‍ഭവിക്കുന്ന ചെറുതും വലുതുമായ നിരവധി തോടുകള്‍ ഈ പഞ്ചായത്തിലൂടെ ഒഴുകി ഇരുവഞ്ഞിപുഴയിലും ചാലിയാര്‍ പുഴയിലും ചെന്നുചേരുന്നു. സമതലങ്ങള്‍, ചെറിയ കുന്നുകള്‍, ഇടത്തരം ചരിവുകള്‍, മലമ്പ്രദേശങ്ങള്‍, കുത്തനെയുള്ള ചരിവുകള്‍, വനം എന്നിങ്ങനെ ഭൂപ്രകൃതിയനുസരിച്ച് ഈ പഞ്ചായത്തിനെ 6 ആയി തരംതിരിക്കാം. സമതലങ്ങളില്‍ നെല്ല്, തെങ്ങ്, കമുങ്ങ്, ഇഞ്ചി, മഞ്ഞള്‍, കപ്പ, വാഴ, കൊക്കോ, കാപ്പി എന്നിവ കൃഷി ചെയ്യുന്നു. കുന്നുകള്‍ മലമ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ തെങ്ങ്, കവുങ്ങ്, റബ്ബര്‍, കുരുമുളക്, വാഴ, ഇഞ്ചി എന്നിവയും കൃഷി ചെയ്തു വരുന്നു.
കോഴിക്കോട് ജില്ലയിലെ മലയോരങ്ങളിലേക്കുള്ള കുടിയേറ്റം 1944 മുതലുള്ള കാലഘട്ടങ്ങളിൽ തുടങ്ങി. ആദ്യം തിരുവതാംകൂർ, കൊച്ചി എന്നീ സ്ഥലങ്ങളില നിന്നും ഏതാനും ആളുകൾ വന്നു. അക്കാലത്ത് മലബാറിൽ സ്ഥലത്തിനു തീരെ വില ഇല്ലാതിരുന്നത് ധാരാളം ആളുകളെ മലബാറിലേക്ക് കുടിയേറി പാർക്കാൻ ആകർഷിച്ചു.
അക്കാലത്ത് കരി വണ്ടിയും, ചങ്ങാടവും മാത്രമായിരുന്നു യാത്രക്കുള്ള മാർഗ്ഗങ്ങൾ. തൊടുപുഴ, മൂവാറ്റുപുഴ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നും വന്നവർ ഇവിടെ തെങ്ങ്, കമുക്, കുരുമുളക്, റബ്ബർ എന്നിവ കൃഷി ചെയ്തു.
കൃഷിയിൽ തത്പരർ ആയിരുന്ന കോട്ടയം, കാഞ്ഞിരപ്പള്ളി, പാല എന്നിവടങ്ങളിൽ നിന്നും വന്നവർ കോടഞ്ചേരി, കുറ്റിയാടി, തിരുവമ്പാടി എന്നിവടങ്ങളിൽ വാസം ഉറപ്പിച്ചു. എല്ലാ സമയവും കോടമഞ്ഞിനാൽ മൂടി കിടന്നിരുന്ന സ്ഥലം എന്നത് കാരണം ആണ് കോടഞ്ചേരി എന്ന പേര് വന്നത് എന്നാണ് പഴമക്കാരുടെ മൊഴി.
രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയവും, ഇന്ത്യയിൽ സ്വാതന്ത്ര്യ സമരം ശക്തമായി വരുന്നതും കാരണം ജീവിതം ദുസ്സഹമായിരുന്നു. അത് കൂടാതെ പകർച്ച വ്യാധിയായി മലമ്പനി പകർന്നു പിടിച്ചിരുന്ന സമയം. മണ്ടരിയും, കമുകിന് മഞ്ഞളിപ്പും, മോശം കാലാവസ്ഥയും ജന ജീവിതം കൂടുതൽ ക്ലേശകരമാക്കി. ആവശ്യത്തിനു ഭക്ഷണവും, ചികിത്സയും ഇല്ലാതെ വലഞ്ഞ നാളുകൾ. ജീവിക്കണമെങ്കിൽ രോഗങ്ങളോട് മാത്രമല്ല, വന്യ മൃഗങ്ങളോടും മല്ലിടെണ്ട അവസ്ഥ.
അക്കാലത്ത് ഒറ്റപെട്ട വീടുകളിൽ കഴിഞ്ഞിരുന്ന കുടിയേറ്റ കർഷക കുടുംബങ്ങളിലേക്ക് സാന്ത്വനത്തിന്റെ തിരി നാളവുമായി കടന്നു വന്നത് ഫാ. മൊന്തനാരി എസ്. ജെ ആണ്. ഈശ്വര വിശ്വാസം കൈമുതലായി ഉണ്ടായിരുന്ന അവർ ഒരു ഷെഡിൽ വിശുദ്ധ കുർബാന അർപ്പിച്ചു തുടങ്ങി. അന്ന് കുടിയേറ്റക്കാർക്ക് ഒരു പള്ളി ഇല്ലായിരുന്നെങ്കിലും മുപ്പതോളം കുടുംബങ്ങൾ ആഴ്ചയിൽ ഒരിക്കൽ ഒരു വീട്ടിൽ പ്രാർത്ഥനക്കായി ഒരു വീട്ടിൽ സമ്മേളിച്ചിരുന്നു.
വിദ്യ അഭ്യസിക്കുന്നതിനായി ഗവ. അംഗീകാരം പ്രതീക്ഷിച്ച് 1946 മുതൽ ഫാ. സെക്യൂറയുടെ കാലത്ത് ഒരു ഷെഡിൽ ക്ലാസ്സുകൾ തുടങ്ങി. തോപ്പിൽ തൊമ്മിക്കുഞ്ഞ് സാറായിരുന്നു അന്നത്തെ ഏക അദ്ധ്യാപകൻ. അന്ന് പള്ളിയും, പള്ളിക്കുടവും, സ്കൂളും എല്ലാം ഒരേ ഷെഡിൽ ആയിരുന്നു. ഫാ. ഫാബിയൂസ് സി എം ഐ ആയിരുന്നു സ്കൂളിനു ഒരു പ്രത്യേകം കെട്ടിടം പണിയുവാൻ ശ്രമം തുടങ്ങിയത്. അദ്ദേഹം സ്ഥാപിച്ച എൽ പി സ്കൂൾ പിന്നീട് ദൈവാലയമായി ഉപയോഗിച്ചു. പോസ്റ്റ് ഓഫീസ്, റേഷൻ കട എന്നിവ പിന്നീട് അനുവദിച്ചു കിട്ടി.
വൈദികരുടെ നേതൃത്വത്തിൽ റോഡ് വെട്ടുവാനും, സർക്കാർ സ്ഥാപനങ്ങൾ കൊണ്ടുവരുവാനും ശ്രമങ്ങൾ ആരംഭിച്ചു. കുന്നുമംഗലത്തിനു ഇപ്പുറം ഒരു ഹൈ സ്കൂൾ ആദ്യമായി കോടഞ്ചേരിയിൽ തുടങ്ങി. 1954 ഇൽ സ്കൂളിന് അംഗീകാരം കിട്ടി. പുതിയ കെട്ടിടം പിന്നീട് പള്ളി ആയും ഉപയോഗിച്ചു. സ്കൂൾ പണി പൂർത്തിആയതോടു കൂടി നല്ലൊരു ഗ്രൌണ്ട് നിർമിക്കാൻ കഠിനാധ്വാനികളായ കുടിയേറ്റക്കാർക്കായി.