എംഫില്‍ അംഗീകൃത ബിരുദമല്ല, പ്രവേശനം നേടരുത്’; മുന്നറിയിപ്പുമായി യുജിസി

എംഫില്‍ അംഗീകൃത ബിരുദമല്ലെന്നും കോഴ്‌സുകളില്‍ പ്രവേശനം തേടരുതെന്നും വിദ്യാര്‍ഥികളോട് യുജിസി. സര്‍വകലാശാലകള്‍ എംഫില്‍ കോഴ്‌സുകള്‍ നടത്തരുതെന്നും യുജിസി സര്‍ക്കുലറിലൂടെ അറിയിച്ചു. 2023-24 വര്‍ഷത്തില്‍ എംഫില്‍ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി ചില സര്‍വകലാശാലകള്‍ അപേക്ഷ ക്ഷണിച്ച പശ്ചാത്തലത്തിലാണ് യുജിസി സര്‍ക്കുലര്‍.എംഫില്‍ കോഴ്സ് നേരത്തെ തന്നെ യുജിസി റദ്ദാക്കിയിരുന്നു. എന്നാല്‍ ചില സര്‍വകലാശാലകള്‍ വീണ്ടും എംഫില്‍ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ വീണ്ടും ക്ഷണിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് യുജിസിയുടെ പുതിയ അറിയിപ്പ്. യുജിസി 2022ലെ റഗുലേഷന്‍ 14ല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എംഫില്‍ ബിരുദം നല്‍കരുതെന്ന് പറയുന്നുണ്ട്.

അഡ്മിഷന്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തി വയ്ക്കണമെന്ന് സര്‍വകലാശാലകളോട് യുജിസി സെക്രട്ടറി മനീഷ് ജോഷി നിര്‍ദേശിച്ചു.സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ എംഫില്‍ കോഴ്‌സുകള്‍ അവസാനിപ്പിക്കാന്‍ 2021 ഡിസംബറില്‍ ചേര്‍ന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.രാജ്യത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 140 ഓളം സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം ഡിസംബര്‍ 24ന് പറഞ്ഞിരുന്നു. ഇവരില്‍ പലരും യുജിസി അംഗീകരിക്കാത്ത കോഴ്‌സുകളാണ് നടത്തുന്നത്. ഏറ്റവും കൂടുതല്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിച്ചത് ഗുജറാത്തിലാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഗുജറാത്തില്‍ 28 സ്വകാര്യ സര്‍വകലാശാലകളും മഹാരാഷ്ട്രയില്‍ 15 സര്‍വകലാശാലകളും സ്ഥാപിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ 14, കര്‍ണാടകയില്‍ 10 സര്‍വകലാശാലകളും സ്ഥാപിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/K6PdMsWMHNQ31WTQe0DRVc

Sorry!! It's our own content. Kodancherry News©