വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റയാള്‍ മരിച്ചു
വയനാട്: വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റയാള്‍ മരിച്ചു. വെള്ളച്ചാലില്‍ പോളി (50) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പോളിന് ഗുരുതരമായി പരുക്കേറ്റത്. അതീവ ഗുരുതരവസ്ഥയിലാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. വയനാട്ടിൽ ഈ വർഷം മാത്രം 3 പേരാണ് കാട്ടാന ആക്രമത്തിൽ മരിച്ചത്.
കുറുവാ ദ്വീപ് വന സംരക്ഷണ സമിതി ജീവനക്കാരനായ പോൾ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന്റെ മുന്നിൽ പെടുകയായിരുന്നു. ഭയന്ന് ഓടിയപ്പോൾ താൻ കമിഴ്ന്നു വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടി എന്നുമാണ് പോൾ പറഞ്ഞത്. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ സഹപ്രവർത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പോളിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തിൽ നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റുന്നു.
നാളെ വയനാട് ഹർത്താലിന് UDF ആഹ്വാനം ചെയ്തു
വയനാട്ടിൽ ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് മനുഷ്യ ജീവനുകൾ നഷ്ടമായ പശ്ചാത്തലത്തിൽ സർക്കാരും വനം വകുപ്പും തുടരുന്ന ഗുരുതര അനാസ്ഥക്കെതിരെ നാളെ (ഫെബ്രുവരി 17 ) വയനാട് ജില്ലയിൽ യൂ ഡി എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ നടത്തുകയെന്ന് യൂ ഡി എഫ് നേതൃത്വം അറിയിച്ചു.