മുറംപാത്തി മാതൃക അങ്കണവാടി സ്വന്തം കെട്ടിടം വിട്ട് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ മുറംപാത്തി അങ്കണവാടി കഴിഞ്ഞ ഡിസംബർ ഒന്നു മുതൽ മുറംപാത്തി അങ്ങാടിയിൽ ഉള്ള വാടക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയിരുന്നു.
2013 ഒക്ടോബർ 29ന് അന്നത്തെ ജില്ലാ പഞ്ചായത്ത് മെമ്പർ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്ത മുറംപാത്തി അങ്കണവാടിയാണ് 10 വർഷത്തിനുശേഷം വാടക കെട്ടിടത്തിലേക്ക് മാറ്റേണ്ടി വന്നത് .നിലവിൽ 15 കുട്ടികളാണ് അങ്കണവാടിയിൽ പഠിക്കുന്നത്.
എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് നിർമിച്ച മാതൃകാ അങ്കണവാടിയുടെ പുറകുഭാഗത്തെ തിണ്ടിടിഞ്ഞതിനാലാണ് വാടക കെട്ടിടത്തിലേക്ക് മാറ്റേണ്ടിവന്നത്.
അങ്കണവാടി കെട്ടിടത്തിന്റെ പുറകിൽ വലിയ തിണ്ടിൽ നിന്നും ഇടിഞ്ഞ മണ്ണ് മാറ്റാത്തതിനാലും, ഇടിയാനുള്ള സാധ്യത പരിഗണിച്ച് കോടഞ്ചേരി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ കുട്ടികളുടെ സുരക്ഷയെ കരുതി അംഗനവാടി കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കുകയും വാടക കെട്ടിടത്തിൽ താൽക്കാലികമായി പ്രവർത്തനം ആരംഭിക്കേണ്ടി വന്നത്. പുറകിലുള്ള തിണ്ട് ഇടിച്ച് മണ്ണ് മാറ്റുന്നതിനും സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്തുന്നതിനും സ്കൂളിന്റെ അതിര് നിർണയിക്കുന്നതിലുള്ള തർക്കം മൂലം സാധിച്ചിട്ടില്ല. കോടതിയിലുള്ള കേസ് തീർപ്പാക്കുകയും അതിരു തർക്കം പരിഹരിച്ച് എത്രയും വേഗം എടുത്തുമാറ്റി ചിതലെടുത്തു നശിക്കാതെ അങ്കണവാടി കെട്ടിടത്തിൽ തന്നെ പ്രവർത്തനം ആരംഭിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
മുറംപാത്തി ഗവൺമെന്റ് എൽ പി സ്കൂളിന്റെ കൈവശമുള്ള ഭൂമിയിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. ഐ. സി. ഡി.എസ് കൊടുവള്ളി അഡീഷണലിന്റെ കീഴിലാണ് ഇപ്പോൾ അങ്കണവാടി ഉള്ളത്.സ്വന്തമായി കെട്ടിടവും സൗകര്യങ്ങളും ഉള്ളപ്പോളാണ് അത് ഉപയോഗിക്കാനാവാതെ വീണ്ടും ചിലവ് വരുത്തി വാടക കെട്ടിടത്തിൽ ഈ സ്ഥാപനത്തിന് പ്രവർത്തിക്കേണ്ടി വരുന്നത്.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ. :https://chat.whatsapp.com/FktrTGHj9AL6MyGJAzUck3