മാന്നാറിൽ കലയെ കൊലപ്പെടുത്തിയത് ഭർത്താവും ബന്ധുക്കളും ചേർന്ന്; മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
ആലപ്പുഴ മാന്നാറിലെ കല കൊലക്കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളായിട്ടുള്ള ജിനു, സോമൻ, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇവരെ കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുപോയി. മൂന്ന് പ്രതികളെയും പ്രത്യേകം പ്രത്യേകം ഇരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ നാല് പ്രതികളെന്ന് പൊലീസ് കണ്ടെത്തൽ. ഭർത്താവ് അനിൽ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവർ നാലുപേരും ചേർന്ന് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്‍റെ നിഗമനം. യുവതിയെ പതിനഞ്ച് വർഷം മുൻപ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നത്. വലിയ പെരുമ്പുഴ പാലത്തിൽ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് നിർണായക സാക്ഷി മൊഴിയും ലഭിച്ചിട്ടുണ്ട്. അനിലിന്റെ അയൽവാസി സുരേഷ് കുമാറിനെ മുഖ്യസാക്ഷിയാക്കിയുള്ള പൊലീസ് നീക്കമാണ് പ്രതികളെ കുടുക്കുന്നതിൽ നിർണായകമായത്. ഊമക്കത്തിൽ നിന്ന് ലഭിച്ച സൂചനകൾ പിന്തുടർന്ന പൊലീസിന്ഏറെ സഹായമായതും സുരേഷ് നൽകിയ വിവരങ്ങളാണ്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെയും വീട്ടുകാരുടെയും മൊഴി എടുക്കുന്നത് തുടരുകയാണ്. അനിലിന്‍റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. കൊലപാതകം എങ്ങനെ ആസൂത്രണം ചെയ്തു, എങ്ങനെ നടപ്പാക്കി, തെളിവ് നശിപ്പിക്കാൻ എന്തെന്തെല്ലാം ശ്രമം നടത്തി തുടങ്ങി, ദുരൂഹതയുടെ ചുരുളഴിക്കാനുള്ള സമഗ്ര അന്വേഷണമാണ് പുരോഗമിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ കലയെക്കുറിച്ചുള്ള അനിലിന്‍റെ സംശയമെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു.
കൊലപാതകം പൊലീസ് സ്ഥിരീകരിച്ചെങ്കിലും അനിലിന്റെയും കലയുടെയും വീട്ടുകാർക്കും നാട്ടുകാർക്കും ഇത് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. കല ജീവനോടെ തിരിച്ചുവരുമെന്നാണ് മകന്റെ പ്രതീക്ഷ. കാണാതായ കല കൊല്ലപ്പെട്ടന്ന് അറിഞ്ഞതിന്റെ ഞെട്ടലും രണ്ടു വീട്ടുകാർക്കും മാറിയിട്ടില്ല.15 കൊല്ലത്തിന് ഇപ്പുറം കൊലപാതകത്തിന്റെ ചുരുൾ അഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അപ്രതീക്ഷിതമായി കേട്ട വാർത്തയോട് എങ്ങനെ പ്രതികരിക്കണമെന്ന് പോലും അറിയാതെ ആശങ്കയിലാണ് അനിലിന്റെയും കലയുടെയും കുടുംബംങ്ങൾ. പൊലീസ് വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് 16 കാരനായ മകനടക്കം സംഭവികാസങ്ങൾ അറിയുന്നത്.
ഒരു ദിവസം നീണ്ട പരിശോധനക്കൊടുവിൽ അതി വൈകാരികമായി ആയിരുന്നു മകന്റെ പ്രതികരണം. പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്നും അരിച്ചു പെറുക്കിയുള്ള പരിശോധനയിൽ അവർക്കൊന്നും കിട്ടിയില്ലെന്നും മകൻ പറയുന്നു. മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്ന കല വർഷങ്ങൾക്കു മുമ്പ് കുട്ടിയെ ഉപേക്ഷിച്ച് പോയതാണെന്നും അനിൽ നിരപരാധിയാണെന്നും അച്ഛൻ തങ്കച്ചൻ പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട പലതും അറിയാമെന്ന ധാരണയിലാണ് കലയുടെ സഹോദരനായ അനിലിനെയും പൊലീസ് ചോദ്യം ചെയ്തത്. ഒരു ദിവസം നീണ്ടുനിൽക്കുന്ന ചോദ്യം ചെയ്യലായിരുന്നു അത്. അനിലും കലയും തമ്മിൽ വലിയ സ്നേഹമായിരുന്നെന്നാണ് കലയുടെ സഹോദരന്റെ ഭാര്യ പറയുന്നത്.
വർഷങ്ങൾക്കു മുമ്പ് കല മറ്റൊരാൾക്കൊപ്പം പോയെന്നു തന്നെയാണ് നാട്ടുകാരും വിശ്വസിച്ചിരുന്നത്. പലതവണ പലയിടത്തും കലയെ കണ്ടെന്നും നാട്ടിൽ കഥകൾ പ്രചരിച്ചിരുന്നു. 15 വർഷമായി ഒരാളെ കാണാതായിട്ടും ബന്ധുക്കൾ ആരുംതന്നെ യുവതിയെ അന്വേഷിച്ചിട്ടില്ല എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയം. അനിലിനെ വിവാഹം ചെയ്ത ശേഷം മറ്റൊരാൾക്കൊപ്പം പോയെന്നത് നാണകേടുണ്ടാക്കി എന്നതാണ് അന്വേഷിക്കാതിരിക്കാനുള്ള കാരണമായി ബന്ധുക്കൾ പറയുന്നത്.