മഴ കണ്ടാൽ ലീവിനു വേണ്ടി കാത്തിരിക്കുന്നവരേ… ഇതാണ് നമ്മുടെ കലക്ടർ പറയുന്നത്..
മഴ തീവ്രമായ ദിവസങ്ങളിൽ മറ്റു ജില്ലകളിൽ അവധി കൊടുത്ത സമയത്ത് കോഴിക്കോട് ജില്ലയിൽ മഴ കുറവ് ആയതിനാൽ അവധി ഉണ്ടായിരുന്നില്ല. പക്ഷെ മഴ പെയ്യുന്നു എന്നും അവധി തരുമോ എന്നും ചോദിച്ചു നൂറുകണക്കിന് കൊച്ചുമിടുക്കരാണ് കലക്ടറുടെ പേജിൽ കമന്റ് ചെയ്തത്. ഇതിന് മറുപടിയുമായി വന്നിരിക്കുകയാണ് കോഴിക്കോട് കളക്ടർ..
“ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെയ്യുന്ന മഴയുടെ അളവ്, തീവ്രത, പുഴകളിലെ ജല നിരപ്പ്, വെള്ളക്കെട്ട് സാധ്യത, മണ്ണിടിച്ചിൽ ഭീഷണി, വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിങ്ങനെ വിവിധങ്ങളായ ഘടകങ്ങൾ ദിവസേന നടത്തുന്ന ഉദ്യോഗസ്ഥ തല അവലോകന യോഗത്തിൽ വിലയിരുത്തിയാണ് മഴ അവധി സംബന്ധിച്ച തീരുമാനം എടുക്കുന്നത്.
നിങ്ങളുടെ സുരക്ഷക്കാണ് എപ്പോഴും ഞങ്ങൾ ഏറ്റവും പ്രാധാന്യം നൽക്കുന്നത്, അതോടൊപ്പം തന്നെ അധ്യയന ദിനങ്ങൾ പരമാവധി സംരക്ഷിക്കുകയും വേണം. അവധി രസമാണ്, എന്നാൽ പഠനം അതിലേറെ രസമുള്ളതല്ലേ! മഴ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്, പഠനവും. മഴയോടൊത്ത് ജീവിക്കാൻ ശീലിച്ചവരാണ് നമ്മൾ, മഴയാണ് എന്ന് കരുതി നമ്മൾ നമ്മുടെ ഉത്തരവാദിത്തങ്ങൾ മാറ്റിവെക്കാറില്ലല്ലോ.
കമന്റ് ബോക്സിലെ നിങ്ങളുടെ ക്രിയാത്മകത ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്, നമ്മുടെ സാമൂഹ്യ മാധ്യമ ഇടപെടലുകൾ കൂടുതൽ ആരോഗ്യകരമാക്കേണ്ടതുണ്ട്. അപ്പൊ പറഞ്ഞുവരുന്നത് “കാലമിനിയുമുരുളും..വിഷുവരും വർഷം വരും തിരുവോണം വരും പിന്നെയൊരോ തളിരിനും പൂവരും കായ്‌വരും അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം..“
എന്നിരുന്നാലും, നമുക്ക് അറിയാവുന്ന ഒന്നുണ്ട് വിദ്യാധനം സർവ്വധാനാൽ പ്രധാനം.ശുഭദിനം!