പരിശുദ്ധ യൽദോ മോർ ബേസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി
കോടഞ്ചേരി :പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പിനാലും, വി. ദൈവമാതാവിൻറെ സൂനോറായാലും അനുഗ്രഹീതമായ തീർത്ഥാടന കേന്ദ്രമായ വേളംകോട് സെന്റ് മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ ബാവയുടെ 339 മത് ഓർമ്മ പെരുന്നാളിന് കൊടി ഉയർത്തി .ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം ഇടവക വികാരി റവ. ഫാദർ ഷിജോ താന്നിയംകട്ടയിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു .ഫാദർ ഏലിയാസ് തൊണ്ടലിൽ കോർ എപ്പിസ്കോപ്പ , അസിസ്റ്റൻറ് വികാരി റവ. ഫാദർ അജു വയലിൽ , ട്രസ്റ്റി തോമസ് ജോൺ ഞാളിയത്ത് , സെക്രട്ടറി സന്തോഷ് പോൾ ചിരപ്പുറത്ത് , അസോസിയേഷൻ പ്രസിഡൻറ് സാജു പുത്തൻകളപ്പുരയിൽ , സെക്രട്ടറി വർഗീസ് പടയാട്ടില്‍ എന്നിവർ നേതൃത്വം നൽകി.
സെപ്റ്റംബർ 29 ഞായർ മുതൽ ഒക്ടോബർ 3 വ്യാഴം വരെയാണ് പെരുന്നാൾ ദിനങ്ങൾ.തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചെറിയ പള്ളിയിലും , ബുധൻ , വ്യാഴം ദിവസങ്ങളിൽ വലിയ പള്ളിയിലും ആണ് പെരുന്നാൾ ശുശ്രൂഷകൾ നടത്തപ്പെടുന്നത്. തിങ്കളാഴ്ച വൈകുന്നേരം 6. 30ന് സന്ധ്യാ പ്രാർത്ഥനയും റവ. ഫാദർ വർഗീസ് കക്കാട്ടിലിന്റെ വചന സന്ദേശവും , ചൊവ്വാഴ്ച രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥനയും , 8 മണിക്ക് റവ. ഫാദർ വർഗീസ് കക്കാട്ടിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് പ്രസംഗം , ആശിർവാദം, നേർച്ച ഇവ ചെറിയ പള്ളിയിൽ നടത്തപ്പെടുന്നതാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ വലിയ പള്ളിയിലെ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത് പെരുമ്പാവൂർ മേഖലയിലെ അഭിവന്ദ്യ മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്തായാണ്. ബുധനാഴ്ച വൈകുന്നേരം 6 ന് സന്ധ്യാ പ്രാർത്ഥനയും കാൽനട തീർത്ഥയാത്ര സംഘത്തിന് സ്വീകരണം , ആശിർവാദം ,നേർച്ച എന്നിവയും ,വ്യാഴാഴ്ച രാവിലെ 7 .30ന് പ്രഭാത പ്രാർത്ഥനയും 8 .30ന് വിശുദ്ധ കുർബാനയും തുടർന്ന് വചന സന്ദേശം, പ്രദക്ഷിണം, ആശിർവാദം, നേർച്ച എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
രണ്ടാം തീയതി ബുധനാഴ്ച രാവിലെ 6. 30ന് തീർത്ഥയാത്ര പതാക കബറിങ്കൽ നിന്ന് ആരംഭിച്ച താമരശ്ശേരി മൗണ്ട് ഹോറേബ് അരമന ചാപ്പൽ , സെൻറ് ഗ്രിഗോറിയോസ് പള്ളി, ചിപ്പിലത്തോട് സെൻറ് ജോർജ് പള്ളി എന്നിവ വഴി പുതുപ്പാടി സെന്റ് മേരിസ് പള്ളിയിൽ എത്തിച്ചേരുന്നതും , അവിടെനിന്ന് 9 മണിക്ക് കാൽനട തീർത്ഥയാത്ര ആരംഭിച് തെയ്യപ്പാറ സെന്റ് ജോർജ് പള്ളിയിലെ സ്വീകരണത്തിനു ശേഷം 2 മണിക്ക് കോടഞ്ചേരി ടൗണിൽ എത്തിച്ചേരുന്നതും തുടർന്ന് കാഞ്ഞിരപ്പാറ സെൻറ് ജോൺസ് പള്ളി, വേളംകോട് ചെറിയ പള്ളി, വട്ടൽ കുരിശുപള്ളി, മൈക്കാവ് സെന്റ് മേരിസ് പള്ളി എന്നിവ വഴി വൈകുന്നേരം 7 മണിക്ക് വലിയ പള്ളിയിൽ എത്തിച്ചേരുന്നതാണ്…വർഷംതോറും നടന്നുവരുന്ന പെരുന്നാളിന് കാൽനട തീർത്ഥയാത്രയിലും നാനാജാതി മതസ്ഥർ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിച്ചുവരുന്നു .ദേശം എല്ലാം പെരുന്നാൾ ആഘോഷത്തിന്റെ വലിയ സന്തോഷത്തിലാണ്. മൂന്നാം തീയതി ഉച്ചകഴിഞ്ഞ് കൊടിയിറക്കുന്നതോടെ പെരുന്നാൾ ശുശ്രൂഷകൾക്ക് സമാപനമാകുന്നതാണ്