പാൽ പരിശോധ കേന്ദ്രങ്ങൾ ഇല്ല; റബ്ബർ കർഷകരുടെ ദുരിതത്തിന് അറുതിയില്ല:

കോടഞ്ചേരി: വിലത്തകർച്ചയിൽ ദുരിതത്തിലായ റബർ കർഷകർക്ക് ഇരട്ട പ്രഹരമാകുകയാണ് പാൽ പരിശോധ കേന്ദ്രങ്ങൾ ഇല്ലാത്തത്. റബ്ബർ പാൽ ഷീറ്റാക്കി ഉണക്കി വിൽക്കുന്ന പരമ്പരാഗത രീതി ഇന്ന് മിക്ക കർഷകരും പിന്തുടരുന്നില്ല. പകരം പാൽ നൽകുന്നതാണ് പുതിയ രീതി. ഇതിനായി പ്രത്യേക രാസവസ്തു ചേർത്ത വലിയ ബാരലുകൾ മിക്ക തോട്ടങ്ങളിലും പാൽ ശേഖരിക്കുന്ന ഏജൻസികൾ ഇറക്കും. കർഷകർ അന്നന്ന് ലഭിക്കുന്ന റബർ പാൽ ഇതിൽ ഒഴിച്ച് വെക്കും.

മാസങ്ങളോളം പാൽ കട്ടയാകാതിരിക്കാൻ ബാരലിൽ പ്രത്യേക രാസവസ്തു ചേർക്കാറുണ്ട്. തോട്ടത്തിൽ നിന്ന് ഇവർ ബാരലുകൾ കൊണ്ടുപോകുമ്പോൾ പാലിന്റെ സാമ്പിൾ കർഷകനും നൽകാറുണ്ട്. പാൽ പരിശോധിച്ച് പാലിലെ ഡി.ആർ.സി.(ഡ്രൈ റബ്ബർ.കണ്ടൻറ്) പ്രകാരമാണ് കർഷകന് ഏജൻസികൾ വില നൽകിവരുന്നത്.എന്നാൽ കോഴിക്കോട് ജില്ലയിൽ റബർപാലിന്റെ ഡി.ആർ.സി. പരിശോധിക്കുന്ന ഒരേ ഒരു സ്ഥാപനമേ ഉള്ളു എന്നതാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി.

കോവിഡ് സാഹചര്യത്തിൽ യാത്ര നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ മലയോരത്തുൾപ്പെടെയുള്ള മിക്ക കർഷകർക്കും സാമ്പിൾ സ്വന്തം നിലയിൽ പരിശോധിക്കാൻ പറ്റാതായി. ഇതോടെ ഏജൻസികൾ പറയുന്ന ഡി.ആർ.സി.കർഷകർ അംഗീകരിക്കേണ്ടിവന്നു. കർഷകർക്ക് പാൽ പരിശോധിക്കാൻ സംവിധാനങ്ങൾ ഇല്ലെന്ന് തിരിച്ചറിഞ്ഞ് മിക്ക ഏജൻസികളും ഡി.ആർ.സി കുറച്ച് കാണിച്ച് കർഷകരിൽ നിന്ന് പണം തട്ടുന്നതായും ആരോപണമുണ്ട്. വിലയിടിഞ്ഞതോടെ മിക്ക കർഷകരും റബർ മരം ടാപ്പ് ചെയ്യാതായി .

പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന കർഷകർക്ക് ഇരുട്ടടിയാകുകയാണ് ഏജൻസികളുടെ ഈ കൊള്ള. പാൽ പരിശോധിക്കുന്ന ലാബ് അടിയന്തിരമായി മലയോര മേഖലകൾ കേന്ദ്രമായി തുടങ്ങണമെന്ന ആവിശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

കർഷകർ വഞ്ചിക്കപെടുന്നു:

പാൽ പരിശോധന കേന്ദ്രങ്ങൾ ഇല്ലാത്തത് കർഷകർക്ക് വലിയ ദുരിതമാണ്. ഏജൻസികൾ പറയുന്ന ഡി.ആർ.സി അഗീകരിക്കുകയല്ലാതെ കർഷകർക്ക് വേറെ നിർവാഹമില്ല. ഈ സ്ഥിതിമാറണം. പ്രതിസന്ധി കാലഘട്ടത്തിൽ കർഷകർ വഞ്ചിക്കപ്പെടുന്നത് അനുവദിക്കാനാകില്ല എന്ന് കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സാബു മനയിൽ അഭിപ്രായപ്പെട്ടു.

ബന്ധപ്പെട്ടവർ ഉടൻ വിഷയത്തിൽ ഇടപെടണം:

വർഷങ്ങളായുള്ള കർഷകരുടെ ആവിശ്യമാണ് മലയോര മഖല കേന്ദ്രമാക്കി പാൽ പരിശോധന കേന്ദ്രം എന്നത്. അധികാരികൾ ആവശ്യത്തോട് മുഖം തിരിഞ്ഞ് നില്കുകയാണ്. കർഷകരെ ചൂഷണം ചെയ്യുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്ന് കർഷക സംഘം കൂടത്തായി മേഖല അംഗം എം. സത്യപാലൻ മുടൂർ പറഞ്ഞു.

നടപടിയെടുക്കണം:

കോവിഡ് പ്രതിസന്ധി മറയാക്കി കർഷകരെ വഞ്ചിച്ചിക്കുന്ന ഇത്തരം ഏജൻസികൾക്കെതിരേ ശക്തമായ നടപടിയെടുക്കണം. വർഷങ്ങളായുള്ള കർഷകരുടെ ആവിശ്യമാണ് മലയോര മഖല കേന്ദ്രമാക്കി പാൽ പരിശോധന കേന്ദ്രം എന്നത്. ബന്ധപ്പെട്ടവർ ഉടൻ വിഷയത്തിൽ ഇടപെടണം എന്ന് കർഷകൻ വേലായുധൻ മുറ്റോളി അഭിപ്രായപ്പെട്ടു.

*** **** ***** *** *****

കോടഞ്ചേരി ന്യൂസ് വാട്സാപ്പിൽ അംഗമാകാൻ:

https://chat.whatsapp.com/B7Xsh4je1G176hyEgHls5J

ഫേസ്‌ബുക് പേജ് : https://www.facebook.com/KodancherryNews/

Sorry!! It's our own content. Kodancherry News©