ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരു മണിക്കൂറിനകം അറിയിക്കൂ’; കേരള പൊലീസ്

സംസ്ഥാനത്തും വെര്‍ച്വല്‍ അറസ്റ്റ് അടക്കമുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം  തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കണമെന്ന് കേരള പൊലീസ് അഭ്യര്‍ഥിച്ചു. 

*കേരള പൊലീസിന്‍റെ സന്ദേശം*

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം  തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ് എന്നും കേരള പൊലീസ് അറിയിച്ചു. 

വെര്‍ച്വല്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ പണം നഷ്‌ടമാകുന്ന സംഭവം അടുത്തിടെ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റ് എന്ന പേരില്‍ പണം തട്ടുന്ന സംഭവം കേരളത്തെയും ഞെട്ടിച്ചു. സംഗീത സംവിധായകൻ ജെറി അമൽ ദേവ് സമാന തട്ടിപ്പിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് സംഘം ജെറി അമല്‍ ദേവിനെ പണത്തിനായി സമീപിച്ചത്. 

കൊറിയര്‍ സര്‍വീസിന്‍റെ പേരിൽ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് മുമ്പ് കേരള പൊലീസ് സമാന മുന്നറിയിപ്പ് നല്‍കിയിരുന്നു. പാഴ്സലിലെ സാധനങ്ങൾ മയക്കുമരുന്നാണെന്നും തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ സിബിഐയിലെയോ സൈബർ പൊലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നു എന്നും പറഞ്ഞാണ് തട്ടിപ്പ് സംഘം പണം തട്ടാന്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ അനവധി ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളാണ് ദിവസവും നടക്കുന്നത്. 

Sorry!! It's our own content. Kodancherry News©