തിരുനാളിനോട് അനുബന്ധിച്ച് നാടിന്റെ ആദരം നൽകി:

കോടഞ്ചേരി: കോടഞ്ചേരി സെൻമേരിസ് ഫൊറോനാ ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് മൂന്ന് വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു.

സിസ്റ്റർ. ജെയ്സൺ എം. എൽ. എഫ്:

സന്യാസം എന്നാൽ പൂർണ്ണമായ സമർപ്പണം എന്നാണ്. ക്രിസ്തുവിനു വേണ്ടി സകലതും സമർപ്പിക്കുന്നവർ എന്നതാണ് ഒരു ക്രിസ്തു സന്യാസിനിയുടെ നിയോഗം. പൂർവ്വ പിതാവായ അബ്രാഹത്തെ പോലെ തൻറെ ദേശത്തെയും പിതൃഭവനത്തെയും വിട്ട് ദൈവം കാണിച്ചു തന്ന വഴിയിലൂടെ സഞ്ചരിച്ചവരാണ് സന്യാസിനികൾ എന്ന നമുക്കറിയാം. ലോകമെമ്പാടും സന്യാസിനികൾ ചെയ്ത സേവനത്തെ എത്ര പ്രശംസിച്ചാലും മതിവരില്ല. അവർ ക്രിസ്തുവിൻറെ കരുണയുടെ മുഖമാണ്. അശരണരെയും പാവപ്പെട്ടവരെയും ക്രിസ്തുവിനോട് താദാത്മ്യപ്പെടുത്തി അവരെ ശുശ്രൂഷിച്ച ഒത്തിരിയേറെ സന്യാസിനികളുടെ ചരിത്രം ഈ ലോകത്തിലുണ്ട്. ലോകമെമ്പാടുമുള്ള സഭയുടെ വലിയ കരുത്താണ് സന്യാസിനികൾ. ദൈവമക്കളെ ശുശ്രൂഷിക്കുന്നതിനും പ്രത്യാശയുടെ കിരണങ്ങൾ അവരുടെ ജീവിതത്തിൽ പകരുന്നതിനുമായി ജീവിതമർപ്പിച്ച സന്യാസിനികൾ എന്നും മാതൃകയാണ്. കരുണാ സമ്പന്നനായ ക്രിസ്തുനാഥന് സാക്ഷ്യം വഹിക്കാനുള്ള വിളിക്ക് പ്രത്യുത്തരം നൽകിക്കൊണ്ട് സ്നേഹ സമർപ്പണം ചെയ്ത് തന്റെ സന്യാസ സമർപ്പണത്തിന്റെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ സിസ്റ്റർ. ജെയ്സൺ എം. എൽ. എഫ്, 1954 ൽ പാലാ രൂപതയിലെ ഇലഞ്ഞി ഇടവകയിൽ വന്മേലിൽ ജോസഫ് – അന്നമ്മ ദമ്പതികളുടെ പതിനൊന്നു മക്കളിൽ ഏഴാമത്തെ പുത്രിയായി ഭൂജാതയായി. നാലര വയസ്സിൽ സിസ്റ്ററിന്റെ കുടുംബം മലബാറിലെ വയനാട് ജില്ലയിൽ ദ്വാരക ഇടവകയിൽ കുടിയേറി. എസ്.എസ്. എൽ. സി. വരെയുള്ള വിദ്യാഭ്യാസത്തിനു ശേഷം 1970എൽ കൊല്ലം – മാവേലിക്കര -കുന്നം ലിറ്റിൽ ഫ്ലവർ കോൺവെന്റിൽ അർത്ഥിനിയായി ചേർന്നു. മൂന്നു വർഷത്തെ സന്യാസ പരിശീലനത്തിനു ശേഷം 1973 ൽ ആദ്യ വ്രത വാഗ്ദാനം നടത്തി. തുടർന്ന് ഉന്നത വിദ്യാഭ്യാസം നേടിയതിനു ശേഷം തന്റെ സന്യാസ ജീവിതത്തോടൊപ്പം തന്നെ തന്റെ പ്രേഷിത മേഖലയായി അധ്യാപനവും തിരഞ്ഞെടുത്തു. ഇതിനിടയിൽ റോമിൽ നിന്ന് ദൈവശാസ്ത്ര പഠനത്തിൽ ബിരുധാനന്തരബിരുദം നേടുകയും ചെയ്തു. 2004-2007 കാലയളവിൽ മിഷണറിസ് ഓഫ് ലിറ്റിൽ ഫ്ലവർ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ അമ്പത് വർഷത്തെ സന്യാസ ജീവിതത്തിനിടയിൽ അസിസ്റ്റന്റ് ജനറൽ, സ്കൂൾ പ്രിൻസിപ്പൽ, സുപ്പീരിയർ എന്നീ ഉത്തരവാദിത്വങ്ങളും തന്റെ മണവാളനോടുചേർന്നു നിർവഹിക്കുകയുണ്ടായി. ഇപ്പോൾ എം. എൽ. എഫ്. സമൂഹത്തിന്റെ ജനറൽ കൗൺസിലർ ആയും കോടഞ്ചേരി സമൂഹത്തിന്റെ സുപ്പീരിയർ ആയും സേവനമനുഷ്ടിക്കുന്നു. “സ്വന്തം നാടിനെയും പിതൃ ഭവനത്തെയും വിട്ട് ഞാൻ കാണിച്ചു തരുന്ന ദേശത്തേക്ക് പോവുക” എന്ന ദൈവപിതാവിന്റെ വചനങ്ങൾ ശിരസ്സാ വഹിച്ചുകൊണ്ട് ദൈവജനത്തെ ശുശ്രൂഷിക്കുവാൻ സിസ്റ്ററിനെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ ഇന്ന് ആശംസിക്കുന്നു. എല്ലാ നന്മകളും ആശംസിച്ചു കൊള്ളുന്നു.

പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന റവ. ഫാ. പോൾ മൂഞ്ഞേലിൽ :

വൈദിക ഭാഷയിൽ പുരോഹിത ശബ്ദത്തിന്റെ അർത്ഥം തനി ദൈവീകമാണെങ്കിലും – ഭൗതിക തലം കൂടിയായാൽ വിപുലമാവുകയാണ്. പുരോഹിതൻ എന്നാൽ മുന്നോട്ടേയ്ക്ക് ഹിതമുള്ളവൻ: ഹിതം ശ്രേയോൻമുഖമായ ഇഷ്ടം. തൻറെയല്ല സഭയുടെ- സമൂഹത്തിൻറെ- പോരാ – മാനവരാശിയുടെ മുഴുവൻ ശ്രേയസിൽ ഹിതം കാണുന്നയാളാണ് പുരോഹിതനെന്ന് സമർത്ഥിക്കാമെങ്കിൽ ഫാദർ: പോൾ മൂഞ്ഞേലിൽ പ്രാപ്തനായ ഒരു പുരോഹിതൻ ആണെന്ന് സ്വാഭിമാനം പറയാം.

അച്ചൻ്റെ ആധ്യാത്മിക സാമൂഹിക സേവന രംഗത്തെ സ്തുത്യർഹമായ സേവനങ്ങൾ വിലയിരുത്തി കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രം അച്ചനെ പ്രത്യേകമായി അഭിനന്ദിക്കുന്നു.

1972 ഡിസംബർ 20 ന് തലശ്ശേരി കത്തീഡ്രൽ പള്ളിയിൽ വെച്ച് അഭിവന്ദ്യ സെബാസ്റ്റ്യൻ വള്ളോപ്പള്ളി പിതാവിൽ നിന്നും വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. മലബാർ കുടിയേറ്റത്തിന്റെ കഷ്ടതകൾ പേറിയിരുന്ന ആ കാലഘട്ടത്തിൽ മാനന്തവാടിയിലെ പോരൂർ എന്ന ഇടവകയുടെ അസിസ്റ്റൻറ് വികാരിയായി നിയമിതനായി. തുടർന്ന് നടവയൽ, ചെമ്പേരി, രത്നഗിരി, കൊട്ടോടി, പനത്തടി ,പാണത്തൂർ ,ബളാമൂട്, കോഴിച്ചാൽ, പടിമരുത്, ഖണ്ഡിബാഗ്, മണിപ്പാറ, പൂവാറൻതോട്, ചെടിക്കുളം ,പെരുമ്പുന്ന പുറവയൽ ,കുന്നുംകൈ ,ചെറുപാറ, കാപ്പിമല, കണിവയൽ, കൊന്നക്കാട്, വെമ്പുവ, പുലികുരുമ്പ, എണ്ണപാറ, ചേപ്പറമ്പ എന്നിവിടങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു.

മലബാറിലെ കുടിയേറ്റ മേഖലകളിൽ ഇന്നു കാണുന്ന എല്ലാ പുരോഗതികൾക്കും നേതൃത്വം നൽകിയത് സർവ്വ സമർപ്പിതരായ പുരോഹിതരാണെന്ന് നിസംശയം പറയാം. താൻ സേവനമനുഷ്ഠിച്ച സ്ഥലങ്ങളിലെല്ലാം, ജനത്തിന്റെ ആധ്യാത്മിക- ഭൗതിക- ഉന്നമനത്തിനായി കഠിനാധ്വാനം ചെയ്ത അച്ചനെ എത്ര പ്രശംസിച്ചാലും അധികമാവില്ല. ക്രിസ്തുവിൻറെ ശാന്തതയും കരുണയും ജീവിത തത്വമാക്കി മാറ്റിയ പ്രിയപ്പെട്ട പോളച്ചനെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. ശുശ്രൂഷ പൗരോഹിത്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ അച്ചന് എല്ലാ ദൈവാനുഗ്രഹവും ആയുരാരോഗ്യവും ആശംസിക്കുന്നു. ദൈവത്തിൻറെ കരുണയുടെ മുഖമായി ഇനിയും ദീർഘനാൾ ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു.

ഡോക്ടർ ആഗസ്തി ഓണംതുരുത്തിൽ, കോടഞ്ചേരി :

ആർഷഭാരത സംസ്കാരത്തിൽ വൈദ്യൻ എന്നാൽ, ചികിത്സകൻ, വേദമനുസരിച്ച് നടക്കുന്നവൻ എന്നൊക്കെയാണ് അർത്ഥം. ഒരു നാടിൻറെ ഉന്നമനത്തിന് ആരോഗ്യമുള്ള സമൂഹം അത്യന്താപേക്ഷിതമാണ്. സുവിശേഷത്തിന്റെ താളുകളിൽ ക്രിസ്തു തന്നെ സമീപിച്ചവർക്ക് മുൻപിൽ സൗഖ്യമായി, കരുണയുടെ മുഖമായി അവതരിക്കുന്നുണ്ട്. മലബാറിലെ കുടിയേറ്റ മേഖലയായ കോടഞ്ചേരിയുടെ മണ്ണിൽ ക്രിസ്തുവിൻറെ കരുണയുടെയും സൗഖ്യത്തിന്റെയും മുഖമായി അവതരിച്ച വ്യക്തിയാണ് ഡോക്ടർ ആഗസ്തി. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ക്രിസ്തുവിൻറെ സൗഖ്യദായകമായ കരമായി പ്രവർത്തിക്കുകയായിരുന്നു ആഗസ്തി ഡോക്ടർ. കുടിയേറ്റത്തിന്റെ കഷ്ടതകൾ പേറിയ നാളുകളിൽ രോഗങ്ങളാൽ വലഞ്ഞ ഈ നാട്ടിലെ ജനങ്ങൾക്ക് ഇദ്ദേഹം ദൈവതുല്യനായി മാറിയിരിക്കുന്നു.

പാലായിലെ ചേർപ്പുങ്കൽ എന്ന നാട്ടിൽ ഒരു സാധാരണ കർഷക കുടുംബത്തിൽ 1943 ഒക്ടോബർ 17ന് ഓണംതുരുത്തിൽ ഉലഹന്നാൻ അന്നമ്മ ദമ്പതികളുടെ മൂത്ത മകനായി ജനിച്ചു. പഠനത്തിൽ മികവുറ്റ ആഗസ്തി പാലാ എൻഎസ്എസ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥിയായി മാറി.1970 ൽ വൈദ്യപഠനം പൂർത്തിയാക്കി. ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോകാനിരുന്ന ആഗസ്റ്റ് എന്ന ഡോക്ടർ മലബാറിലെ തന്റെ കുടുംബവീട് സന്ദർശിക്കുന്നതിനിടയിൽ മലയോര മേഖലയിൽ തൻറെ സേവനം ആവശ്യമാണെന്ന് മനസ്സിലാക്കി.1970 ഡിസംബറിൽ തന്നെ കോഴിക്കോട് മൈക്കാവിൽ ആദ്യ ഡിസ്പെൻസറി ആരംഭിച്ചു.കുടിയേറ്റത്തിന്റെയും നാളുകളിൽ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് വലിയ ആശ്വാസമായി മാറിയ ആഗസ്തി ഡോക്ടറെ സ്നേഹപൂർവ്വം അഭിനന്ദിക്കുന്നു. പാവപ്പെട്ടവരോട് കരുണ കാണിച്ചുകൊണ്ട് ദീർഘനാൾ ഈ ജനതയ്ക്ക് വേണ്ടി തന്റെ സ്വർഗീയ പിതാവിൻറെ കരുണയുടെ മുഖം മലബാറിലെ അശരണർക്കും പാവപ്പെട്ടവർക്കും മുന്നിൽ വെളിപ്പെടുത്തിയ ഡോക്ടറെ ഈ ജനതയ്ക്ക് മറക്കാനാകില്ല. കഴിഞ്ഞ നാളുകളിൽ നൽകിയ സ്തുത്യർഹമായ സേവനത്തിന് എത്ര അഭിനന്ദിച്ചാലും മതി വരില്ല. ഇനിയും ദീർഘനാൾ ഈ ജനതയ്ക്ക് വേണ്ടി സൗഖ്യത്തിന്റെ സംവാഹകരായി മാറുവാൻ വരും തലമുറയെ ജീവിതം കൊണ്ട് പഠിപ്പിച്ച ഇദ്ദേഹം ഇനിയും ദൈവത്തിൻറെ സൗഖ്യദായകമായ കൈകളായി തീരട്ടെ എന്ന് ആശംസിക്കുന്നു.

*** ***** *** ***** *** ******

കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/FFbKduY0kk9A4aesiHJrkT

ഫേസ്‌ബുക് പേജ് :

https://www.facebook.com/KodancherryNews/

വെബ് സൈറ്റ്:

www.kodancherry.com

യൂട്യൂബ് ചാനൽ :

https://youtube.com/channel/UCzkGD95hHb9NwsnmwtFPgMw

Sorry!! It's our own content. Kodancherry News©