കോടഞ്ചേരി സ്വദേശി ജോൺ ജോസഫിന് ദേശീയ സസ്യ ജനിതക സംരക്ഷണ പുരസ്കാരം: രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി
കോടഞ്ചേരി: സ്വന്തം കൃഷിയിടം കാർഷിക പരീക്ഷണശാലയാക്കി ജനിതക സംരക്ഷണത്തിന്റെ നേർക്കാഴ്ചയൊരുക്കിയ കർഷകൻ നടന്നു കയറിയത് ദേശീയ കാർഷിക പുരസ്കാരത്തിലേക്ക്.
കോടഞ്ചേരി ശാന്തിനഗർ ഓണംതുരുത്തിയിൽ ജോൺ ജോസഫാണ് കേന്ദ്രസർക്കാരിന്റെ 2021- 22 വർഷത്തിലെ ദേശീയ സസ്യ ജനിതക സംരക്ഷണ പുരസ്കാരം നേടിയത്. ‘പ്ലാന്റ് ജീനോം സേവ്യയർ’ പുരസ്കാരവും ഒന്നരലക്ഷം രൂപ ക്യാഷ് അവാർഡും രാഷ്ട്രപതിയിൽ നിന്നും ചൊവ്വാഴ്ച ജോൺ ജോസഫ് ഏറ്റുവാങ്ങി. കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്നും മികച്ച ജാതിക്ക ഇനങ്ങൾ ശേഖരിച്ച് വളർത്തുന്ന കർഷകനാണ് ജോൺ ജോസഫ്. നൂറിലേറെ ഇനം ജാതി മരങ്ങളാണ് തോട്ടത്തിലുള്ളത്. വൈവിധ്യമാർന്ന ഇഞ്ചി, മഞ്ഞൾ എന്നിവയുടെ കൃഷിയും ജനിതക അവാർഡിനായി പരിഗണിക്കപ്പെട്ടു. പഴവർഗ്ഗങ്ങളുടെയും മരച്ചീനിയുടെയും വ്യത്യസ്തങ്ങളായ ഇനങ്ങളും ജോൺ ജോസഫിന്റെ പതിനഞ്ച് ഏക്കർ കൃഷിയിടത്തിലുണ്ട്.
മികച്ച കർഷകനും, മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിൽ ഒഫീഷ്യൽ ലാംഗ്വേജസ് ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പിതാവ്,പരേതനായ ഓണംതുരുത്തിയിൽ ജോസ് ഓസ്റ്റിൻ പകർന്നുനൽകിയ കാർഷിക അറിവുകളും കൃഷിയോടുള്ള ആഭിമുഖ്യവുമാണ് ജോൺ ജോസഫിനെ ഈ രംഗത്ത് പിടിച്ചുനിർത്തിയത്. ബിരുദാനന്തര ബിരുദധാരിയും, സംസ്ഥാന ബാസ്ക്കറ്റ്ബോൾ ടീമംഗവുമായിരുന്ന ജോൺ ജോസഫ് ശാസ്ത്രത്തിന്റെ നൂതന അറിവുകൾ കൃഷിയിടത്തിൽ പരീക്ഷിച്ചു.നാഷണൽ ഡയറിഫാം അവാർഡ്, ഇന്ത്യൻ അഗ്രികൾച്ചർ ഇൻസ്റ്റിറ്റ്യൂട്ട് നാഷണൽ ഇനോവേറ്റീവ് അവാർഡ് എന്നിവയും നേടിയിട്ടുണ്ട്.
ജോൺ ജോസഫിന്റെ അവാർഡ് നേട്ടം കോടഞ്ചേരിക്കും, പ്രത്യേകിച്ച്, മലയോര കർഷകർക്കും പ്രചോദനമാണ്.
*** ***** *** ***** ***
കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/BtbYJeJrp3dJEOV4S59ndM
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ