ഫാ. സെബാസ്റ്റ്യൻ പൂക്കുളം (84)നിര്യാതനായി

താമരശ്ശേരി : താമരശ്ശേരി രൂപതാംഗം ഫാ. സെബാസ്റ്റ്യൻ പൂക്കുളം (84) നിര്യാതനായി. ഈരൂട് വിയാനി വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.1940 ജൂലൈ 23ന് പാലാ രൂപതയിലെ കൊഴുവനാൽ ഇടവകയിൽ പരേതരായ ജോൺ – അന്ന ദമ്പതികളുടെ അഞ്ചുമക്കളിൽ നാലാമനായി ജനിച്ചു. കുളത്തുവയൽ എൽ.പി., യൂ.പി. ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തലശ്ശേരി രൂപതയുടെ സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ സെമിനാരി പഠനം ആരംഭിച്ചു. തുടർന്ന് ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ മേജർ സെമിനാരിയിൽ തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി. വൈദിക പരിശീലനത്തിനൊടുവിൽ തലശ്ശേരിയിൽ വെച്ച് 1967 ഡിസംബർ 17ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ അഭിവന്ദ്യ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും ഡിസംബർ 18ന് കുളത്തുവയൽ ഇടവക ദൈവാലയത്തിൽ വെച്ച് പ്രഥമ ദിവ്യബലിയർപ്പിക്കുകയും ചെയ്തു.

1968ൽ അവിഭക്ത തലശ്ശേരി അതിരൂപതയിലെ ആലക്കോട് ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ചു. തുടർന്ന് ഈരൂട്, ഷീരാടി, മാടത്തിൽ, പൂഴിത്തോട്, കണ്ണിവയൽ, മാനടുക്കം, പടുപ്പ്, കല്ലാനോട്, കക്കയം, കട്ടിപ്പാറ, വിളക്കാംതോട്, കണ്ണോത്ത്, കൂരാച്ചുണ്ട്, കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, മരിയാപുരം, മഞ്ഞുവയൽ, കുപ്പായക്കോട് എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ പേർസണൽ ബോർഡ് അംഗം, കോർപ്പറേറ്റ് ഏജൻസി അഡ്വൈസറി ബോർഡ് അംഗം, കൺസൾട്ടർ, എപ്പാർക്കിയൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018ൽ ഔദ്യോഗിക അജപാലന ജീവിതത്തിൽ നിന്ന് വിരമിച്ച് ഈരൂട് വിയാനി പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചു. തുടർന്ന് കുറച്ചുകാലം മരഞ്ചാട്ടി ഇടവകയിൽ താതക്കാലിക വികാരിയായും സേവനം ചെയ്തു.

ആരോഗ്യപരമായ അസ്വസ്ഥതകൾ വർദ്ധിച്ചപ്പോൾ 10.06.2024ന് കോഴിക്കോട് ആംസ്റ്റർ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും 19.06.2024ന് രാവിലെ 11.17 മണിക്ക് അന്ത്യകൂദാശകളെല്ലാം സ്വീകരിച്ച് കർത്താവിൽ നിദ്ര പ്രാപിക്കുകയും ചെയ്തു.(Late) മത്തായി പൂക്കുളം (നരിനട), (Late) ജോസഫ് പൂക്കുളം (നരിനട), (Late) ജോൺ പൂക്കുളം (നരിനട), ഏലിക്കുട്ടി തീക്കുഴിവയലിൽ (ചക്കിട്ടപാറ), തോമസ് പൂക്കുളം (നരിനട) എന്നിവർ സഹോദരങ്ങളാണ്.പ്രിയപ്പെട്ട സെബാസ്റ്റ്യൻ പൂക്കുളം അച്ചന്റെ ഭൗതിക ദേഹം അന്തിമോപചാരങ്ങൾക്കായി ഇന്ന് (19.06.2024) ഉച്ചയ്ക്ക് 03.00 മണി മുതൽ ഈരൂട് സെന്റ് ജോസഫ്സ് ദൈവാലയത്തിൽ പൊതുദർശനത്തിന് വെക്കുന്നതാണ്.

മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച (20.06.2024) രാവിലെ 10.00 മണിക്ക് ഈരൂട് സെന്റ് ജോസഫ്സ് ദൈവാലയ സെമിത്തേരിയിൽ, തലശ്ശേരി മുൻ അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ്ജ് ഞരളക്കാട്ട് പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തുന്നതാണ്.”ദൈവജനത്തിനായ്’ എന്ന ആപ്തവാക്യത്തിൽ അടിയുറച്ച് ജീവിച്ചിരുന്ന സെബാസ്റ്റ്യൻ പൂക്കുളം അച്ചൻ കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ അസൗകര്യങ്ങൾ മാത്രം കൈമുതലുണ്ടായിരുന്ന ഇടവകകളിൽ തന്റെ ശക്തമായ നേതൃത്വവും കഠിനാദ്ധ്വാനവും കൊണ്ട് ഇടവകജനത്തെ മുന്നോട്ട് നയിച്ച, ദൈവജനത്തിനായി മാത്രം ജീവിച്ച അജപാലകനായിരുന്നു.

Sorry!! It's our own content. Kodancherry News©