ഓമശ്ശേരി കോടഞ്ചേരി റോഡ് നവീകരണം പാതിവഴിയിൽ
കോടഞ്ചേരി: ഓമശ്ശേരി കോടഞ്ചേരി റോഡ് നവീകരണം പാതിവഴിയിൽ നിർത്തിയിരിക്കുന്നു. ഓമശ്ശേരി കോടഞ്ചേരി റോഡിൽ നിന്ന് ആരംഭിച്ച് പുലിക്കയം പുല്ലൂരാംപാറ,പള്ളിപ്പടി, ഇലന്തുകടവ് വരെയാണ് റോഡിന് നിർമ്മാണം. 15 കോടി മുതൽ മുടക്കിൽ 12 കിലോമീറ്റർ സി.ഐ. ആർ.എഫ് ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ നിർമ്മാണം നടത്തുന്നത്. ശാന്തി നഗറിൽ നിന്ന് ആരംഭിച്ച് കോടഞ്ചേരി ഗവൺമെന്റ് കോളേജിന്റെ മുൻഭാഗം വരെ ഇരുഭാഗത്തും ടാർ ചെയ്തിരുന്നു. എന്നാൽ ഗവൺമെന്റ് കോളേജ് മുതൽ റോഡിന്റെ ഒരു ഭാഗം ഒരു കിലോമീറ്റർ മാത്രമാണ് ടാർ ചെയ്തത്. ഒരാഴ്ച മുൻപ് ടാർ ചെയ്ത ഭാഗത്ത് പല സ്ഥലങ്ങളിലും ടാർ ഇളകിയ നിലയിലാണ് .കോടഞ്ചേരി മുകളിലെ അങ്ങാടിയിലേക്ക് ഇവിടെ നിന്നും 700 മീറ്റർ ദൂരമാണ് ടാർ ചെയ്യാത്ത നിലയിൽ മാന്തി ഇട്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് റോഡിന്റെ ഇരുഭാഗവും, ബാക്കി ടാർ ചെയ്യാനുള്ള ഭാഗത്തെ പണി കരാറുകാരൻ ഉടൻ പൂർത്തീകരിക്കണം എന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
നിരവധി സ്വകാര്യ ബസ്സുകളും, സ്കൂൾ ബസ്സുകളും, ചെറുകിട വാഹനങ്ങളും ഈ റോഡിൽ കൂടി സർവീസ് നടത്തുന്നുണ്ട്. റോഡിന്റെ ഇരുഭാഗത്തും ഡ്രൈനേജ് ഇല്ലാത്തതിനാൽ പഴയ ഗവൺമെന്റ് കോളേജ് മുതൽ കോടഞ്ചേരി മുകളിലെ അങ്ങാടി വരെ റോഡിലൂടെ വെള്ളം പരന്നൊഴുകുകയാണ്. റോഡിന്റെ ഒരു ഭാഗത്തെങ്കിലും ഡ്രെയിനേജ് നിർമിച്ചാലെ ഇതിനൊരു പരിഹാരം ഉണ്ടാവുകയുള്ളൂ. ബി എം ബി സി നിലവാരത്തിൽ ആണ് ടാറിങ് നടത്തിയിരുന്നത്.