എൽപിജി ഗുണഭോക്താക്കളുടെ ബയോമെട്രിക് മസ്റ്ററിങ്:ഔദ്യോഗിക പ്രഖ്യാപനം ഉടൻ.
രാജ്യത്തെ പാചകവാതക സിലിൻഡർ ഗുണഭോക്താക്കളുടെ കണക്കുറപ്പിക്കാൻ ബയോമെട്രിക് മസ്റ്ററിങ്ങുമായി കേന്ദ്രം. മസ്റ്ററിങ് കർശനമാക്കി കേന്ദ്രം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തിറക്കിയില്ലെങ്കിലും ഗ്യാസ് ഏജൻസികളിൽ ഇതിനകം തിരക്ക് തുടങ്ങിക്കഴിഞ്ഞു. മസ്റ്ററിങ് ആദ്യഘട്ടത്തിൽ കർശനമാക്കില്ലെങ്കിലും ഏതാനും മാസങ്ങൾക്കകം മുഴുവൻ ഗുണഭോക്താക്കളെയും ഇതിന്റെ പരിധിയിൽ കൊണ്ടുവന്നേക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
മസ്റ്ററിങ് നടത്തേണ്ട അവസാനതീയതി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും സമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണംമൂലം ഒട്ടേറെ ഉപഭോക്താക്കളാണ് ഏജൻസികളിൽ എത്തുന്നത്. ബയോമെട്രിക് മസ്റ്ററിങ് നടത്താൻ എല്ലാ ഗ്യാസ് ഏജൻസി ഓഫീസുകളിൽ പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുമുണ്ട്. ഇതിനൊപ്പം, അവശർക്കും മുതിർന്ന പൗരന്മാർക്കും ഉൾപ്പെടെ വീടുകളിലെത്തി മസ്റ്ററിങ് നടത്തുന്നതിന് സിലിൻഡർ വിതരണം ചെയ്യുന്നവർക്ക് പരിശീലനം നൽകിയിട്ടുമുണ്ട്.
കെ.വൈ.സി.ക്കു പിന്നാലെ ബയോമെട്രിക് കൂടി കർശനമാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഒരുങ്ങുന്നത് സിലിൻഡറുകളുടെ യഥാർഥ ഗുണഭോക്താക്കളെ നിശ്ചയിക്കാൻ. പലരും കണക്ഷൻ കൈമാറിയിട്ടുണ്ടെന്നും യാഥാർഥ കണക്ഷൻ ഉടമകൾ മരണപ്പെട്ടതിനുശേഷവും ആ പേരുകളിൽ സിലിൻഡർ കൈപ്പറ്റുന്നുവെന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് കർശനമാക്കുന്നത്. നേരത്തേ സബ്സിഡി സിലിൻഡർ ഉള്ളവർക്കുമാത്രമായിരുന്നു മസ്റ്ററിങ് എങ്കിൽ ഇനിയങ്ങോട്ട് എല്ലാവർക്കും ഇത് വേണ്ടിവരുമെന്നാണറിയുന്നത്
മസ്റ്ററിങ് നടത്താത്ത ഉപഭോക്താക്കൾക്ക് പാചകവാതകം ബുക്കുചെയ്യാൻ തടസ്സം നേരിടേണ്ടിവരും. ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികളെല്ലാം ഒരേസമയം ഇതു നടപ്പാക്കാൻ ആരംഭിച്ചിട്ടുണ്ട്.