ചിപ്പിലിതോട്ടിൽ കാട്ടാന ശല്യം രൂക്ഷം
കോടഞ്ചേരി: ചിപ്പിലിതോട്ടിൽ കാട്ടാന ശല്യം കൊണ്ട് ജനം പൊറുതിമുട്ടി. കോടഞ്ചേരി വില്ലേജിൽപ്പെട്ട പല വീടുകളുടെയും സമീപത്ത് രാത്രി 7 മണിയോടുകൂടി കാട്ടാനകൾ എത്തുന്നു. നേരം വെളുക്കുവോളം കാട്ടാനകൾ വീടിന് സമീപത്തും കൃഷിയിടങ്ങളിലും ഇറങ്ങി കൃഷി നാശിപ്പിക്കുന്നത് പതിവായിരിക്കുന്നു. സണ്ണി പൊള്ളാശ്ശേരി, ജയ്സൺ പൊള്ളാശേരി, സെലിൻ ഇടിയാംകുന്നേൽ, രാജു ഇടിയാംകുന്നേൽ എന്നിവരുടെ വീട്ടുമുറ്റത്താണ് ആനകൾ എത്തിയത്. വനം വകുപ്പ്, ആർ ആർ റ്റി എന്നിവർ ഇവിടെ എത്തുന്നില്ലെന്ന് കർഷകർക്ക് പരാതിയുണ്ട്. രാത്രി മുഴുവൻ പടക്കം പൊട്ടിച്ച് ആനയെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ആന പോകുന്നില്ല. കനത്ത മഴ പെയ്യുന്നതിനാൽ പടക്കം പൊട്ടിക്കൽ തടസ്സമായി തീർന്നിരിക്കുകയാണ്.
കുളത്തിങ്കൽ ജോജിയുടെ 150 റബർ തൈകൾ ആണ് ആന കഴിഞ്ഞ ദിവസം നശിപ്പിച്ചത്. കൂടാതെ ബെന്നി പനക്കലിന്റെ തെങ്ങുകളും ആന നശിപ്പിച്ചു. ജനങ്ങൾക്ക് ആനയെ പേടിക്കാതെ മനസമാധാനമായി ജീവിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. അധികൃതർ ആനയെ തുരത്തുവാനുള്ള നടപടി കൈക്കൊള്ളണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.