അജ്മലിന്‍റെ വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പോരാട്ടം വിജയം കണ്ടെന്ന് പിതാവ്

തിരുവമ്പാടിയിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ച പ്രശ്നത്തിന് പരിഹാരമായി. 30 മണിക്കൂറിലേറെ സമയം റസാഖിനെയും കുടുംബത്തിനെയും ഇരുട്ടിലാക്കിയ ശേഷമാണ് കളക്ടറുടെ നിർദേശപ്രകാരം വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചത്. പോരാട്ടം വിജയം കണ്ടെന്നും എല്ലാവർക്കും നന്ദിയുണെന്നും അജ്മലിന്‍റെ പിതാവ് റസാഖ്‌ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവർക്കും നന്ദി ഉണ്ടെന്ന് റസാഖിന്‍റെ ഭാര്യ മറിയം പറഞ്ഞു. കെഎസ്ഇബി ജീവനക്കാർക്കെതിരായി നൽകിയ പരാതിയുമായി മുന്നോട്ട് പോകുമെന്നും നിയമ പോരാട്ടം തുടരുമെന്നും മറിയം പറഞ്ഞു.

വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഓഫീസ് തല്ലി തകർക്കുകയും ചെയ്തു എന്ന കേസിൽ സഹോദരങ്ങളായ അജ്മൽ, ഫഹദ് എന്നിവർക്കെതിരെ പൊലീസ് നടപടി തുടരുന്നതിനിടെ കെഎസ്ഇബി സ്വീകരിച്ച കേട്ടുകേള്‍വിയില്ലാത്ത നടപടി വ്യാപക വിമർശനത്തിനാണ് വഴിവെച്ചത്. തിരുവമ്പാടി സ്വദേശി റസാക്കിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധമാണ് കെഎസ്ഇബി ഇന്നലെ ഉച്ചയോടെ വിച്ഛേദിച്ചത്. റസാക്കിന്റെ മക്കളായ അജ്മലും ഫഹദ് തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിനെ തുടർന്നായിരുന്നു കെഎസ്ഇബിയുടെ തിടുക്കപ്പെട്ട ഈ തീരുമാനം. എന്നാൽ മക്കൾ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുന്ന കെഎസ്ഇബിയുടെ നടപടി വലിയ വിമർശനത്തിനും പ്രതിഷേധത്തിനും വഴിവെച്ചതോടെയാണ് തീരുമാനത്തിൽ നിന്ന് പിന്മാറാൻ കെഎസ്ഇബി തീരുമാനിച്ചത്.

തിരുവമ്പാടിയിൽ സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ച സംഭവം വിവാദമായതിന് പിന്നാലെ സർക്കാർ നിർദ്ദേശപ്രകാരം ഇടപെട്ട് കളക്ടർ. വിഷയം പ്രതി അജ്മലിന്റെ പിതാവ് റസാഖുമായും വീട്ടുകാരുമായി ചർച്ച ചെയ്യാൻ കളക്ടർ താമരശ്ശേരി തഹസിൽദാരെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി തഹസിൽദാർ കെഎസ്ഇബി ഉദ്യോഗസ്ഥരുമായും റസാഖിന്റെ കുടുംബവുമായും ചർച്ച നടത്തി. ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് സത്യവാങ്മൂലം നൽകണമെന്ന് തഹസീൽദാർ നിർദ്ദേശിച്ചു. എന്നാൽ സത്യവാങ്മൂലത്തിൽ ഒപ്പ് വെക്കാൻ റസാക്കും കുടുംബവും തയ്യാറായില്ല. മക്കൾ ചെയ്ത അക്രമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നതടക്കമുള്ള പരാമർശങ്ങൾ ഉൾപ്പെട്ടതായിരുന്നു സത്യവാങ്മൂലം.

കെഎസ്ഇബിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ എസ് ഇ ബി ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പരാതി പരിശോധിച്ച് 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂ നാഥ് ആവശ്യപ്പെട്ടു.

തിരുവമ്പാടി സ്വദേശി യു.സി. അജ്മൽ ഉള്ളാട്ടിൽ എന്ന യുവാവിന്റെ വീട്ടിലെ കണക്ഷനാണ് കെ എസ് ഇ ബി വിഛേദിച്ചത്. ഇതിനെതിരെ സെക്ഷൻ ഓഫീസിൽ പ്രതിഷേധിക്കാനെത്തിയ യുവാവിന്റെ പ്രായമായ പിതാവ് ഹൃദ്രോഗ ബാധിതനായി ആശുപത്രിയിലാണ്. കെഎസ്ഇ ബി സി എം ഡിയുടെ നിർദ്ദേശ പ്രകാരമാണ് കണക്ഷൻ വിഛേദിച്ചതെന്നാണ് വാർത്തകൾ. അജ്മലിന്റെ വീട്ടിലുള്ള ബിൽ ഓൺലൈനായി അടച്ചങ്കിലും കണക്ഷൻ വിഛേദിച്ചെന്നാണ് പരാതി. ഇതിന്റെ പേരിലാണ് യുവാവും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായത്.മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Sorry!! It's our own content. Kodancherry News©