ലോക വിനോദസഞ്ചാര ഭൂപടത്തിൽ മലബാർ റിവർ ഫെസ്റ്റിവൽ ഇടം നേടിയതായി ലിന്റോ ജോസഫ് എംഎൽഎ

8 രാജ്യങ്ങളിൽ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കർമാർ 19 മുതൽ എത്തിതുടങ്ങും

സംഘാടക സമിതി അവലോകന യോഗം ചേർന്നു

പത്താം എഡിഷൻ ഈ മാസം 25 ന് തുടങ്ങാനിരിക്കെ ചാലിപ്പുഴയിലും ഇരുവഞ്ഞിയിലും മീൻതുള്ളിപ്പാറയിലും സാഹസികതയുടെ ആവേശ തുഴയെറിയുന്നമലബാർ റിവർ ഫെസ്റ്റിവൽ ഇതിനകം തന്നെ ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയതായി ലിന്റോ ജോസഫ് എംഎൽഎ. “പത്താം പതിപ്പിന്റെ പ്രീ-ഇവന്റുകൾ നടന്നുകൊണ്ടിരിക്കുന്ന എട്ട് ഗ്രാമപഞ്ചായത്തുകളിലും മുക്കം മുനിസിപ്പാലിറ്റിയിലും വലിയ ആവേശമാണ് ഫെസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്,” കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന മലബാർ റിവർ ഫെസ്റ്റ് സംഘാടകസമിതിയുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ എംഎൽഎ അഭിപ്രായപ്പെട്ടു.

പ്രീ-ഇവന്റുകളിൽ തിരുവമ്പാടിയിൽ നടന്ന മീൻ പിടുത്ത മത്സരവും പുലിക്കയം കൈനടി എസ്റ്റേറ്റിൽ നടന്ന ഓഫ്‌റോഡ് സംസ്ഥാന ചാമ്പ്യൻഷിപ്പും വലിയ തോതിൽ ജനശ്രദ്ധ നേടി. ലോകത്തിലെ ഏറ്റവും വലിയ ഓഫ്‌റോഡ് ചാമ്പ്യൻഷിപ്പായ ഗോവയിൽ നടക്കുന്ന ആർഎഫ്സി (റെയിൻ ഫോറസ്റ്റ് ചലഞ്ച്) അടുത്ത വർഷം കോടഞ്ചേരിയിൽ എത്തിക്കാനുള്ള പ്രവർത്തനം തുടങ്ങിയതായി എംഎൽഎ അറിയിച്ചു.

പ്രീ-ഇവെന്റുകളിൽ മൂന്ന് ജില്ലകളിൽ നിന്ന് കോടഞ്ചേരിയിലേക്ക് നടത്തുന്ന സൈക്കിൾ റാലി, സംസ്ഥാനതല കബഡി മത്സരം, മഡ് ഫുഡ്‌ബോൾ, ചളിയുത്സവം, നീന്തൽ മത്സരം, വാട്ടർപോളോ, ട്രെക്കിങ് എന്നിവ വരും ദിവസങ്ങളിൽ നടക്കും. പ്രീ-ഇവന്റുകളിലും റിവർ ഫെസ്റ്റിലും നാട്ടുകാരുടെ പങ്കാളിത്തം പ്രധാനമാണെന്ന് യോഗത്തിൽ സംസാരിച്ച ഫെസ്റ്റിന്റെ സംഘാടകസമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ചൂണ്ടിക്കാട്ടി.

ഈ മാസം 25 മുതൽ 28 വരെ നടക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വർണാഭമായ ഘോഷയാത്ര 24 ന് വൈകീട്ട് മൂന്ന് മണി മുതൽ കോടഞ്ചേരി ടൗണിൽ നടത്താൻ തീരുമാനിച്ചു.

പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പുലിക്കയത്ത് ജൂലൈ 16 ന് വൈകീട്ട് മൂന്ന് മണിക്കും പുല്ലുരാംപാറയിൽ 17 ന് രാവിലെ 11 മണിക്കും യോഗങ്ങൾ ചേരും. യോഗത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെഎടിപിഎസ്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിനു കുര്യാക്കോസ് വിവിധ സബ്കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജോൺസൺ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ദിവ്യ ഷിബു, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ചിന്ന അശോകൻ, അസി. കളക്ടർ ആയുഷ് ഗോയൽ, ഡിടിപിസി സെക്രട്ടറി നിഖിൽ ദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ സബ് കമ്മിറ്റി കൺവീനർമാർ, പോലിസ്, അഗ്നിശമന സേന, ആരോഗ്യം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പുകളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

അന്താരാഷ്ട്ര കയാക്കർമാർ 19 മുതൽ എത്തിതുടങ്ങും.

മലബാർ റിവർ ഫെസ്റ്റിൽ തുഴയെറിയാൻ 8 രാജ്യങ്ങളിൽ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കർമാർ ജൂലൈ 19 മുതൽ എത്തി തുടങ്ങും. ബെഞ്ചമിൻ ജേക്കബ് (ഫ്രാൻസ്), മനു വാക്രനഗൽ (ന്യൂസിലാന്റ്), എറിക് ഹാൻസൻ (നോർവേ), മാർട്ടിന റോസ്സി, പൗളോ രോഗ്ന (ഇരുവരും ഇറ്റലി), മരിയ കോറിനവ, ഡാരിയ കുഴിസ്ചേവ, ആന്റൺ സ്വെഷ്നികോവ് (മൂവരും റഷ്യ), മൈക് ക്രൂട്ടൻസ്കി (സ്പെയിൻ) എന്നിവരാണ് പങ്കാളിത്തം സ്ഥിരീകരിച്ചത്. മനു വാക്രനഗൽ ജൂലൈ എട്ടിനു തന്നെ എത്തി പരിശീലനം തുടങ്ങിക്കഴിഞ്ഞു. ഇതിന് പുറമെ നേപ്പാളിൽ നിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നും കയക്കർമാർ എത്തും.

ഈ ആഴ്ചയിലെ പ്രീ-ഇവന്റുകൾ

1. ജൂലൈ 13 : വൈകീട്ട് മൂന്ന് മണിക്ക് ഓമശ്ശേരി റൊയാദ് ഫാം ഹൗസിൽ മഡ് ഫുട്ബോൾ. 2. ജൂലൈ 13 : കോടഞ്ചേരി പുലിക്കയം മരിയൻ ഇൻഡോർ സ്റ്റേഡിയത്തിൽ വൈകീട്ട് ആറിന് ഷട്ടിൽ ടൂർണമെന്റ്. 3. ജൂലൈ 14: മുക്കം ടൗണിൽ സംസ്ഥാനതല കബഡി ചാമ്പ്യൻഷിപ്പ് രാവിലെ 9 മുതൽ. 4. ജൂലൈ 14: കോഴിക്കോട് ചെറുവണ്ണൂർ ജെല്ലി ഫിഷ് വാട്ടർ സ്‌പോർട്സ് കേന്ദ്രത്തിൽ കയാക്കിങ് ഫോർ ബിഗിനേഴ്സ്, രാവിലെ 9.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Sorry!! It's our own content. Kodancherry News©