പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
കോടഞ്ചേരി: പൂളവള്ളി മുറംപാത്തി റോഡിൽ പൂളപ്പാറയിൽ ഏകദേശം ഒരു മാസത്തോളമായി കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. റോഡിന്റെ നടുഭാഗത്ത് കൂടി വെള്ളം പരന്നൊഴുകുകയാണ്. ഇതുമൂലം പല ഉയർന്ന പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തുന്നില്ല.
മഴക്കാലം ആണെങ്കിലും ഈ ഭാഗത്തെ പല കുടുംബങ്ങളും ഇപ്പോഴും കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള സ്രോതസ്സാണ് ഉപയോഗിക്കുന്നത്. റോഡിൽ കൂടി എപ്പോഴും വെള്ളം പരന്നൊഴുകുന്നതുകൊണ്ട് കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എത്രയും പെട്ടെന്ന് അധികൃതർ ഇടപെട്ട് ഇതിന് ഒരു പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.