വയനാട്ടിൽ വനപാതയിൽ കുടുങ്ങിയ 500 ഓളം പേരെ രക്ഷപ്പെടുത്തി
വയനാട്: കനത്ത മഴയിൽ സംസ്ഥാനത്ത് പല ജില്ലകളിലും മഴക്കെടുതി തുടരുന്നു. വയനാട് പൊൻകുഴി ഭാഗത്ത് ദേശീയ പാത 766 ലെ വെള്ളക്കെട്ട് കാരണം മുത്തങ്ങ വനമേഖലയിൽ കുടുങ്ങി കിടന്നിരുന്ന എല്ലാവരെയും പുറത്തെത്തിച്ചു. വനമേഖയിൽ കുടുങ്ങിയ 500 ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്. കനത്ത മഴയ്ക്കിടെ ആയിരുന്നു പൊലീസിൻ്റെയും ഫയർ ഫോഴ്സിൻ്റെയും രക്ഷാ ദൗത്യം. കെഎസ്ആര്‍ടിസി ബസുകൾ, ലോറികൾ, കാറുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങളിലായി അഞ്ഞൂറോളം പേരാണ് വനമേഖലയിൽ ഉണ്ടായിരുന്നത്. വയനാട് രാത്രി മഴയുണ്ടായിരുന്നെങ്കിലും രാവിലെ ശമനമുണ്ട്. വയനാട്ടിൽ 682 കുടുംബങ്ങളിൽ നിന്നായി 2281 പേരാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്.
കോഴിക്കോട് ജില്ലയിലെ മലയോരമേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും മഴക്കെടുതികൾ തുടരുന്നു. കക്കയം ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ അധിക ജലം തുറന്നു വിടാൻ സാധ്യതയുണ്ട്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. ചാലിയാറിലും ഇരുവഞ്ഞിപ്പുഴയിലും ചെറുപുഴയിലും പൂനൂർ പുഴയിലും ജലനിരപ്പ് ഉയർന്നു. ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുറന്നു.ഇന്നലെയുണ്ടായ മഴയില്‍ വെള്ളം കയറിയും മരങ്ങള്‍ വീണും മണ്ണിടിഞ്ഞും മറ്റുമായി 21 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പല സ്ഥലത്തും തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല.
ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് വെള്ളം കയറിയ മാവൂർ കൂളിമാട് ചേന്ദമംഗലൂർ റോഡിൽ ഗതാഗതം പുനസ്ഥാപിക്കാനായില്ല. ഇതു വഴിയുള്ള ഗതാഗതം നാട്ടുകാർ ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ചാലിയാറിലും ജലനിരപ്പ് ഉയർന്നു. മാവൂരിലെ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
വനമേഖലയിൽ രാത്രി കുടുങ്ങിയ വാഹനങ്ങൾ പുറത്തെത്തിക്കുന്നതിനിടെ നേരിട്ടത് വലിയ വെല്ലുവിളികൾ
കനത്ത മഴയെത്തുടര്‍ന്ന് വയനാട്ടിലെ മുത്തങ്ങ വനമേഖലയിൽ വെള്ളക്കെട്ടിൽ രാത്രി കുടുങ്ങിയവരെ പുറത്തെത്തിച്ചത് ദീർഘനേരത്തെ രക്ഷാപ്രവർത്തനത്തിലൂടെ. 500 ഓളം പേരാണ് ദേശീയപാതയിൽ കുടുങ്ങിയത്. വെള്ളക്കെട്ടിൽപ്പെട്ട് കേടായ വാഹനങ്ങൾ പുറത്തു എത്തിക്കാൻ കഴിഞ്ഞിട്ടില്ല. കുടുങ്ങിയ വാഹനങ്ങളെ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് ബത്തേരി ഭാഗത്ത് എത്തിച്ചത്. രാത്രി കുടുങ്ങിയ വാഹനങ്ങൾ പുറത്തെത്തിച്ചപ്പോൾ നേരം പുലർച്ചെയായി.
ചെറുവാഹനങ്ങൾ മുതൽ ടൂറിസ്റ്റ് ബസുകൾ വരെ മുത്തങ്ങ വനമേഖലയിലെ വെള്ളക്കെട്ടിൽ കുടുങ്ങിയിരുന്നു. വെള്ളക്കെട്ടിൽപ്പെട്ട് നിരവധി വാഹനങ്ങൾ കേടായി. പൊലീസ്, ഫയർ ഫോഴ്സ്, സന്നദ്ധ സംഘടനകൾ, വാട്ട്സ്ആപ്പ് കൂട്ടായ്മകൾ, നാട്ടുകാർ എന്നിവരുടെയൊക്കെ നേതൃത്വത്തിലാണ് രാത്രി ഏറെ വൈകിയും വാഹനങ്ങൾ പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നത്. കെഎസ്ആർടിസി ബസ് ഉൾപ്പെടെ എത്തിച്ചാണ് ആളുകളെ ബത്തേരിയിലേക്ക് കൊണ്ടുപോയത്.
ട്രംക്കിംഗ് പാത വഴി ആളുകളെ പുറത്തെത്തിക്കാൻ ഒരുഘട്ടത്തിൽ ശ്രമങ്ങൾ നടന്നെങ്കിലും കാട്ടാന ഭീഷണിയെത്തുടർന്ന് ഇതിൽ നിന്ന് പിന്തിരിയേണ്ടിവന്നു. ഒരു ഘട്ടത്തിൽ കാട്ടാനയെ മുഖാമുഖം കാണുന്ന സ്ഥിതിയുമുണ്ടായി. പിന്നീടാണ് വാഹനങ്ങളും ക്രെയിനും ഉപയോഗിച്ചുകൊണ്ട് നീണ്ട നേരത്തെ പരിശ്രമത്തിലൂടെ വാഹനങ്ങളെ ബത്തേരിയിലേക്ക് മാറ്റിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് അവധി. എന്നാല്‍, കാസർകോട്, കോഴിക്കോട് ജില്ലകളില്‍ കോളേജുകൾ പ്രവര്‍ത്തിക്കും. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. അതേസമയം, മലപ്പുറത്ത് അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഇടുക്കിയിൽ ദേവികുളം താലൂക്കിലെയും ചിന്നക്കനാൽ പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും.