കാട്ടുപന്നിയെ തടയുന്നതിന് സ്ഥാപിച്ച വേലി തകർത്ത സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടിയെടുക്കണം കർഷക കോൺഗ്രസ്
കോടഞ്ചേരി: കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ തടയുന്നതിന് സ്ഥാപിച്ച വേലി രാത്രിയുടെ മറവിൽ തകർത്ത സാമൂഹ്യവിരുദ്ധർക്കെതിരെ അടിയന്തരമായി നടപടിയെടുക്കണമെന്ന് കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം പ്രവാസിയായ പുതുക്കാട്ടിൽ റോയിയുടെ ഉടമസ്ഥയിലുള്ള സ്ഥലത്ത് സ്ഥാപിച്ച വേലിയാണ് സാമൂഹ്യവിരുദ്ധർ തകർത്തത്.
കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡണ്ട് സാബു അവണ്ണൂർ, ജില്ലാ സെക്രട്ടറി സാബു മനയിൽ,ലൈജു അരീപ്പറമ്പിൽ,രാജേഷ് കുന്നത്ത്, ഷിന്റോ കുന്നപ്പള്ളി, സണ്ണി വലിയമറ്റം തുടങ്ങിയവർ കൃഷിസ്ഥലം സന്ദർശിച്ചു.
റോയിയുടെ പിതാവ് പുതുക്കാട്ടിൽ രാജു കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.