സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് നടത്തി
വേളങ്കോട്: വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ 2024 – ’25 അധ്യയന വർഷത്തെ സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡർ ചെയർമാൻ എന്നീ സ്ഥാനങ്ങളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിൽ സ്കൂൾ ലീഡർ ആയി പത്താം ക്ലാസ് വിദ്യാർത്ഥിയായ അക്സൽ റൂബി മാർക്കോസും ചെയർമാനായി പത്താം ക്ലാസ് വിദ്യാർത്ഥി ആദ്യ വിനോദും തിരഞ്ഞെടുക്കപ്പെട്ടു. പ്രൈമറി സ്കൂൾ ലീഡർ ആയി അലന്റ മരിയ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. പൊതു തിരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു സ്കൂളിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിയത്. സ്ഥാനാർത്ഥികളെ പരിചയപ്പെടുവാനും വോട്ട് അഭ്യർത്ഥിക്കുവാനും കുട്ടികൾക്ക് അവസരം ലഭിച്ചു. പോളിംഗ് ബൂത്തും, ബാലറ്റ് പേപ്പറും, ബാലറ്റ് പെട്ടിയും ഇലക്ഷൻ യാഥാർത്ഥ്യമാക്കുകയായിരുന്നു. പ്രിസൈഡിങ് ഓഫീസറും, റിട്ടേണിംഗ് ഓഫീസറും, മറ്റ് ഓഫീസർമാരും കുട്ടികൾ തന്നെയായിരുന്നു. വോട്ടിങ്ങിനു ശേഷം വിരൽത്തുമ്പിൽ ലഭിച്ച മഷി അടയാളം കൂടെയായപ്പോൾ കുട്ടികൾ അക്ഷരാർത്ഥത്തിൽ ഒരു തിരഞ്ഞെടുപ്പിലെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോയി. ബാലറ്റ് എണ്ണുന്നതിലും കുട്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ട എല്ലാ ക്രമീകരണങ്ങളും നടത്തിയ അധ്യാപകരായ സിസ്റ്റർ അഞ്ജന, മാർട്ടിൻ, ഉഷ, സലീല, സിസ്റ്റർ നിസ്തുല, ഷിബിത, അജയ്, നീന, ഗിൽഡ എന്നിവരെയും വിജയികളായ വിദ്യാർത്ഥികളെയും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്ഐസി എല്ലാവരുടെയും സാന്നിധ്യത്തിൽ അനുമോദിച്ചു.